Gulf

ഖത്തര്‍ മരുഭൂമിയില്‍ നാഡീവ്യൂഹങ്ങള്‍ക്ക് ഹാനികരമാകുന്ന ബാക്ടീരികളുണ്ടെന്ന്

ദോഹ: ഖത്തര്‍ മരുഭൂമി പ്രദേശങ്ങളില്‍ മനുഷ്യരുടെ നാഡീവ്യൂഹങ്ങള്‍ക്ക് ഹാനികരമാകുന്ന വിശാംഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് റിപോര്‍ട്ട്. അള്‍ഷിമേഴ്‌സ്(സ്മൃതി നാശം), പാര്‍ക്കിന്‍സണ്‍സ്(വിറ വാതം), എഎല്‍എസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കരുതുന്ന മാരകവിഷാംശങ്ങള്‍ മരൂഭൂമിയുടെ ഉള്‍പ്രദേശങ്ങളിലുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഗള്‍ഫ് യുദ്ധത്തോടനുബന്ധിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച യുഎസ് സൈനികര്‍ തിരിച്ചുവന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞരമ്പുകളെ ബാധിക്കുന്ന അസുഖമായ എഎല്‍എസ് (അമിയോട്രോഫിക് ലാറ്ററല്‍ സിലറോസിസ്) പോലുള്ള അസുഖങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇതുസംബന്ധമായ പഠനങ്ങള്‍ക്ക് വഴിതുറന്നത്. യുദ്ധസമയത്ത് ഗള്‍ഫ് മേഖലകളില്‍ ജോലി ചെയ്തിരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും മറ്റും മറ്റു രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് ഇത്തരം രോഗസാധ്യതകള്‍ കൂടുതലാണെന്നും റിപോര്‍ട്ടുണ്ട്. റോയല്‍ സൊസൈറ്റി ലണ്ടന്‍ തയ്യാറാക്കിയ പ്രബന്ധം ഉദ്ധരിച്ച് ദോഹ ന്യൂസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇത് ആഗോള പ്രശ്‌നമാണെങ്കിലും ഖത്തര്‍ ഇതിനെക്കുറിച്ച് പഠനം നടത്താന്‍ ഉചിതമായ സ്ഥലമാണെന്ന് ഡബ്ല്യുഎംസി-ക്യു മുന്‍ പ്രൊഫസര്‍ റീനി റിച്ചര്‍ പറഞ്ഞു.
ബിഎംഎഎ എന്ന വിഷാംശമാണ് അപകടകാരിയാവുന്നത്. സയാനോ ബാക്ടീരിയകളാണ് ഇവ ഉല്‍പ്പാദിപ്പിക്കുന്നത്. മരുഭൂമികളിലെ ജൈവ ആവസവ്യവസ്ഥയിലാണ് സിയനോബാക്ടീരിയകളുടെ സാന്നിധ്യം ധാരാളമായി കാണുന്നത്. ഖത്തറില്‍ ഇവയുടെ സാന്നിധ്യം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കും. വരണ്ട ചെളിപോലെ തോന്നിക്കുന്നതാണ് ഇവയുടെ ഘടന വെള്ളം തട്ടിയാല്‍ ഇവ പച്ചനിറം കൈവരിക്കും. കടലില്‍ ഈ ബാക്ടീരിയകളെ ആറിഞ്ച് വരെ വലിപ്പത്തില്‍ കാണാമെന്ന് റിച്ചര്‍ പറഞ്ഞു. പരിസ്ഥിതിയുടെ ആരോഗ്യസ്ഥിതി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ് ഇവ. എന്നാല്‍, അതോടൊപ്പം ദോഷകരമായ ബിഎംഎഎയും ഈ ബാക്ടീരിയകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.
ഗള്‍ഫ് യുദ്ധകാലത്ത് ടാങ്കുകളുടെയും മറ്റു സൈനിക വാഹനങ്ങളുടെയും നിരന്തര സാന്നിധ്യത്തില്‍ ബിഎംഎഎ അടങ്ങിയ പൊടി അന്തരീക്ഷത്തില്‍ കൂടുതലായി കലര്‍ന്നത് പ്രശ്‌നത്തിന് ഇടായാക്കിയിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. മരൂഭൂമി പ്രദേശങ്ങളിലും മറ്റും ഇളക്കം തട്ടാതെ കിടക്കുന്ന ഇത്തരം വിഷാംശങ്ങള്‍ രൂക്ഷമായ പ്രകൃതി കൈയേറ്റങ്ങള്‍ മൂലം അന്തരീക്ഷത്തില്‍ ലയിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ബാക്ടീരിയകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാതെ യുക്തിപൂര്‍വം നീങ്ങിയാല്‍ ഇവയുടെ അപകടസാധ്യത കുറക്കാമെന്നും റിച്ചര്‍ പറഞ്ഞു. ഖത്തറില്‍ കാണുന്നയിനം ബിഎംഎഎ വിഷാംശം കുരങ്ങുകളില്‍ പരീക്ഷണവിധേയമാക്കിയപ്പോള്‍ ഇവക്ക് 140 ദിവസത്തിനുള്ളില്‍ സ്മൃതിനാശം, വിറവാതം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളും കണ്ടെത്താനായതായി പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ഈ വിഷാംശം മനുഷ്യനെ ഏത് രീതിയില്‍ ബാധിക്കുമെന്നത് സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it