World

ഖത്തര്‍ അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിക്കാനൊരുങ്ങി സൗദി

റിയാദ്: അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനുള്ള ശ്രമം സൗദി കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയതായി റിപോര്‍ട്ട്. വെള്ളിയാഴ്ച സൗദി അധികൃതര്‍ ഇതുസംബന്ധിച്ചു വ്യക്തമായ സൂചന നല്‍കി. സാല്‍വ ദ്വീപ് പ്രൊജക്റ്റ് എന്നറിയപ്പെടുന്ന പദ്ധതി ഖത്തറിനെ മറ്റു രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ കാരണമാവും. ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് രാജ്യത്തെ ഒറ്റപ്പെടുത്തുന്ന നടപടിയുമായി സൗദി മുന്നോട്ടു വന്നത്.സാല്‍വ ദ്വീപ് പ്രൊജക്റ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രാജ്യത്തിന്റെ ഭൂഘടന വരെ മാറ്റുന്ന ചരിത്രപരമായ തീരുമാനമായിരിക്കും ഇതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യ ഉപദേഷ്ടാവ് അല്‍ ഖഹ്താനി ട്വിറ്ററില്‍ കുറിച്ചു. കനാല്‍ പദ്ധതി നടപ്പാക്കുന്നതോടെ സൗദി ഉപഭൂഖണ്ഡത്തില്‍ നിന്നു ഖത്തര്‍ വേറിടും. ഖത്തറിനു മേല്‍ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 14 മാസം പിന്നിടുമ്പോഴാണ് അടുത്ത ആഘാതവുമായി സൗദി രംഗത്തെത്തുന്നത്. ഖത്തറിന്റെ രാജ്യാതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യവും 200 മീറ്റര്‍ വീതിയുമുള്ള കനാലാണ് സൗദി നിര്‍മിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സൗദി ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 750ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന പദ്ധതിയാണിതെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it