കൗമാര കലാവസന്തത്തിന് അനന്തപുരി ഒരുങ്ങി

തിരുവനന്തപുരം: ഒരു പകലിരവിനപ്പുറം അനന്തപുരി കൗമാരകലാവസന്തത്തിലേക്ക്. താളവും മേളവും ലാസ്യവും ഇശലുകളും സംഗമിക്കുന്ന കലയുടെ ഏഴു ദിനരാത്രങ്ങള്‍ക്കാണ് തലസ്ഥാനം വേദിയാവുന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം അനന്തപുരി ആതിഥ്യമരുളുന്ന മേളയ്ക്കായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
എറണാകുളത്ത് തീരുമാനിച്ചിരുന്ന കലോല്‍സവത്തിന് അപ്രതീക്ഷിതമായി തിരുവനന്തപുരം വേദിയാവുമ്പോള്‍ പരാതികള്‍ ഒഴിവാക്കാന്‍ പഴുതടച്ച സംഘാടനമാണ് വിദ്യാഭ്യാസവകുപ്പ് ഒരുക്കിയിരിക്കുന്നത്. 25 വരെ നീളുന്ന മേളയില്‍ 19 വേദികളിലായി 232 മല്‍സരങ്ങള്‍ അരങ്ങേറും. നാളെ രാവിലെ 9.30ന് മോഡല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ 56ാമത് മേളയ്ക്കു തുടക്കമാവും. വൈകീട്ട് നാലിന് മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിക്കും. ഉച്ചയ്ക്ക് 2.30ന് സംസ്‌കൃത കോളജില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഡിജിപി ടി പി സെന്‍കുമാര്‍ ഫഌഗ്ഓഫ് ചെയ്യും.
നഗരപരിധിയിലെ 50 സ്‌കൂളുകളില്‍നിന്നായി 10,000ഓളം വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ അണിനിരക്കും.
കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളുടെ പ്രകടനങ്ങള്‍ മാറ്റേകും. വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുസമ്മേളനം. 56 അധ്യാപകര്‍ ചേര്‍ന്ന് സ്വാഗതഗാനം ആലപിക്കും. 56 കുട്ടികള്‍ നൃത്തച്ചുവടുകളുമായി ദൃശ്യാവിഷ്‌കാരം നല്‍കും. തുടര്‍ന്നു പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. കലാമല്‍സരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ എന്‍ ശക്തന്‍ നിര്‍വഹിക്കും.
25ന് വൈകീട്ട് അഞ്ചിനു സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കലോല്‍സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് വിദ്യാഭ്യാസമന്ത്രി സമ്മാനിക്കും. സിനിമാതാരം നിവിന്‍ പോളി മുഖ്യാതിഥിയാവും. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ സി ജോസഫ്, പി കെ ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പങ്കെടുക്കും. ഡിപിഐ എം എസ് ജയ സമാപനസന്ദേശം നല്‍കും.
Next Story

RELATED STORIES

Share it