kannur local

ഖനനത്തിനിടെ സ്‌ഫോടനം: കമ്പനിക്കെതിരേ കേസെടുക്കണമെന്ന് എംഎല്‍എ

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് വെടിമരുന്ന് ഉപയോഗിച്ചു നടത്തിയ സ്‌ഫോടനത്തില്‍ കാര, കല്ലേരിക്കര പ്രദേശങ്ങളില്‍ നൂറിലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ നിര്‍മാണ കമ്പനിക്കെതിരേ കേസെടുക്കണമെന്ന് ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
നാശനഷ്ടമുണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ കമ്പനിക്ക് സ്‌ഫോടനം നടത്താന്‍ ലൈസന്‍സില്ല. ഉപയോഗിക്കാന്‍ പാടില്ലാത്ത അളവില്‍ വെടിമരുന്ന് ഉപയോഗിച്ച് പാറപൊട്ടിച്ച് വീടുകള്‍ക്ക് നാശംവരുത്തയവര്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് തയ്യാറാകണം. വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം. പദ്ധതി പ്രദേശത്ത് സ്‌ഫോടനത്തിലൂടെ ഖനനം നടത്തുന്നത് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെയാണ്.
ഇനിയും ഇത്തരത്തില്‍ സ്‌ഫോടനത്തിലൂടെ ഖനനം നടത്തിയാല്‍ തടയും. സ്‌ഫോടനത്തില്‍ തകരാറ് സംഭവിച്ച വീടുകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. കുടുംബങ്ങള്‍ക്കുണ്ടായ യഥാര്‍ഥ നഷടപരിഹാരം നല്‍കാന്‍ തയ്യാറാകണം. ചില്ലിക്കാശ് നല്‍കി ജനങ്ങളെ കബളിപ്പിക്കാന്‍ അനുവദിക്കില്ല. നിയമവിരുദ്ധമായി സ്‌ഫോടനം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നാലര മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് വന്‍തോതില്‍ വെടിമരുന്ന് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതിനാല്‍ വീടുകള്‍ തകര്‍ച്ചാഭീഷണിയിലായത്. ഇതിന് കാരണം നിര്‍മാണ കരാര്‍ കമ്പനിയായ എല്‍ ആന്റ് ടിയുടെ നിരുത്തരവാദ സമീപനമാണ്.
ലാഭമുണ്ടാക്കാനുള്ള ആര്‍ത്തിയില്‍ സമീപവാസികളുടെ സുരക്ഷപോലും പരിഗണിക്കാതെ ഉഗ്രസ്‌ഫോടനമുണ്ടാക്കുകയാണ്. നേരത്തെ വീടുകള്‍ക്ക് കേട് പറ്റിയപ്പോള്‍ വന്‍തോതില്‍ വെടിമരുന്നുപയോഗിച്ച് ഖനനം നടത്തില്ലെന്ന് കിയാലും എല്‍ ആന്റ് ടിയും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ സമ്മതിച്ചിരുന്നു. ഈ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. ഇപ്പോള്‍ വീടുകള്‍ക്ക് കേടുപറ്റിയവരില്‍ നിരവധി പുനരധിവാസ കുടുംബങ്ങളുമുണ്ട്. വിമാനത്താവള പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ട് മറ്റൊരുസ്ഥലത്തേക്ക് താമസം മാറേണ്ടിവന്ന കുടുംബങ്ങളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it