Flash News

ഖത്തറിനെതിരായ നീക്കം: സൗദിയുടെ മേല്‍ക്കോയ്മയ്ക്ക് അന്ത്യം കുറിച്ചേക്കുമെന്ന് സൂചന

ഖത്തറിനെതിരായ നീക്കം: സൗദിയുടെ മേല്‍ക്കോയ്മയ്ക്ക് അന്ത്യം കുറിച്ചേക്കുമെന്ന് സൂചന
X


റിയാദ്: ഭീകരതയ്‌ക്കെതിരായ പിന്തുണയും പരമാധികാര ലംഘനവും ചൂണ്ടിക്കാട്ടി ഖത്തറിനെതിരായ സൗദി, ബഹ്‌റയ്ന്‍, യുഎഇ എന്നിവയുടെ പടയൊരുക്കം സൗദി അറേബ്യയുടെ  മേല്‍ക്കോയ്മയ്ക്ക് അന്ത്യം കുറിച്ചേക്കുമെന്ന് സൂചന. മേഖലയിലെ അപ്രമാദിത്തം കൈപിടിയിലൊതുക്കാനും സൗദിയെ പിന്തള്ളി യുഎസിന്റെ വലംകൈ ആയി മാറാനുമുള്ള യുഎഇയുടെ നീക്കങ്ങളാണ് ഖത്തറിനെതിരായ നടപടികളിലേക്ക് നയിച്ചതെന്നാണ് സൂചന. ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമെങ്കിലും നേരത്തേതന്നെ ഖത്തറിന്റെ പല നിലപാടുകളുമായും ഗള്‍ഫ് രാജ്യങ്ങള്‍ ഇടഞ്ഞുനില്‍ക്കുകയാണ്. ഫലസ്തീന്‍ വിമോചനപ്രസ്ഥാനമായ ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ശക്തമായ പിന്തുണയാണ് ഖത്തര്‍ നല്‍കിവരുന്നത്. ബ്രദര്‍ഹുഡുമായുള്ള ഖത്തറിന്റെ അടുപ്പം അറബ് ഏകാധിപതികളെ അരിശം കൊള്ളിച്ചിരുന്നു. ഖത്തറിനെ ശത്രുപക്ഷത്ത് നിര്‍ത്തി മേഖലയുടെ നേതൃത്വത്തിലേക്ക് ഓടിക്കയറാന്‍ ഇക്കാര്യങ്ങള്‍ യുഎഇ വിദഗ്ധമായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.അതേസമയം, ഖത്തറിനെതിരായ നടപടി ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ അനൈക്യത്തിന് കാരണമായിട്ടുണ്ട്. സംഭവത്തില്‍ കുവൈത്ത് നിലപാട് വ്യക്തമാക്കിയിട്ടില്ല. സൗദി നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യമാണെങ്കിലും ഇതുവരെ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല. ഭിന്നത രൂക്ഷമായി യുദ്ധമായി മാറുമോ എന്ന ആശങ്കയും ചില രാഷ്്ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. യുഎഇയുടെ യുഎസ് അംബാസഡര്‍ ഇസ്രായേലുമായി ചേര്‍ന്ന് ഖത്തറിനും കുവൈത്തിനുമെതിരേ നടത്തിയ പടയൊരുക്കം ദിവസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കുവൈത്ത് ഖത്തറിനൊപ്പം നില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയില്‍ ഇറാന്‍, ഹമാസ്, ലബ്‌നാനിലെ ഹിസ്ബുല്ല എന്നിവരെ പിന്തുണച്ചുള്ള വാര്‍ത്ത വന്നിരുന്നു.ശിയാ ഭൂരിപക്ഷമായ ഇറാനും ഹിസ്ബുല്ലയും എതിരാളികളായാണ് സുന്നി അറബ് ലോകം കാണുന്നത്. അതേസമയം, ഇവരെ പിന്തുണച്ച സംഭവത്തില്‍ വാര്‍ത്താ ഏജന്‍സിക്ക് ബന്ധമില്ലെന്നും വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് ഇത്തരം വാര്‍ത്ത തിരുകിക്കയറ്റിയതെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു.  പിന്നാലെ, ഇസ്രായേല്‍ അനുകൂല ചിന്താ ഗ്രൂപ്പുമായി ചേര്‍ന്ന് യുഎസിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബ നടത്തിയ നീക്കങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടട്ടിരുന്നു.
Next Story

RELATED STORIES

Share it