Pravasi

ഖത്തറിലെ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ പരിഷ്‌കരണത്തിന് അമീറിന്റെ അംഗീകാരം



ദോഹ: രാജ്യത്തെ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍(സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍) സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിമയത്തിന് അമീര്‍ അംഗീകാരം നല്‍കി. രാജ്യത്തെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ തീരുമാനം. കേന്ദ്രീകൃത സംവിധാനത്തോടെ പ്രാദേശിക  വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ സ്ഥാപിക്കുന്നതാണ് 2017ലെ 9ാം നമ്പര്‍ നിയമം. ഇതിന് കഴിഞ്ഞ വര്‍ഷം അവസാനം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. സൃഷ്ടിപരതയും ശാസ്ത്രീയ ഔന്നത്യവും ലഭിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് നിയമം. പുതിയ സ്‌കൂള്‍ സംവിധാനത്തിന്റെ നടത്തിപ്പുകാര്‍ വിദ്യാഭ്യാസ മന്ത്രാലയമായിരിക്കും. പാഠ്യ പദ്ധതി, ജീവനക്കാരെ നിയമിക്കല്‍, സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കല്‍, ഫീസ്, അച്ചടക്ക നടപടി തുടങ്ങിയവയെല്ലാം മന്ത്രാലയം നേരിട്ട് കൈകാര്യം ചെയ്യും. ട്യൂഷന്‍ ചെലവ് നിര്‍ണയിക്കല്‍, ഖത്തരികളല്ലാത്ത കുട്ടികളുടെ അഡ്മിഷന്‍ തുടങ്ങിയ കാര്യങ്ങളും മന്ത്രാലയം തന്നെയാണ് നിര്‍വഹിക്കുക. നിലവില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ സ്വയംഭരണാധികാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. റാന്‍ഡ് കോര്‍പറേഷന്റെ ശുപാര്‍ശ പ്രകാരം 10 വര്‍ഷം മുമ്പാണ് ഈ രീതി കൊണ്ടുവന്നത്. അതു പ്രകാരം കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായ അധ്യാപന രീതികള്‍ അവലംബിക്കുന്നതിന് സ്‌കൂളുകള്‍ക്ക് സ്വതന്ത്ര അധികാരമുണ്ടായിരുന്നു. ഇവ നിലവാരം പുലര്‍ത്തുന്നു എന്നുറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ കൃത്യമായ ഇടവേളകളില്‍ ഓഡിറ്റ് ചെയ്യുകയാണ് ചെയ്തിരുന്നത്. തങ്ങളുടെ കുട്ടിക്ക് ആവശ്യമായ സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളെയും അനുവദിച്ചിരുന്നു. എന്നാല്‍, വ്യവസ്ഥാപിതമായ ടെസ്റ്റ് സ്‌കോറുകള്‍ മെച്ചപ്പെട്ടെങ്കിലും ഗണിതം, വായന, ശാസ്ത്രം എന്നിവയുടെ കാര്യത്തില്‍ ആഗോള ശരാശരിയേക്കാള്‍ വളരെ പിറകിലായിരുന്നു ഖത്തറിലെ വിദ്യാര്‍ഥികള്‍. എണ്ണ, വാതക കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കു മാറുന്നതിന് ഖത്തര്‍ ശ്രമം നടത്തുന്നതിനിടെയാണ് നിരാശാജനകമായ സ്ഥിതി. അതില്‍ നിന്ന് മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it