Pravasi

ഖത്തര്‍ റെഡ് ക്രസന്റ് വൊളന്റിയര്‍ സിറിയയില്‍ കൊല്ലപ്പെട്ടു



ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) വൊളന്റിയര്‍ സിറിയയിലെ സംഘര്‍ഷ പ്രദേശത്ത് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തന സംഘത്തോടൊപ്പമുണ്ടായിരുന്ന കാമറാമാന്‍ മുസ്്അബ് അഹ്്മദ് അറബി(32)യാണ് കൊല്ലപ്പെട്ടത്. ഇദ്്‌ലിബിലെ ഗ്രാമീണ മേഖലയായ അല്‍ജനുദിയ ഗ്രാമത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കേയാണ് ബുധനാഴ്ച ക്യുആര്‍സിഎസ് സംഘത്തിനു നേരെ വ്യോമാക്രമണമുണ്ടായത്. യുദ്ധ മേഖലയില്‍ നിശ്ചിത വിഭാഗങ്ങള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്ന അന്താരാഷ്ട്ര മാനുഷിക നിയമം(ഐഎച്ച്എല്‍) പാലിക്കപ്പെടേണ്ടതുണ്ടെന്ന് റെഡ് ക്രസസന്റ് ചൂണ്ടിക്കാട്ടി. രോഗികള്‍, മുറിവേറ്റവര്‍, യുദ്ധത്തടവുകാര്‍, യുദ്ധത്തിന്റെ ഭാഗമല്ലാത്ത സിവിലിയന്‍മാര്‍, വൈദ്യ സംഘം, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ സംരക്ഷിക്കപ്പെടേണ്ട പട്ടികയില്‍ ഉള്‍പ്പെടും. മുസ്്അബ് അറബിയുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബിന്‍ ഗാനിം അല്‍അലി അല്‍മആദീദ് പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരെയും മാനുഷിക പ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നത് എന്നാണ് അവസാനിക്കുക? യുദ്ധത്തില്‍ എപ്പോഴാണ് ഐഎച്ച്എല്‍ ചട്ടങ്ങള്‍ മാനിക്കപ്പെടുക?-അദ്ദേഹം ചോദിച്ചു. സൊസൈറ്റി മേല്‍നോട്ടം വഹിക്കുന്ന പദ്ധതി സന്ദര്‍ശിക്കുന്നതിനിടെയുണ്ടായ ആക്രമണത്തെ ക്യുആര്‍സിഎസ് സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹസന്‍ അല്‍ഹമ്മാദി അപലപിച്ചു. സംഭവത്തില്‍ മറ്റു നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. സിറിയയില്‍ കൊല്ലപ്പെടുന്ന ക്യൂആര്‍സിഎസിന്റെ മൂന്നാമത്തെ വൊളന്റിയറാണ് അഹ്്മദ് അറബിയെന്ന് അദ്ദേഹം വ്യക്തമാക്കി. 2014 ആഗസ്ത് 23ന് തഖ്ബയിലെ ആശുപത്രിയില്‍ ഡോ. സാലിഹ് അല്‍ഹസന്‍, 2013 ഡിസംബര്‍ 8ന് ഡോ. ലെയ്ത്ത് അബൂവലീദ് എന്നിവരാണ് ഇതിന് മുമ്പ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it