Cricket

കൗമാര ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ എതിരാളി ഓസീസ്

കൗമാര ലോകകപ്പിന് ഇന്ന് തുടക്കം;  ഇന്ത്യയുടെ ആദ്യ എതിരാളി ഓസീസ്
X


ഓക്‌ലന്‍ഡ്: ലോകത്തിലെ 16 അണ്ടര്‍ 19 ക്രിക്കറ്റ് ടീമുകള്‍ ഒരുമിക്കുന്ന കൗമാര ക്രിക്കറ്റ് ലോകപ്പിന് ഇന്നു തുടക്കം. ന്യൂസിലന്‍ഡ് ആതിഥേയത്വം  അരുളുന്ന ലോകകപ്പില്‍ നാലാമതൊരു കൗമാരക്കിരീടം നേടാമെന്നുറച്ചാണ് ഇന്ത്യന്‍ ടീമും ആസ്‌ത്രേലിയന്‍ ടീമും നാളെ കളത്തിലിറങ്ങുന്നത്.  ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനേക്കുന്ന ഇന്ത്യയുടെ ആദ്യ മല്‍സരം നാളെ ആസ്‌ത്രേലിയയ്‌ക്കെതിരേ അരങ്ങേറും. നാല് ഗ്രൂപ്പുകളായാണ് മല്‍സരം അരങ്ങേറുന്നത്. ആസ്‌ത്രേലിയ, സിംബാബ്‌വെ, പാപുവ ന്യു ഗിനിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ നിലവിലെ അണ്ടര്‍ 19 ലോകകപ്പ് ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനോടൊപ്പം ദക്ഷിണാഫ്രിക്കയും ആതിഥേയരായ ന്യൂസിലന്‍ഡും കെനിയയും തമ്മില്‍ ഏറ്റുമുട്ടും. അതേസമയം, ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും കാനഡയും നമീബിയയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. നിലവിലെ ഏഷ്യ കപ്പ് ചാംപ്യന്‍മാരായ അഫ്ഗാനിസ്താനോടൊപ്പം പാകിസ്താനും അയര്‍ലന്‍ഡും ശ്രീലങ്കയും അടങ്ങുന്നതാണ് ഗ്രൂപ്പ് ഡി. ഇന്ന് നാലു മല്‍സരങ്ങളാണ് അരങ്ങേറുന്നത്. രണ്ട് തവണ ചാംപ്യന്‍മാരായ പാകിസ്താന്‍ അഫ്ഗാനിസ്താനെ നേരിടുമ്പോള്‍ സിംബാബ്‌വെ പാപുവ ന്യൂ ഗിനിയയെയും ബംഗ്ലാദേശ് നമീബിയയെയും ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസുമായും കൊമ്പ് കോര്‍ക്കും. ഇന്ത്യക്ക് ഗ്രൂപ്പില്‍ ആസ്ത്രേലിയയെ മാത്രമാണ് പേടിക്കാനുള്ളത്. കുഞ്ഞന്‍ ടീമുകളും സ്രാവുകളായാല്‍ ഇന്ത്യ വിയര്‍ക്കേണ്ടി വരും. ഇന്ത്യ ലോകകപ്പ് നേടിയ സമയത്തൊന്നും ടീമില്‍ ഇടം കണ്ടെത്താന്‍ കഴിയാതിരുന്ന ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ  നേതൃത്വത്തില്‍ ഒരു ലോകകപ്പ് കിരീടം നേടിക്കൊടുക്കാനാണ് 2018ലെ അണ്ടര്‍ 19 ലോകകപ്പിലേക്ക് കോച്ച് ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യ കപ്പില്‍ രാഹുലിന് കീഴില്‍ ഇന്ത്യന്‍കൗമാര  താരങ്ങള്‍  അണിനിരന്നപ്പോള്‍ അസോസിയേറ്റ് ടീമുകളോട് ദയനീയ പരാജയമേറ്റു വാങ്ങിയ ഇന്ത്യ ലോകകപ്പിലൂടെ തിരിച്ചു വരാനാണ് ശ്രമിക്കുന്നത്. ലോകകപ്പ് മല്‍സരത്തിലെ മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ പൃത്വി ഷായുടെ കീഴിലുള്ള ഇന്ത്യന്‍  ടീം വമ്പന്‍മാരിലൊരാളായ ദക്ഷിണാഫ്രിക്കയെ 189 റണ്‍സിന് തറപറ്റിച്ചാണ് വരവറിയിച്ചത്. ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വച്ച ഹിമാന്‍ഷു റാണയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ റണ്‍സ് 300 കടത്താന്‍ സഹായിച്ചത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 143 റണ്‍സിലൊതുക്കിയ ബൗളര്‍മാരും തീരെ മോശമാക്കിയില്ല. നാല് വിക്കറ്റെടുത്ത ഇശാന്‍ പോരലിന്റ മികച്ച ബൗളിങ് പ്രകടനം നാളെ തുടങ്ങുന്ന ഇന്ത്യയുടെ ഉദ്ഘാടന മല്‍സരത്തിലും പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് അനായാസമായി പ്ലേ ഓഫിലേക്ക് കടക്കാം.
Next Story

RELATED STORIES

Share it