Gulf

ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍: സെറീനയും ഷറപ്പോവയും കളിക്കും

ദോഹ: ഫെബ്രുവരി 21ന് ആരംഭിക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപ്പണില്‍ വനിതാടെന്നീസ് ലോകറാങ്കിങിലെ ആദ്യ പത്തുകാരില്‍ എട്ടുപേരും ദോഹയിലെത്തും. ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസും ടെന്നീസിലെ ഗ്ലാമര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവയുമായിരിക്കും ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. രണ്ടു പേരും കഴിഞ്ഞ വര്‍ഷത്തെ ഖത്തര്‍ ടോട്ടല്‍ ഓപ്പണില്‍ നിന്നു പിന്‍മാറിയിരുന്നു. ഇത്തവണ ഖത്തറില്‍ തന്റെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഷറപ്പോവ എത്തുന്നത്. ഡയമണ്ട് ബോള്‍ ട്രോഫി നേടാനുള്ള അവസരവുമാണ് ഇതിലൂടെ ഷറപ്പോവയ്ക്ക് ലഭിക്കുന്നത്. മൂന്നുവട്ടം ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ കിരീടം നേടിയവര്‍ക്ക് നല്‍കാനായി കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയതാണ് ഡയമണ്ട് ബോള്‍ ട്രോഫി. മരിയ ഷറപ്പോവയും വിക്ടോറിയ അസരങ്കയും മാത്രമാണ് ഇതിനു മുമ്പ് രണ്ടുതവണ കപ്പുയര്‍ത്തിയത്.
2013, 2014 വര്‍ഷങ്ങളില്‍ കിരീടം ഉയര്‍ത്തിയ മുന്‍ ലോക ചാംപ്യന്‍ ബെലാറസിന്റെ വിക്ടോറിയ അസരങ്ക, ലോക എട്ടാം നമ്പര്‍ താരം ഇറ്റലിയുടെ ഫല്‍വിയ പെന്നേറ്റ, പത്താം നമ്പര്‍ താരം അമേരിക്കയുടെ വീനസ് വില്യംസ് എന്നിവര്‍ ഇത്തവണയുണ്ടാകില്ല. അതേസമയം, ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള മുന്‍ ചാംപ്യന്‍ റുമാനിയയുടെ സിമോണ ഹാലെപ്, തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള സ്‌പെയിനിന്റെ ഗാബ്രിന്‍ മുഗുരൂസ, പോളണ്ടിന്റെ അഗ്‌നിയേസ്‌ക റാഡ്വാന്‍സ്‌ക, ജര്‍മനിയുടെ ആന്‍ജലീഖ് കെര്‍ബര്‍, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര കവിറ്റോവ, നിലവിലെ ചാംപ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സറഫോവ, സ്‌പെയിനിന്റെ കാര്‍ല നവാരോ സുവാരസ്, ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന്‍ പ്ലിസ്‌ക്കോവ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിക്, ടിമിയ ബാക്‌സിന്‍സ്‌കി, ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി, ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കി, ഇറ്റലിയുടെ സാറാ ഇറാനി, റഷ്യയുടെ സ്വെറ്റ്‌ലാന കുസ്‌നെത്‌സോവ, സെര്‍ബിയയുടെ യെലേന യാങ്കോവിച്ച്, റഷ്യയുടെ എകാതറീന മകാറോവ, ജര്‍മനിയുടെ ആന്‍ഡ്രിയ പെറ്റ്‌കോവിക്, സബീന ലിസിക്കി, എന്നീ ഗ്ലാമര്‍ താരങ്ങള്‍ ഖലീഫ ഇന്റര്‍നാഷണല്‍ സ്‌ക്വാഷ് ആന്റ് ടെന്നീസ് കോംപ്ലക്‌സിലെ കോര്‍ട്ടില്‍ മാറ്റുരയ്ക്കും. 64 താരങ്ങള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 43പേര്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്. 25.17ലക്ഷം ഡോളറാണ് ആകെ സമ്മാനത്തുക.
ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ മാര്‍ട്ടീന ഹിംഗിസ് സഖ്യം ഉള്‍പ്പടെയുള്ളവര്‍ മല്‍സരിക്കാനെത്തുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it