Gulf

ഖത്തര്‍ നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതെന്ന് ഉമര്‍ അല്‍ബഷീര്‍

ദോഹ: സുദാന്റെ സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ഖത്തര്‍ നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് സുദാനി പ്രസിഡന്റ് ഉമര്‍ അല്‍ബഷീര്‍ പറഞ്ഞു. ആഭ്യന്തരവും വൈദേശികവുമായി ലഭിച്ച ഖത്തറിന്റെ പിന്തുണ നിരവധി വെല്ലുവിളികളെ തരണം ചെയ്യാന്‍ സുദാനെ പര്യാപ്തമാക്കി. 60ാമത് സുദാന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ഉമര്‍ ബഷീര്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വളരെയധികം പുരോഗമിച്ചിട്ടുണ്ട്. വിവിധങ്ങളായ പദ്ധതികളിലൂടെ സുദാനിലെ സുസ്ഥിര വികസനത്തിനു ഖത്തര്‍ സ്ഥിരം പിന്തുണ നല്‍കുന്നുണ്ട്. യമനിലെ നിയമാനുസൃത ഭരണകൂടത്തെ തിരികെ സ്ഥാപിക്കുന്നതിനായി നടക്കുന്ന അറബ് ഐക്യസേനയുടെ പോരാട്ടത്തിനു സുദാന്റെ ഉറച്ച പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സമാധാനം കൊണ്ടുവരാനുള്ള ആഫ്രിക്കന്‍ യൂനിയന്റെ നീക്കം സ്വാഗതാര്‍ഹമാണ്. തെക്കെ സുദാനില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെന്നും ഇരുവിഭാഗങ്ങളും ഒപ്പുവച്ച കരാര്‍ യാഥാര്‍ഥ്യമാകണമെന്നുമാണ് സുദാന്‍ താല്‍പര്യമെന്നും ബഷീര്‍ ചൂണ്ടിക്കാട്ടി.
വെടിനിര്‍ത്തല്‍ ഒരു മാസത്തേക്കു കൂടി നീട്ടാനും ദേശീയ ചര്‍ച്ചാ കാലാവധി നീട്ടാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ജനുവരി പത്തായിരുന്നു ദേശീയ ചര്‍ച്ചക്കുള്ള കാലാവധി നിശ്ചയിച്ചിരുന്നത്. അത് ഏറ്റവും ചുരുങ്ങിയത് ഒരു മാസത്തേക്ക് കൂടി നീട്ടി വക്കാനാണ് തീരുമാനം. എല്ലാ പ്രതിപക്ഷ കക്ഷികളെയും ചര്‍ച്ചയുടെ ഭാഗമാക്കാനാണ് കാലാവധി നീട്ടുന്നതെന്നും ഉമര്‍ ബഷീര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it