Flash News

ഖത്തര്‍ പ്രധാനമന്ത്രിയുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി



ദോഹ: ഖത്തറില്‍ ആവശ്യത്തിന് ഇന്ത്യന്‍ സ്‌കൂളുകളില്ലാത്തതിനാല്‍ പ്രവാസി രക്ഷിതാക്കള്‍ നേരിടുന്ന പ്രതിസന്ധി ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണ് രാജ്യത്ത് പ്രവാസികള്‍ക്കായി ലഭ്യമാക്കുന്നത്. എന്നാല്‍, സീറ്റുകളുടെ കുറവ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. ഇതുമൂലം പലരും മക്കളെ നാട്ടിലേക്കയക്കുകയോ കുടുംബം നാട്ടിലേക്കു മടങ്ങുകയോ ചെയ്യുന്ന സാഹചര്യമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിഷയം വളരെ അനുഭാവപൂര്‍വം പരിഗണിച്ച പ്രധാനമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍ തന്നെ ആവശ്യമായ നിര്‍ദേശവും നല്‍കി. ഖത്തറിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ളവരുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയും സന്തോഷവും രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇന്ത്യയിലെ പുരോഗതികളെക്കുറിച്ചും അന്വേഷിച്ചു. രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കുകയും നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നതിലുള്ള കേരളീയരുടെ സന്തോഷം പ്രധാനമന്ത്രിയെ അറിയിച്ചു.സാധാരണക്കാര്‍ക്ക് സഹായകമായരീതിയില്‍ ഐസിസി ആസ്ഥാനത്ത് നടന്നുവരുന്ന ഇന്ത്യന്‍ എംബസി കോണ്‍സുലാ ര്‍ സേവനങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ എംബസി സേവനങ്ങള്‍ ഐസിസിയില്‍ ലഭ്യമാക്കാനും സൗകര്യമൊരുക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it