World

ഖത്തര്‍ ഉപരോധത്തിന് ഒരു വര്‍ഷം

ദോഹ: ഗള്‍ഫ് മേഖല പ്രതിസന്ധിയിലാക്കി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിട്ട് നാളേക്ക് ഒരു വര്‍ഷം. സായുധ സംഘടനകളെ സഹായിക്കുന്നെന്നാരോപിച്ച് 2017 ജൂണ്‍ അഞ്ചിനാണ് ജിസിസി അംഗ രാജ്യങ്ങളായ സൗദി അറേബ്യ, ബഹ്‌റയ്ന്‍, യുഎഇ എന്നിവ ഈജിപ്തിന്റെ പിന്തുണയോടെ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്്. തുടര്‍ന്ന് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും കടല്‍, വ്യോമ, കര ഗതാഗതം അവസാനിപ്പിക്കുകയും ഖത്തര്‍ പൗരന്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷ്യആവശ്യത്തിന് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന് തുടക്കത്തില്‍ ഇത് കനത്ത തിരിച്ചടിയായി.
ഉപരോധം പിന്‍വലിക്കാന്‍ വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങി 13 ആവശ്യങ്ങള്‍ സൗദി സഖ്യം ഖത്തറിനു ജൂണ്‍ 22ന് മുന്നില്‍ വച്ചു. രാജ്യത്തിന്റെ പരമാധികാരം പണയം വച്ച് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്നായിരുന്നു ഖത്തറിന്റെ മറുപടി. പ്രശ്‌നപരിഹാരത്തിനായി കുവൈത്തിന്റെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് ഖത്തര്‍ അമീര്‍ സൗദി ഭരണകൂടത്തെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതായി സൗദി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, സപ്തംബര്‍ ഒമ്പതിന് ഖത്തറുമായുള്ള ഏല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി സൗദി പ്രഖ്യാപിച്ചു. അതിനിടെ പാല്‍ ഉല്‍പാദനത്തിലടക്കം സ്വയം പര്യാപ്തത നേടാനും മറ്റ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനും ഖത്തര്‍ ശ്രമം തുടങ്ങിയിരുന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നു യുദ്ധവിമാനങ്ങളടക്കം വാങ്ങിക്കൂട്ടി. 2018ല്‍ ജനുവരിയില്‍ രാജ്യത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ബില്ല് പാസാക്കി ചരിത്രം സൃഷ്ടിച്ചു.
ഉപരോധത്തിന് ശേഷം രാജ്യം മുമ്പത്തേക്കാള്‍ കരുത്താര്‍ജിച്ചതായി പ്രതിരോധമന്ത്രി ഖാ ലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ് അറിയിച്ചു. ഭക്ഷ്യ, മരുന്ന് ഉല്‍പാദനത്തില്‍ ഒരു വര്‍ഷത്തിനിടെ രാജ്യം അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ഉപരോധത്തെ മറികടക്കാനാവുമെന്ന്് ഖത്തര്‍ തെൡയിച്ചതായും രാജ്യത്തിന്റെ വളര്‍ച്ച 2.1ല്‍ നിന്നു 2.6 ആയി വര്‍ധിച്ചതായി ഐഎംഎഫും വ്യക്തമാക്കി.
Next Story

RELATED STORIES

Share it