Religion

ഖദീജയുടെ മനം കവര്‍ന്ന കച്ചവടക്കാരന്‍

ഇംതിഹാന്‍ ഒ അബ്ദുല്ല

ഖദീജ ബിന്‍ത് ഖുവൈലിദ് ബനൂ അസദ് ഗോത്രക്കാരിയായ വര്‍ത്തക പ്രമാണിയായിരുന്നു. കുലീനയായിരുന്ന അവര്‍ മഖ്‌സൂം ഗോത്രവുമായി രണ്ട തവണ വിവാഹബന്ധത്തിലേര്‍പ്പെടുകയുണ്ടായി. രണ്ടു തവണയും വിധവയായ അവര്‍ പുനര്‍വിവാഹിതയാവാതെ തന്റെ ശ്രദ്ധമുഴുവന്‍ കച്ചവടത്തിലര്‍പ്പിച്ചിരിക്കുകയായിരുന്നു. നേരിട്ട് കച്ചവടത്തില്‍ പങ്കെടുക്കാതെ വിശ്വസ്തരും സമര്‍ത്ഥരുമായ പുരുഷന്‍മാരെ വ്യാപാരപങ്കാളികളായി നിശ്ചയിച്ച് അവര്‍ക്കാവശ്യമായ മൂലധനം നല്‍കി മുളാറബത്ത് രീതിയിലുളള കച്ചവടമാണ് അവര്‍ അനുവര്‍ത്തിച്ചിരുന്നത്.
സമാഗതമാവാന്‍ പോവുന്ന  ഗ്രീഷ്മകാലത്ത് ശാമിലേക്കുളള യാത്രാസംഘത്തെ നയിക്കാന്‍ പ്രാപ്തനായ വ്യക്തിയെ അന്വേഷിക്കുകയായിരുന്നു ഖദീജ. അവരുടെ എല്ലാ അന്വേഷണങ്ങളും ചെന്നെത്തി നിന്നത് അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദിലായിരുന്നു. മുഹമ്മദ് ഇതിനകം സായിബ്, ഖൈസ് ബ്‌നു സായിബ് എന്നിവരുടെ കച്ചവടസംഘങ്ങളെ സമര്‍ത്ഥമായും വിശ്വസ്തതയോടെയും കൈകാര്യം ചെയ്തത് പലരും ഖദീജയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ഖദീജയുടെ അന്വേഷണം മുഹമ്മദില്‍ എത്തിയ അതേ സമയത്തു തന്നെയാണ് ഖദീജയുടെ കച്ചവടസംഘത്തിന്റെ കാര്യം അബൂത്വാലിബ് മുഹമ്മദിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. അബൂത്വാലിബ് മകനോടു പറഞ്ഞു: മകനേ,ഞാനൊരു ദരിദ്രനാണ്. ക്ഷാമമാണെങ്കില്‍ എല്ലാറ്റിനെയും തിന്നുതീര്‍ത്തിരിക്കുന്നു. ഖുവൈലിദിന്റെ പുത്രി കച്ചവട സംഘത്തെ നയിക്കാന്‍ ആളുകളെ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ അവര്‍ സാധാരണ നല്‍കുന്ന രണ്ടൊട്ടകത്തിന്റെ ഇരട്ടി പ്രതിഫലമെങ്കിലും നമുക്ക് കിട്ടിയേ തീരൂ. നിനക്ക് താല്‍പര്യമാണെങ്കില്‍ ഞാന്‍ തന്നെ അവരോട് സംസാരിക്കാം. മുഹമ്മദിന്റെ സമ്മതത്തോടെ അബൂത്വാലിബ് ഖദീജയെ സന്ദര്‍ശിച്ചു തന്റെ സഹോദരപുത്രനു വേണ്ടി സംസാരിച്ചു. ഇരട്ടി പ്രതിഫലമെന്ന അബൂത്വാലിബിന്റെ നിര്‍ദ്ദേശത്തെ സന്തോഷപൂര്‍വ്വം അംഗീകരിച്ചു കൊണ്ട് ഖദീജ പറഞ്ഞു: അങ്ങയെപ്പോലുളെളാരാള്‍ ഒരകന്ന കൊളളരുതാത്തവനു വേണ്ടിയാണു ആവശ്യപ്പെടുന്നതെങ്കില്‍ പോലും ഞാനതിനു തയ്യാറാണ്. മുഹമ്മദിനെ പോലെ  കാര്യപ്രാപ്തിയും വിശ്വസ്ഥതതയും ഒത്തിണങ്ങിയ അങ്ങയുടെ സഹോദര പുത്രന് ഞാനതെന്തിനു നിഷേധിക്കണം.
മുഹമ്മദ് ചരക്കുകളുമായി ശാമിലേക്ക് യാത്ര തിരിച്ചു. ജോലിക്കാര്‍ക്കു പുറമേ ഖദീജയുടെ ഭൃത്യനായിരുന്ന മൈസറയുമുണ്ട് കൂടെ. മുഹമ്മദിന്റെ വിശിഷ്ഠമായ പെരുമാറ്റ രീതികളും ഉല്‍കൃഷ്ഠമായ സ്വഭാവഗുണങ്ങളും മൈസറയില്‍ അദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനാദരവുകള്‍ സൃഷ്ടിച്ചു. സംഘത്തലവനായിരുന്നിട്ടും അങ്ങേയറ്റത്തെ വിനയത്തോടു കൂടിയാണ് പെരുമാറ്റം. വിശ്രമ വേളകളില്‍ സംഘാംഗങ്ങളെപ്പോലെ തന്നെ ജോലികള്‍ ചെയ്യും. ഖുറൈശി ഗോത്രത്തിലെ ഉന്നത കുലജാതനാണെന്ന നാട്യമോ അഹങ്കാരമോ അശേഷമില്ല.അതിനേക്കാളേറെ അയാളെ അദ്ഭുതപ്പെടുത്തിയത് ആ ആകാശകാഴ്ചയായിരുന്നു. യാത്ര തുടങ്ങി സൂര്യന്‍ ചൂടുപിടിച്ച് തുടങ്ങുമ്പോഴേക്ക് ഒരു മേഘം എല്ലാദിവസവും തങ്ങള്‍ക്ക് തണല്‍ വിരിക്കുന്നു. വിശ്രമത്തിനായി വഴിയിലെവിടെയെങ്കിലും തങ്ങിയാലോ മേഘവും സഞ്ചാരം നിര്‍ത്തുന്നു. ഇദ്ദേഹം ഒരസാധാരണ മനുഷ്യന്‍ തന്നെ മൈസറ മനസ്സില്‍ കരുതി.
യാത്രാമധ്യേ ബോസ്ത്‌റയില്‍ സംഘം വിശ്രമത്തിനായി അല്‍പനേരം തങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബൂത്വാലിബിനൊപ്പം മുഹമ്മദ് നടത്തിയ യാത്രയില്‍ അവര്‍ വിശ്രമിച്ച അതേ മഠത്തിന്റെ സമീപം. നെസ്‌തോര്‍ എന്ന സന്യാസിയായിരുന്നു അന്നത്തെ മഠാധിപതി. സവാരിമൃഗങ്ങള്‍ക്ക് വെളളം നല്‍കാനായി മഠത്തിനരികിലേക്ക് പോയ മൈസറയോട് നെസ്‌തോര്‍ മരത്തണലില്‍ വിശ്രമിക്കുന്നത് ആരാണ് എന്നന്വേഷിച്ചു. കഅ്ബയുടെ സംരക്ഷകരായ ഖുറൈശീ നേതാവിന്റെ പുത്രനാണ് എന്ന് മൈസറ മറുപടി നല്‍കി. നെസ്‌തോര്‍ പറഞ്ഞു: ഈസായെ സത്യവുമായി അയച്ചവനാണ് സത്യം. ആ വിശ്രമിക്കുന്ന വ്യക്തി ഒരു സാധാരണക്കാരനല്ല. വേദങ്ങളില്‍ സുവിശേഷമറിയിക്കപ്പെട്ട വാഗ്ദത്ത പ്രവാചകനാണദ്ദേഹം.
സംഘം സിറിയയിലെത്തി. മുഹമ്മദിന്റെ കച്ചവട രീതി മൈസറയെ അമ്പരപ്പിച്ചു. ചരക്കുകള്‍ വില്‍ക്കുന്നതിന് കളവുപറയുന്നില്ലെന്നതോ പോകട്ടെ, ചരക്കുകളുടെ വാങ്ങാന്‍ വരുന്നവര്‍ക്ക് ദൃശ്യമല്ലാത്ത ന്യൂനതകള്‍ വരെ അദ്ദേഹം അവര്‍ക്ക് വിവരിച്ചു കൊടുത്തിട്ടും അവര്‍ തൃപ്തിപ്പെട്ടെങ്കില്‍ മാത്രമേ വില്‍പനയുളളൂ. പക്ഷെ അദ്ദേഹത്തിന്റെ സത്യസന്ധതയും വിശ്വസ്തതയും കാരണം ചന്തയില്‍ ഏറ്റവുമാദ്യം വിറ്റു തീര്‍ന്നത് തങ്ങളുടെ ചരക്കുകളാണ്. കണക്കു നോക്കിയപ്പോഴാകട്ടെ സാധാരണയില്‍ കവിഞ്ഞ ലാഭവും. സിറിയയിലെ ചന്തയില്‍ നിന്നും മക്കയില്‍ വിറ്റയിക്കാനുളള ചരക്കുകള്‍ വാങ്ങി സംഘം മടക്കയാത്രയാരംഭിച്ചു.
കച്ചവട സംഘം മക്കയോടടുക്കാറായി. മൈസറ മുഹമ്മദിനോട് ചരക്കുകള്‍ താന്‍ സാവകാശം എത്തിച്ചു കൊളളാമെന്നും വേഗം പോയി യജമാനത്തിയോട് കച്ചവടത്തിന്റെ വിശേഷങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടു. മുഹമ്മദ് വരുമ്പോള്‍ ഖദീജ മട്ടുപാവിലായിരുന്നു. പ്രകാശം പൊഴിക്കുന്ന മുഖവുമായി ഒട്ടകപ്പുറത്ത് വരുന്ന മുഹമ്മദിനെ കണ്ടപ്പോള്‍ തന്നെ ഖദീജയുടെ മനം കുളിര്‍ത്തു. അവര്‍ താഴേക്ക് ഇറങ്ങി വന്നു മുഹമ്മദിനെ സ്വീകരിച്ചു. യാത്രയെക്കുറിച്ചും കച്ചവടത്തെക്കുറിച്ചുമെല്ലാം മുഹമ്മദ് പ്രസന്നമായി വിവരിച്ചു. കച്ചവടത്തില്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിച്ചിരിക്കുന്നു. എന്നാല്‍ വിവരണത്തില്‍ അതിന്റെ വികാരതളളിച്ചയോ അഹങ്കാരമോ ഇല്ല. ഖദീജക്ക് മുഹമ്മദിന്റെ വ്യക്തിത്വത്തില്‍ അങ്ങേയറ്റത്തെ മതിപ്പ് തോന്നി. നിശ്ചയിച്ച പ്രതിഫലത്തിനു പുറമെ ധാരാളം പാരിതോഷികങ്ങളും നല്‍കി ഖദീജ മുഹമ്മദിനെ യാത്രയാക്കി.
മുഹമ്മദ് യാത്ര പറഞ്ഞിറങ്ങിയതിനു പിന്നാലെ മൈസറയും ഖദീജക്കു മുമ്പിലെത്തി. തന്റെ പുതിയ നായകനെക്കുറിച്ച് സംസാരിക്കാന്‍ നൂറു നാവായിരുന്നു മൈസറക്ക്. യാത്രയില്‍ അദ്ദേഹം പ്രകടിപ്പിച്ച സ്വഭാവ വൈശിഷഠ്യവും മഠാധിപതിയുടെ വാക്കുകളും സര്‍വ്വോപരി കച്ചവടത്തില്‍ പാലിച്ച സത്യസന്ധതയും അതോടൊപ്പം കച്ചവടത്തിലുളള വൈദഗ്ധ്യവുമൊക്കെ മൈസറ ഖദീജയെ വിസ്തരിച്ചു കേള്‍പ്പിച്ചു.
മൈസറ വിടവാങ്ങിയതിനു പിന്നാലെ പൂമുഖത്തെ ചപ്രമഞ്ചക്കട്ടിലിലരുന്ന് ഖദീജ മനോരാജ്യത്തിലാണ്ടു. അവരുടെ മനോമുകുരത്തിലേക്ക് മുഹമ്മദിന്റെ സുന്ദര മുഖം തെളിഞ്ഞു വന്നു.  ഇരുപത്തഞ്ച് വയസ്സ് പ്രായം. ഒത്ത ഉയരം. അധികം തടിച്ചിട്ടുമല്ല,മെലിഞ്ഞിട്ടുമല്ല. വിശുദ്ധവും വിസ്താരമുളളതുമായ മുഖവക്ത്രം, കറുത്ത വിശാലമായ കണ്ണുകള്‍, നേര്‍ത്തതും കൂടിച്ചേര്‍ന്നതുമായ പുരികം, സുറുമയിട്ട കണ്‍തടം. ലജ്ജാഭാവത്തോടു കൂടിയ പതിഞ്ഞ നോട്ടം. ഖദീജക്ക് മുഹമ്മദിനോട് തോന്നിയ മതിപ്പ് അനുരാഗമായി മാറാന്‍ അധികം താമസം വേണ്ടി വന്നില്ല. ഖദീജ സ്വയം മറന്നിരിക്കുമ്പോഴാണ് അവരുടെ ഉറ്റ സ്‌നേഹിത നുസൈഫ അവിടേക്കു വന്നത്. ഖദീജയെ കണ്ടമാത്രയില്‍ തന്നെ എന്തൊ വിശേഷമുണ്ടെന്നവര്‍ ഊഹിച്ചു. കാര്യം തിരക്കിയ തോഴിയോട് ഖദീജ സംഗതി മറച്ചു വെച്ചില്ല.  തന്റെ മോഹത്തിന് പ്രായം  തടസ്സമാവുമോ എന്ന ആശങ്കയും മറച്ചുവെച്ചില്ല. നുസൈഫ ഖദീജയുടെ ആശങ്ക മുകളിലേ നുളളി. ഖദീജക്ക് പ്രായം നാല്‍പത് ആണ്് എന്നതു വാസ്തവം തന്നെ. പക്ഷെ അതിനര്‍ത്ഥം അവരുടെ താരുണ്യം നീങ്ങിപ്പോയെന്നല്ല. കേമന്‍മാരായ പല ഖുറൈശി പ്രമാണിമാരും വിവാഹാഭ്യര്‍ത്ഥനയുമായി ഖദീജയെ സമീപിച്ചിരുന്ന കാര്യവും നുസൈഫ ഓര്‍മ്മപ്പെടുത്തി. മുഹമ്മദിനെ താന്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ സംസാരിച്ച് കാര്യങ്ങള്‍ മംഗളകരമാക്കാമെന്ന് നുസൈഫ ഖദീജക്ക് വാക്ക് നല്‍കുകയും ചെയ്തു.
ഹറമിന്റെ പരിസരത്ത് വിശ്രമിക്കുകയായിരുന്ന മുഹമ്മദിനെ കണ്ടെത്തിയ നുസൈഫ നേരെ വിഷയത്തിലേക്കു കടന്നു. ' എന്താണ് ഉദ്ദേശം, എന്നും ഈ രീതിയില്‍ ജീവിക്കാനാണോ പരിപാടി.' നുസൈഫയുടെ ചോദ്യത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ മുഹമ്മദ് ' വിവാഹം കഴിക്കാനും ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും തക്ക സാമ്പത്തിക സ്ഥിതി എനിക്കില്ല.' എന്നാല്‍ അക്കാര്യമോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും അത്തരം ഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം താങ്കളെ ഒഴിവാക്കി തരാന്‍ തയ്യാറുളള സമ്പത്തും സൗന്ദര്യവും അന്തസ്സും ആഭിജാത്യവുമുളള ഒരു സ്ത്രീ തയ്യാറാണെന്നും നുസൈഫ അറിയിച്ചു. നുസൈഫയും ഖദീജയും തമ്മിലുളള ബന്ധമറിയാവുന്ന മുഹമ്മദ് ആ സ്ത്രീ ഖദീജയാണോയെന്നന്വേഷിച്ചു. നുസൈഫ അനുകൂല ഭാവത്തില്‍ തലകുനുക്കി. 'അതെങ്ങനെ നടക്കാനാണ്, ഖുറൈശി പ്രമാണിമാരുടെ വിവാഹാലോചനകള്‍ പോലും അവര്‍ നിരസിച്ചതാണ്' മുഹമ്മദിന് വിശ്വസിക്കാനാവുന്നില്ല. ഖദീജ ഖുറൈശീ പ്രമുഖരെ നിരസിച്ചത് അവര്‍ ഖദീജക്ക് പകരം അവരുടെ സമ്പത്തിനെയാണ് ആഗ്രഹിച്ചത് എന്നതു കൊണ്ടാണ്. ഖദീജ പരിഗണിക്കുന്നത് സമ്പത്തോ സാധ്വീനമോ അല്ല. മുഹമ്മദിന്റെ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളും കുലീനതയുമാണ് അവരെ ആകര്‍ഷിച്ചിരിക്കുന്നത്. നുസൈഫ കാര്യങ്ങള്‍ വിശദീകരിച്ചു. അതുകേട്ടതോടെ മുഹമ്മദിന് ആശ്വസാമായെന്നു മാത്രമല്ല തന്റെ ജീവിത പങ്കാളിയാക്കാന്‍ അര്‍ഹയായ കുലീനയാണ ഖദീജ എന്ന് ബോധ്യപ്പെടുകയും ചെയ്തു. നുസൈഫ ഏറ്റെടുത്ത കാര്യം വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം ഖദീജയെ അറിയിച്ചു. സന്തുഷ്ടയായ ഖദീജ മുഹമ്മദിനെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഖദീജയുടെ വസതിയിലെത്തിയ മുഹമ്മദിനോട് ഖദീജ പറഞ്ഞു: താങ്കളുമായുളള കുടംബ ബന്ധത്തിന്റെ(ഖദീജയുടെ പിതൃ പരമ്പര ഹാശിം കുടുംബവുമായി ചേരുന്നുണ്ട്) പേരില്‍ താങ്കളെ ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ എന്നും നിഷ്പക്ഷനായിരുന്നു. ഒരിക്കലും ജനങ്ങളുടെ കാര്യത്തില്‍ ഒന്നിനെച്ചൊല്ലിയും പക്ഷം ചേരുന്നില്ല. വിശ്വസ്തതയുടേയും സ്വഭാവമഹിമയുടേയും പേരില്‍ ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു.'
മുഹമ്മദ് കാര്യങ്ങള്‍ തന്റെ പിതൃവ്യന്‍മാരുമായി ചര്‍ച്ച ചെയ്തു. അബ്ദുല്‍ മുത്വലിബ് ബനൂഅസദുമായി സംസാരിക്കാന്‍ അവരുമായി ഉറ്റ ബന്ധമുളള സഹോദരന്‍ ഹംസയെ ചുമതലപ്പെടുത്തി. ഹംസ ഖദീജയുടെ പിതൃവ്യന്‍ അംറ് ബിന്‍ അസദുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വിവാഹം നിശ്ചയിച്ചു.
അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. നമ്മെ അവന്‍ പ്രവാചകന്‍മാരായ ഇബറാഹീം,ഇസമാഈല്‍ സന്തതികളില്‍ പെടുത്തി. മുഅദ്ദിന്റെ തറവാട്ടില്‍ നിന്നും മുളറിന്റെ ധാതുവില്‍ നിന്നുമായി പ്രത്യക്ഷപ്പെടുത്തി. അവന്‍ നമ്മെ അവന്റെ ഭവനത്തിന്റെ സൂക്ഷിപ്പുകാരും വിശുദ്ധ സ്ഥാനങ്ങളുടെ ഭരണ കര്‍ത്താക്കളുമാക്കി. അവയെ നമുക്ക് നിര്‍ഭയവും സുരക്ഷിതവുമായ ഗേഹങ്ങളാക്കിത്തീര്‍ത്തു. അവന്‍ നമ്മെ ജനങ്ങള്‍ക്കു മേല്‍ വിധി കര്‍ത്താക്കളാക്കി.
ഇത് എന്റെ സഹോദരന്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദാണ്. ബുദ്ധിവൈഭവം, ഉല്‍കൃഷ്ടത, മഹത്വം മുതലായ ഗുണങ്ങളില്‍ ഖുറൈശികള്‍ക്കിടയില്‍ അദിതീയനാണ് അവന്‍. ശരിയാണ്, അവന്‍ സാമ്പത്തികസ്ഥിതി കുറഞ്ഞവനാണ്. പക്ഷെ ഒന്നോര്‍ക്കണം,സമ്പത്ത് നീങ്ങി പോകുന്ന നിഴലും മടക്കിക്കൊടുക്കേണ്ട വായ്പയും മറയുന്ന ഒരു കാര്യവും മാത്രമാണ്. അല്ലാഹുവാണ് സത്യം, ഇവന് മഹത്തായ ഒരു ഭാവിയും ശ്രേഷ്ഠമായ സ്ഥാനവും വരാനിരിക്കുന്നു. നിങ്ങളില്‍ പെട്ട ഖദീജയെ വിവാഹം കഴിക്കാന്‍ മുഹമ്മദ് ആഗ്രഹിക്കുന്നു. വിവാഹമൂല്യമായി ഇരുപത് ഒട്ടകങ്ങളെ നല്‍കാന്‍ മുഹമ്മദ് സന്നദ്ധമാണ്.
നവവരന്‍ രണ്ട് ഒട്ടകങ്ങളെ അറുത്ത് സദ്യ നല്‍കി. ഖദീജയുടെ ആദ്യ വിവാഹങ്ങളില്‍ ജനിച്ച കുട്ടികള്‍ പാട്ടു പാടുകയും ദഫ്മുട്ടുകയും ചെയ്തു. മുഹമ്മദിന്റെ പോറ്റുമ്മ ഹലീമയും കുടുംബവും വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. സദ്ഗുണസമ്പന്നായ മുഹമ്മദിനെ ഭര്‍ത്താവായി ലഭിച്ചതില്‍ ഖദീജ അങ്ങേയറ്റത്തെ സന്തോഷവതിയായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം അവര്‍ പാരിതോഷികങ്ങള്‍ വാരിക്കോരി നല്‍കി. ഹലീമക്ക് ഒരൊട്ടത്തെയും നാല്‍പത് ആടുകളെയും ലഭിച്ചു. ഖദീജ അതി സമ്പന്നയാണ്. മുഹമ്മദ് ദരിദ്രനും. സമ്പത്തിലെ ഈ അന്തരം അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ബുദ്ധിമതിയായ ഖദീജ മുന്‍കൂട്ടി കണ്ടു. അവര്‍ തന്റെ ധനം മുഴുവന്‍ ഭര്‍ത്താവിന് സമര്‍പ്പിച്ചു. യഥേഷ്ടം വിനിയോഗിക്കാനുളള സ്വാതന്ത്യം നല്‍കി.
ജനനത്തിനു മുമ്പേ പിതാവും ബാല്യ പിന്നിടും മുമ്പേ മാതാവും പിതാമഹനും നഷ്ടപ്പെട്ട, വിധിയുടെ കടുത്ത പരീക്ഷണങ്ങള്‍ താണ്ടേണ്ടി വന്ന  തന്റെ സഹോദര പുത്രന് കരഗതമായ സൗഭാഗ്യം അബൂത്വാലിബിന്റെ മനം കുളിര്‍പ്പിച്ചു. നവദമ്പതികളെ ആശിര്‍വദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: വിഷമം ദുരീകരിക്കുകയും ദുഖം അകറ്റുകയും ചെയ്ത അല്ലാഹുവിന് സ്തുതി.
Next Story

RELATED STORIES

Share it