ഖത്തര്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ദോഹ: ഇന്ത്യയില്‍ ബിസിനസ് രംഗത്തുള്ള വിശാലമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താ ന്‍ ഖത്തര്‍ കമ്പനികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ഈ രംഗത്തുള്ള തടസ്സങ്ങളെല്ലാം നീക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം ഇന്ത്യ ഇപ്പോള്‍ നിക്ഷേപസൗഹൃദ രാജ്യമാണെന്നും വ്യക്തമാക്കി. ഖത്തര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഷെറാട്ടണ്‍ ഹോട്ടലില്‍ രാജ്യത്തെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ ചട്ടങ്ങളും ക്ലിയറന്‍സും സംബന്ധിച്ച ഖത്തര്‍ വ്യാപാരികളുടെ സംശയങ്ങള്‍ക്കു മറുപടിയായി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി(എഫ്ഡിഐ) ഒരുക്കിയ അനുകൂല മാറ്റങ്ങള്‍ മോദി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ വന്‍ അവസരങ്ങളാണു കാത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ വ്യാപാരം തുടങ്ങുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് ചട്ടങ്ങള്‍ ഇനിയും ലളിതമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇന്ത്യ അവസരങ്ങളുടെ ചാകരയാണ്. അതു പ്രയോജനപ്പെടുത്താന്‍ തയ്യാറാവണം. ഇന്ത്യയും ഖത്തറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഭൗതികമായും അടുത്തടുത്തു നില്‍ക്കുന്ന രാജ്യങ്ങളാണ് രണ്ടുമെന്നും മോദി പറഞ്ഞു.
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ഇന്ത്യയില്‍ വലിയ നിക്ഷേപ അവസരങ്ങളുണ്ട്. ഖത്തറിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ഇന്ത്യയിലെ അടിസ്ഥാനമേഖലയില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി മോദി അറിയിച്ചു. വ്യാപാരപ്രമുഖരുമായുള്ള വട്ടമേശ ചര്‍ച്ചയില്‍ ഇന്ത്യ-ഖത്തര്‍ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തതായി പിന്നീട് ട്വിറ്ററില്‍ മോദി അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ 80 ദശലക്ഷം വരുന്ന യുവജനങ്ങളാണ് രാജ്യത്തിന്റെ കരുത്തെന്ന് ഖത്തറിലെ വ്യാപാരി സമൂഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ക്യുബിഎ ചെയര്‍മാനും അല്‍ഫൈസല്‍ ഹോള്‍ഡിങ് സിഇഒയുമായ ശെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം ആല്‍ഥാനി, ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം എ യൂസുഫലിയും ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആര്‍ സീതാരാമനും നിക്ഷേപ സംഗമത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it