Gulf

ഖത്തറിലെ മെര്‍സ് ബാധിതന്‍ മരിച്ചു

ദോഹ: കഴിഞ്ഞ മാസം മെര്‍സ് രോഗ ബാധിതനായ 66കാരനായ സ്വദേശി മരിച്ചു. 2015 മെയ് മാസത്തിന് ശേഷം ഖത്തറില്‍ കണ്ടെത്തിയ ആദ്യ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) കൊറോണ വൈറസ് കേസായിരുന്നു ഇത്.
സ്വന്തമായി ആട്, ഒട്ടക ഫാം ഉള്ള ഇദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി, ചുമ, വയറിളക്കം, ശരീര വേദന എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹമദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ പരിശോധനയിലാണ് മെര്‍സ് സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു മുമ്പ് ഖത്തറില്‍ മെര്‍സ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം മേയ് 22നായിരുന്നു. രോഗ ബാധയെത്തുടര്‍ന്ന് 73കാരനായ ഖത്തരി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആകെ നാലു മെര്‍സ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മെര്‍സിനെ പ്രതിരോധിക്കുന്നതിനും മുന്‍കരുതലിനുമുള്ള നിര്‍ദേശങ്ങള്‍ ഖത്തര്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ട രോഗ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ഒട്ടകങ്ങളെ പരിചരിക്കുന്നവര്‍ നിര്‍ബന്ധമായും കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മാര്‍ക്കറ്റുകളിലും ഫാമുകളിലും മൃഗങ്ങളുടെ സമീപത്തും മറ്റും പോകുമ്പോള്‍ ജാഗ്രതയും ശുചിത്വവും പാലിക്കണം. മെര്‍സിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രമേഹം, ശ്വാസകോശ അസുഖങ്ങള്‍, വൃക്കരോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ഒട്ടകങ്ങളുമായി ഇടപഴകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it