Pravasi

ഖത്തറിലെ കുടില്‍ വ്യവസായം അന്താരാഷ്ട്ര വിപണിയിലേക്ക്‌



ദോഹ: ഖത്തര്‍ നിവാസികള്‍ക്കിടയില്‍ പ്രിയങ്കരമായ കുടില്‍ വ്യവസായ ഉല്‍പ്പന്നം അന്താരാഷ്ട്ര വിപണിയിലേക്ക് കാലെടുത്തുവക്കുന്നു. ഊദ്, അത്തര്‍ നിര്‍മാതാക്കാളായ മര്‍വദ് ഖത്തര്‍ എന്ന വീട്ടുവ്യവസായമാണ് 'മെയ്ഡ് ഇന്‍ ഖത്തര്‍' ഉല്‍പ്പന്നങ്ങള്‍ മേഖലയിലും അന്താരാഷ്ട്ര വിപണികളിലും എത്തിക്കാന്‍ ലക്ഷ്യമിടുന്നത്.കഴിഞ്ഞ നാല് വര്‍ഷമായി മര്‍വദ് ഖത്തര്‍ വിപണിയിലുണ്ടെങ്കിലും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേട്ടറിവുകളിലൂടെയും ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് മുതലായ ഓണ്‍ലൈന്‍ ചാനലുകളിലൂടെയുമായിരുന്നു. ബിദായ സെന്റര്‍ ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ആന്റ് കരിയര്‍ ഡവലപ്‌മെന്റ് (ബിദായ സെന്റര്‍) നടത്തിയ ശില്‍പ്പശാലകളില്‍ പങ്കെടുത്തതാണ് സ്ഥാപനത്തിന് വഴിത്തിരിവായത്. ഇതിനെ തുടര്‍ന്ന് ജൂണ്‍ 29 മുതല്‍ കത്താറ തെക്കന്‍ മേഖലയില്‍ നടക്കുന്ന മീറത് റമദാന്‍ പരിപാടിയില്‍ ആദ്യമായി പൊതു വിപണിയിലേക്ക് വരികയാണ് മര്‍വദ്. ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് (ക്യുഡിബി), സിലാടെക് എന്നിവയുടെ സംയുക്ത സംരംഭമായ ബിദായ സെന്റര്‍, സെക്കന്‍ഡ് സണ്‍ഡേ നെറ്റ്‌വര്‍ക്കിങ് എന്ന പേരില്‍ പ്രതിമാസം പരിപാടി നടത്താറുണ്ട്. യുവ സംരംഭകരെയും വ്യവസായികളെയും ലക്ഷ്യമിട്ട് അവര്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും പിന്തുണയും നല്‍കുകയാണ് ലക്ഷ്യം.മര്‍വദ് ഖത്തറിന്റെ ഉടമസ്ഥ തന്നെയാണ് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും തയ്യാറാക്കുന്നത്. പാക്കിങ് അടക്കമുള്ളവ ഇവരാണ് ചെയ്യുന്നത്. പെണ്‍മക്കള്‍ ചിലപ്പോള്‍ സഹായിക്കും. മാതാവില്‍ നിന്നാണ് ഊദ് തയ്യാറാക്കുന്ന കഴിവ് ലഭിച്ചത്. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയായിരുന്നു മാതാവ് വിവിധ തരത്തിലുള്ള ഊദും അത്തറും തയ്യാറാക്കിയിരുന്നത്. തന്റെ കഴിവ് മക്കള്‍ക്ക് പകര്‍ന്നു നല്‍കാനാണ് ഇവരുടെ താല്‍പ്പര്യം. ബിസിനസ് നടത്താന്‍ പെണ്‍കുട്ടികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ബിസിനസ് മറ്റ് വിപണികളിലേക്ക് എത്തിക്കാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ട്. തുടക്കത്തില്‍ മേഖലയിലേക്കും പിന്നീട് അന്താരാഷ്ട്ര തലങ്ങളിലേക്കും വിപണി തുറക്കാനാണ് ലക്ഷ്യം. രാജ്യത്ത് സംരംഭകത്വ സംസ്‌കാരം പ്രോല്‍സാഹിപ്പിക്കന്നതിനായി ക്യുഡിബിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മീറത്ത് റമദാന്‍ പോലുള്ള പരിപാടികളിലും മറ്റും പങ്കെടുക്കുന്നത് തുടരും. കൂടുതല്‍ സര്‍ക്കാര്‍ സഹായവും സ്വകാര്യ മേഖലയുടെ ശക്തമായ പിന്തുണയുമുണ്ടെങ്കില്‍ പല വീട്ടുവ്യവസായങ്ങള്‍ക്കും വിശാലമായ വിപണി ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. കുടില്‍ വ്യവസായ ഉല്‍പ്പന്നങ്ങള്‍ക്ക് മാളുകള്‍ പ്രത്യേക വാടക നിരക്കില്‍ സ്ഥലം നല്‍കുകയാണെങ്കില്‍ വളരെയധികം പ്രയോജനപ്പെടുകയും സഹായമാകുകയും ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി ഒക്‌ടോബറില്‍ 'മെയ്ഡ് അറ്റ് ഹോം' പ്രദര്‍ശനം നടത്തുമെന്ന് ഈ മാസമാദ്യം ക്യുഡിബിയും ഖത്തര്‍ ചേംബറും പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it