Gulf

ഖത്തര്‍ അമീറിന്റെ പൊതുമാപ്പ് ലഭിച്ചവരില്‍ 23 ഇന്ത്യക്കാര്‍

എംടിപി റഫീക്ക്

ദോഹ: പരിശുദ്ധ റമദാന്‍ മാസത്തോട് അനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പൊതുമാപ്പു നല്‍കിയവരില്‍ 23 ഇന്ത്യക്കാരും. മറ്റു ചില രാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ക്കും പൊതുമാപ്പു നല്‍കിയിട്ടുണ്ട്.
23 ഇന്ത്യക്കാര്‍ക്ക് അമീര്‍ പൊതുമാപ്പ് നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പുണ്യമാസത്തിലെ കാരുണ്യപ്രവര്‍ത്തിക്കു പ്രധാനമന്ത്രി അമീറിനു നന്ദി അറിയിച്ചു. രണ്ടു ദിവസത്തെ ദോഹ സന്ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച്ചയാണ് മോദി ഖത്തറില്‍ നിന്നു മടങ്ങിയത്. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും അമീറിന് ട്വിറ്ററില്‍ നന്ദി അറിയിച്ചു.
റമദാനിലും ഖത്തര്‍ ദേശീയ ദിനത്തിലുമായി വര്‍ഷത്തില്‍ രണ്ടു തവണ അമീര്‍ പൊതുമാപ്പു പ്രഖ്യാപിക്കാറുണ്ട്. സാധാരണ തടവുശിക്ഷയുടെ മൂന്നില്‍ രണ്ടു കാലാവധി പൂര്‍ത്തിയാക്കിയവരെയാണു പൊതുമാപ്പിനു പരിഗണിക്കുക.
മാപ്പ് നല്‍കിയവരുടെ പട്ടിക പരസ്യമായി പ്രഖ്യാപിക്കുന്നതിനു പകരം അതതു എംബസികളെ അറിയിക്കുകയാണു ചെയ്യുക.
ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണു സാധാരണ പൊതുമാപ്പില്‍ ഉള്‍പ്പെടാറുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഖത്തറിലെ പ്രവാസികളില്‍ ഭൂരിഭാഗവും. മോഷണം, അലക്ഷ്യമായി വാഹനമോടിച്ചു മരണത്തിനിടയാക്കുക, വഞ്ചന, മദ്യവില്‍പ്പന തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടു ജയിലില്‍ കഴിയുന്നവരെയാണു പൊതുമാപ്പിനു പരിഗണിക്കുക. എംബസിയില്‍ നിന്നു നല്‍കുന്ന പട്ടികയില്‍ നിന്നാണ് അമീരി ദിവാന്‍ ഇവരെ തിരഞ്ഞെടുക്കുന്നത്.
2013ലെ റമദാനില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 36 പേര്‍ക്കാണ് പൊതുമാപ്പ് നല്‍കിയത്. 2014 റമദാനില്‍ പൊതുമാപ്പ് ലഭിച്ച 14 ഇന്ത്യക്കാരില്‍ 7 മലയാളികളും ഉള്‍പ്പെട്ടിരുന്നു. 41 ശ്രീലങ്കന്‍ തടവുകാര്‍ക്കും അന്നു പൊതുമാപ്പു ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ റമദാനില്‍ ഏഴ് ഇന്ത്യക്കാര്‍ക്കു മാത്രമാണു മോചനം ലഭിച്ചത്.
കഴിഞ്ഞ ദേശീയദിനത്തില്‍ 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അന്‍പതിലധികം പേര്‍ക്കു പൊതുമാപ്പു പ്രഖ്യാപിച്ചിരുന്നു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 154 ഇന്ത്യക്കാരാണു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ നിലവിലുള്ളത്. ഇത്തവണ മോചിപ്പിക്കപ്പെട്ടവരുടെ വിശദമായ പട്ടിക വരും ദിവസങ്ങളില്‍ അതത് എംബസികള്‍ക്കു കൈമാറും.
Next Story

RELATED STORIES

Share it