ഖത്തറിലെ ദുരിതങ്ങള്‍ക്ക് അറുതിയായി; മണി ആശാരി നാട്ടിലെത്തി

ഖത്തറിലെ ദുരിതങ്ങള്‍ക്ക് അറുതിയായി;  മണി ആശാരി നാട്ടിലെത്തി
X
Mani-asari

തിരുവനന്തപുരം: ആറുമാസത്തെ ദുരിതജീവിതത്തിനു ശേഷം തിരുവനന്തപുരം സ്വദേശി മണി ആശാരി ഖത്തറില്‍ നിന്നു നാട്ടിലെത്തി. വക്‌റയിലെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന മണി ആശാരി ആറു മാസമായി ശമ്പളമില്ലാതെ ദുരിതം നേരിടുകയായിരുന്നു. രണ്ട് ഇന്ത്യക്കാരും 27 നേപ്പാളികളുമാണ് ഭക്ഷണം പോലുമില്ലാതെ നിര്‍മാണ മേഖലയില്‍ കുടുങ്ങിയത്. ഇതുസംബന്ധിച്ച് ഗള്‍ഫ് തേജസില്‍ വാര്‍ത്ത വന്നതോടെ ഇവരുടെ മോചനത്തിനു വഴിയൊരുങ്ങി.
തൊഴിലാളികളുടെ ദയനീയ സ്ഥിതി മനസിലാക്കി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പബ്ലിക് റിലേഷന്‍സ് ഇന്‍ചാര്‍ജ് ബഷീര്‍ കടിയങ്ങാടിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. ഖത്തറിലെ ഇവരുടെ സ്‌പോണ്‍സറുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സംസാരിച്ചതോടെയാണ് മോചനത്തിനു വഴിതുറന്നത്. ഖത്തറില്‍ നിന്ന് എക്‌സിറ്റ് ലഭിച്ചതോടെ ഇന്നലെ നാട്ടിലേക്കു പുറപ്പെട്ടു.
നാട്ടിലെത്തിയ മണി ആശാരിയെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ഖജാഞ്ചി വേലുശ്ശേരി സലാം, നേതാക്കളായ ഷെബീര്‍ ആസാദ്, പരുത്തിക്കുഴി നിസാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
രണ്ടുവര്‍ഷം മുമ്പാണ് മണി ജോലിക്കെത്തിയത്. തുടക്കത്തില്‍ ശമ്പളം കൃത്യമായി ലഭിച്ചിരുന്നെങ്കിലും പിന്നീടു ലഭിക്കാതായി. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് മണിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും നാട്ടില്‍ പോവാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മകളുടെ വിവാഹം മുടങ്ങി. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ജനുവരി 17 ന് ലേബറില്‍ പരാതി നല്‍കി. കമ്പനി അധികൃതര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് നടപടിയായില്ല. മാസങ്ങളായി ശമ്പളം കിട്ടാത്ത കേസായതിനാല്‍ മേല്‍കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടതോടെ ഇവരുടെ മോചനം വീണ്ടും നീണ്ടു.
രണ്ടു മാസം മുമ്പുവരെ ഓഫിസ് കാര്യങ്ങള്‍ നോക്കിനടത്തിയിരുന്ന പ്രവീണ്‍ എന്നയാ ള്‍ ഭക്ഷണത്തിനുള്ള 200 റിയാ ല്‍ എത്തിച്ചിരുന്നു. എന്നാല്‍, ഇതും നിലച്ചതോടെ ചില ദിവസങ്ങളില്‍ പട്ടിണി കിടക്കേണ്ടി വന്നതായും മണി പറയുന്നു. മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് നാട്ടിലെത്തിയ മണി പറഞ്ഞു.
Next Story

RELATED STORIES

Share it