ഖത്തറിലെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം: പ്രതീക്ഷയോടെ പ്രവാസികള്‍

എം ടി പി റഫീക്ക്

ദോഹ: ഖത്തറില്‍ പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധമായ 21ാം നമ്പര്‍ നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയതോടെ പ്രവാസികള്‍ പ്രതീക്ഷയില്‍. കരാര്‍ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടാതെ തൊഴില്‍ മാറാം, എക്‌സിറ്റ് പെര്‍മിറ്റ് സ്‌പോണ്‍സര്‍ തടഞ്ഞാല്‍ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാം എന്നിവയാണ് പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നത്.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തിയ്യതി മുതല്‍ ഒരു വര്‍ഷത്തിനു ശേഷമാണു നിയമം നടപ്പാവുക. പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമ മാറ്റത്തിന് ഇനിയും ചുരുങ്ങിയത് ഒരുവര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നാണു കരുതുന്നത്. 1963ലെ തൊഴില്‍ നിയമത്തിനാണു പുതിയ നിയമം നിലവില്‍വരുന്നതോടെ മാറ്റമുണ്ടാവുക. ഇതോടെ സ്‌പോണ്‍സര്‍ (കഫീല്‍), സ്‌പോണ്‍സര്‍ഷിപ്പ് (കഫാല), എക്‌സിറ്റ് പെര്‍മിറ്റ്(ഹുറൂജ്) തുടങ്ങിയ 50 വര്‍ഷത്തിലേറെ പഴക്കമുള്ള പ്രയോഗങ്ങള്‍ ഇല്ലാതാവും. അതിനു പകരം തൊഴിലുടമ, തൊഴിലാളി(പ്രവാസി തൊഴിലാളി) തുടങ്ങിയ പുതിയ പ്രയോഗങ്ങള്‍ വരും. പരസ്പരം അംഗീകരിച്ച് ഒപ്പിടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും തൊഴിലാളി, തൊഴിലുടമ ബന്ധം.
കരട് നിയമത്തിനു സപ്തംബര്‍ രണ്ടാംവാരത്തില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് അന്തിമ അനുമതിക്കായി അമീറിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. എല്ലാ നിയമങ്ങളെയും പോലെ അമീറിന്റെ അനുമതിക്കു ശേഷം ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരുവര്‍ഷത്തിനു ശേഷം മാത്രമേ നിയമം നടപ്പില്‍വരുത്താവൂ എന്ന് കരട് നിയമത്തിന്റെ 50ാം അനുഛേദത്തില്‍ പറയുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനാവശ്യമായ സാമൂഹിക, സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുന്നതിനും ഭരണ, ഉദ്യോഗസ്ഥ വിഭാഗത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിനുമാണ് ഇത്രയും സമയം അനുവദിക്കുന്നത്. നിയമത്തിലെ ഭേദഗതികള്‍ പാലിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സ്വകാര്യ കമ്പനികള്‍ക്കു സമയം ലഭിക്കാനും ഇതു സഹായിക്കും.
എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിന് യാത്രയ്ക്കു മൂന്നുദിവസം മുമ്പ് ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നല്‍കണമെന്ന് പുതിയ നിയമത്തിലുണ്ട്. ഇതിനകം സ്‌പോണ്‍സര്‍ തടസ്സം ഉന്നയിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് രാജ്യം വിടാവുന്നതാണ്.
സ്‌പോണ്‍സറുടെ തടസ്സവാദത്തില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്. അടിയന്തര സാഹചര്യത്തില്‍ മൂന്നുദിവസത്തിനകം പരാതിയില്‍ തീരുമാനമുണ്ടാക്കും. കരാര്‍ അവസാനിച്ചാലും സ്‌പോണ്‍സര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കിയില്ലെങ്കില്‍ രണ്ടുവര്‍ഷം കഴിയാതെ ഖത്തറിലേക്കു മടങ്ങാനാവില്ലെന്ന നിലവിലെ നിയമത്തിലും ഭേദഗതിയുണ്ട്. കരാര്‍ കാലാവധി അവസാനിച്ചാല്‍ രാജ്യം വിടാതെതന്നെ ജോലി മാറാവുന്നതാണ്. ഇതിന് അധികൃതരുടെ അനുമതി തേടണം. തൊഴിലുടമയുടെയും ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെയും അനുമതിയുണ്ടെങ്കില്‍ തൊഴില്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പുതന്നെ പുതിയ സ്‌പോണ്‍സറുടെ കീഴിലേക്കു മാറാവുന്നതാണ്.
ഓപണ്‍ കരാറില്‍ അഞ്ചു വര്‍ഷത്തിനു ശേഷം തൊഴില്‍ മാറ്റത്തിനു മന്ത്രാലയങ്ങളുടെ അനുമതിക്കു സമീപിക്കാവുന്നതാണ്. തൊഴിലുടമ മരിച്ചാലോ കമ്പനി ഇല്ലാതായാലോ ഇതേ രീതി സ്വീകരിക്കാം.
Next Story

RELATED STORIES

Share it