wayanad local

ഖനനം സര്‍ക്കാര്‍ ഭൂമിയില്‍ തന്നെയെന്നു റിപോര്‍ട്ട്‌

വെള്ളമുണ്ട: ബാണാസുര വാളാരംകുന്നില്‍ കരിങ്കല്‍ ഖനനം നടത്തുന്നതു സര്‍ക്കാര്‍ ഭൂമിയില്‍ തന്നെയെന്നു തെളിവ് സഹിതം വില്ലേജ് ഓഫിസറുടെ റിപോര്‍ട്ട്. സ്ഥലപരിശോധന നടത്തിയ ശേഷം മാനന്തവാടി സബ് കലക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടിലാണ് അനധികൃത ഖനനം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നത്. ഈ മാസം 24നാണ് സബ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല സംഘം സ്ഥലപരിശോധന നടത്തിയിരുന്നു. അത്താണി ക്വാറി പ്രവര്‍ത്തിക്കുന്നതു സര്‍ക്കാര്‍ ഭൂമി കൈയേറിയാണെന്നു നേരത്തേ വെള്ളമുണ്ട വില്ലേജ് ഓഫിസര്‍ സബ് കലക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ സംശയം ഉന്നയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് വിശദമായ പരിശോധനയും തെളിവെടുപ്പും താലൂക്ക് സര്‍വേയര്‍മാരും വില്ലേജ് ഓഫിസറും ചേര്‍ന്നു നടത്തിയത്. 2009ല്‍ വെള്ളമുണ്ട വില്ലേജില്‍ നിന്നു നല്‍കിയ ലൊക്കേഷന്‍ സ്‌കെച്ച് പ്രകാരം ഖനനം നടത്തുന്ന ക്വാറിയുടെ അതിരുകള്‍ പട്ടയ സ്‌കെച്ച് പ്രകാരമല്ലെന്നു കണ്ടെത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. 1.978 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റേതാണെന്നാണ് റിപോര്‍ട്ടിലുള്ളത്. വില്ലേജ് ഓഫിസര്‍ നല്‍കിയ റിപോര്‍ട്ട് പ്രകാരം സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടന്നു. ഇതും  റിപോര്‍ട്ടിനെ സാധൂകരിക്കുന്നതാണെന്നാണ് വിവരം. അതേസമയം, സമീപത്തുള്ള നാല് ആദിവാസി വീടുകള്‍ 50 മീറ്റര്‍ പരിധിക്കുള്ളിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുമ്പും ക്വാറിയുടമ, അനുവദിച്ച സ്ഥലത്ത് ഖനനം നടത്താതെ ആദിവാസി ഭൂമി കൈയേറി ഖനനം നടത്തിയിരുന്നു.
നിരവധി സമരങ്ങള്‍ക്കൊടുവിലാണ് ഇതു വില്ലേജ് ഓഫിസര്‍ റിപോര്‍ട്ട് ചെയ്തത്. പിന്നീട് പിഴയടച്ച ശേഷം നിലവില്‍ പാറ പൊട്ടിക്കുന്ന സ്ഥലത്ത് ഖനനം തുടങ്ങുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന വില്ലേജ് ഓഫിസര്‍ അടക്കമുള്ളവര്‍ നല്‍കിയ വഴിവിട്ട സഹായങ്ങളാണ് ബാണാസുരമലയെ തകര്‍ക്കുന്ന വിധത്തില്‍ മലതുരന്ന് ഖനനം നടത്താന്‍ വഴിയൊരുക്കിയതെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it