Pravasi

ഖത്തര്‍ ചരിത്രത്തിലേക്ക് വഴിതുറന്ന് പുരാവസ്തു ശേഖരം



ദോഹ: ഖത്തറിന്റെ പൂര്‍വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. സൗത്ത് ഖത്തര്‍ സര്‍വേ പ്രൊജക്റ്റിന്റെ(എസ്‌ക്യുഎസ്പി) ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് രാജ്യത്തിന്റെ ചരിത്രാതീത മധ്യകാല ഘട്ടങ്ങളില്‍ ജീവിച്ചവര്‍ ഉപയോഗിച്ച ശേഷിപ്പുകള്‍ പുറത്തെടുത്തത്. ഖത്തറിന്റെ ചരിത്രാതീത കാലത്തെയും പിന്നീടുണ്ടായ മനുഷ്യ വാസത്തെക്കുറിച്ചും പൈതൃക കേന്ദ്രങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രാജ്യത്തിന്റെ തെക്കന്‍ പ്രദേശത്താണ് എസ്‌ക്യുഎസ്പി പ്രവര്‍ത്തിക്കുന്നത്. ഖത്തറിന്റെ ചരിത്രപരമായ പൂര്‍വകാലത്തെ പുനര്‍സൃഷ്ടിക്കുന്നതിനായാണ് പ്രൊജക്റ്റ് നടപ്പിലാക്കുന്നതെന്ന് ഖത്തര്‍ മ്യൂസിയം  ആക്റ്റിങ് ചീഫ് ആര്‍ക്കിയോളജി ഓഫിസര്‍ അലി അല്‍കുബൈസി പറഞ്ഞു. സമുദ്രത്താല്‍ ചുറ്റപ്പെട്ട  ഈ പ്രദേശത്ത് ജനങ്ങള്‍ എങ്ങിനെയാണ് താമസിച്ചത്, ലോകത്തെ മറ്റുള്ളവരുമായി അവര്‍ എങ്ങിനെ ആശയ വിനിമയം നടത്തി, സാധന സാമഗ്രികള്‍ കൈമാറ്റം ചെയ്തത് എങ്ങിനെ തുടങ്ങിയ കാര്യങ്ങളുടെ സത്യസന്ധമായ തെളിവുകള്‍ കണ്ടെത്തുകയാണ് പുരാസവസ്തു ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തര്‍ മ്യൂസിയവും ജര്‍മന്‍ പുരാവസ്തു പഠന കേന്ദ്രവും സംയുക്തമായി ദോഹ ഫയര്‍ സ്റ്റേഷന്‍  ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രദര്‍ശനത്തിലാണ് കുബൈസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തര്‍ ജര്‍മനി സാംസ്‌കാരിക വര്‍ഷം 2017ന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഖത്തര്‍ മ്യൂസിയവും ജര്‍മന്‍ പുരാവസ്തു പഠന കേന്ദ്രവും(ഡിഐഎ) കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിവരുന്ന പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്നും സുദാനില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചു.ദോഹ-ദുഖാന്‍ റോഡിലെ തെക്ക് ഭാഗങ്ങളിലെ പൈതൃക കേന്ദ്രങ്ങളിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പര്യവേക്ഷണം നടന്നതെന്നും മനുഷ്യവാസത്തിന്റെ ചരിത്രവും പുരാതന മധ്യകാലഘട്ടങ്ങളിലെ ജനങ്ങളുടെ ജീവിതവും അറിയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും കുബൈസി പറഞ്ഞു. പ്രാചീനര്‍ ഉപയോഗിച്ച കിണറുകളുമായി ബന്ധപ്പെട്ട വസ്തുക്കള്‍, പൂന്തോട്ടങ്ങളുടെ ചുറ്റുപാടുകള്‍, വേട്ടയ്ക്കായുള്ള പ്രദേശങ്ങള്‍ എന്നിവ പര്യവേക്ഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ തെക്കന്‍ പ്രദേശങ്ങളിലും പുരാതന തീരദേശ കേന്ദ്രങ്ങളെ പോലെ ജനങ്ങള്‍ താമസിച്ചിരുന്നതായും നിയോലിതിക് കാലഘട്ടം മുതലേ ഇവിടെ ജനവാസം ഉണ്ടായിരുന്നതിന് തെളിവുകള്‍ ലഭിച്ചതായും ഡിഎഐ ഓറിയന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഫസ്റ്റ് ഡയറക്ടര്‍ പ്രഫസര്‍ റിച്ചാര്‍ഡ് ഇക്മാന്‍ പറഞ്ഞു. തെക്കന്‍ ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളടങ്ങിയ കേന്ദ്രങ്ങളെ കുറിച്ചും ഇക്മാന്‍ വിശദീകരിച്ചു.മധ്യകാലഘട്ടത്തില്‍ നിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്ന ചില ഘടകങ്ങളും പല സൈറ്റുകളിനിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. നാണയങ്ങള്‍, ഗ്ലാസ് ബോട്ടിലുകള്‍ എന്നിവയും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വസ്തുകളും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക വിപണിയുടെ വളര്‍ച്ചയാണ് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകള്‍ കണ്ടെത്തിയതില്‍നിന്ന് മനസ്സിലാക്കുന്നത്. 2012 മുതലാണ് പുരാവസ്തു ഗവേഷണം മേഖലയില്‍ ആരംഭിച്ചത്. കണ്ടെത്തിയ ബോട്ടിലുകളെല്ലാം 1970കള്‍ക്ക് ശേഷമുള്ളവയാണ്. ഇത് കാണിക്കുന്നത് രാജ്യത്തിന്റെ പുതിയ കാലത്തെ ഉപഭോഗ സംസ്‌കാരത്തിലേക്കുള്ള മാറ്റത്തേയാണെന്നും പ്രഫ. ഇക്മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it