ഖനനാനുമതി അപേക്ഷകളില്‍ ഇനി വേഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ഖനനാനുമതിക്കുള്ള അപേക്ഷകളില്‍ തീരുമാനം വേഗത്തിലാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍. ജില്ലാ ജിയോളജിസ്റ്റുകളുടെ സംസ്ഥാനതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയതോടെ നിരവധി ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായി. ഒപ്പം ക്വാറി ഉല്‍പന്നങ്ങള്‍ക്ക് ലഭ്യതക്കുറവ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. പാരിസ്ഥിതിക അനുമതിക്കായി നല്‍കിയ അപേക്ഷകളില്‍ ഇനിയും തീര്‍പ്പാക്കാനുള്ള കേസുകളില്‍ അടിയന്തര നടപടി കൈക്കൊള്ളും. ജില്ലാതല അപ്രൈസല്‍ കമ്മിറ്റികള്‍ സ്ഥലപരിശോധന നടത്തി ജില്ലാതല അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യുന്ന കേസുകള്‍ അടിയന്തരമായി തീര്‍പ്പാക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാകാത്ത നിലയില്‍ ക്വാറി ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
ആഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, സെക്രട്ടറി സഞ്ജയ് എം കൗള്‍, വകുപ്പു മേധാവികള്‍, ജിയോളജിസ്റ്റുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it