thiruvananthapuram local

കൗമാര കലാമേളയ്ക്ക് നാളെ തിരിതെളിയും

തിരുവനന്തപുരം: ജില്ലയുടെ കൗമാര കലാമേളയ്ക്ക് നാളെ നെയ്യാറ്റിന്‍കരയില്‍ തിരിതെളിയും. നാളെ മുതല്‍ എട്ടുവരെ നടക്കുന്ന റവന്യൂജില്ലാ കലോല്‍സവത്തില്‍ 12 ഉപജില്ലകളില്‍ നിന്ന് യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നടന്ന മല്‍രസങ്ങളിലെ വിജയികളായ 5,000ത്തിലേറെ കുട്ടികള്‍ മാറ്റുരയ്ക്കും.
നെയ്യാറ്റിന്‍കര ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് കലോല്‍സവത്തിന്റെ പ്രധാനവേദി. ഗവ.ഗേള്‍സ് എച്ച്എസ്എസ്, ഗവ. ജെബിഎസ്, ടൗണ്‍ എല്‍പിഎസ്, സെന്റ് തെരേസാസ് കോണ്‍വെന്റ് ജിഎച്ച്എസ്എസ്, മുനിസിപല്‍ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലെ 12 വേദികളിലാണ് കലാമല്‍സരങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 105 ഇനങ്ങളിലാണ് മല്‍സരം. മല്‍സര വിജയികള്‍ക്ക് അതാത് ദിവസം തന്നെ ട്രോഫി വിതരണം ചെയ്യും.
നാളെ രാവിലെ എട്ടരയ്ക്ക് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ കലാമാമാങ്കത്തിന് തുടക്കമാവും. ആദ്യം രചനാ മല്‍സരങ്ങളാണ് നടക്കുന്നത്.
കലോല്‍സവത്തിന് മുന്നോടിയായി ഉച്ചയ്ക്ക് മൂന്നിന് നെയ്യാറ്റിന്‍കര എസ്എന്‍ ഓഡിറ്റോറിയത്തില്‍ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര മേളയ്ക്ക് മാറ്റുകൂട്ടും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി കലോല്‍സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ശശിതരൂര്‍ എംപി, എംഎല്‍എമാരായ വി ശിവന്‍കുട്ടി, എടി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു പങ്കെടുക്കും. സമ്മേളനത്തിനു ശേഷം കലാമല്‍സരങ്ങള്‍ക്ക് തുടക്കമാവും. മല്‍സരാര്‍ഥികള്‍ക്കുള്ള ഭക്ഷണവും പെണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യവും ഗേള്‍സ് എച്ച്എസ്എസിലും ആണ്‍കുട്ടികള്‍ക്കുള്ള താമസസൗകര്യം ബോയ്‌സ് എച്ച്എസ്എസിലുമാണ് ഒരുക്കിയിട്ടുള്ളത്.
എട്ടിന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ഡോ.എ സമ്പത്ത് എംപി ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എടി ജോര്‍ജ്, ജമീല പ്രകാശം പങ്കെടുക്കും.
തിരുവാതിര(എച്ച്എസ് വിഭാഗം), വൃന്ദവാദ്യം (എച്ച്എസ്, എച്ച്എസ്എസ്), കേരളനടനം (എച്ച്എസ്എസ്), ഹിന്ദി പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഭരതനാട്യം (യുപി), നാടന്‍പാട്ട് (എച്ച്എസ്, എച്ച്എസ്എസ്), കഥകളി സംഗീതം (എച്ച്,എസ്), ഉറുദു സംഘഗാനം (യുപി,എച്ച്എസ്, ഗസല്‍ (എച്ചഎസ്എസ്), ക്ലാര്‍നെറ്റ്, ബ്യൂഗിള്‍, കഥകളി (എച്ച്എസ്, എച്ച്എസ്എസ്), ഇംഗ്ലീഷ് പ്രസംഗം (യുപി, എച്ചഎസ്, എച്ചഎസ്എസ്, സ്‌കിറ്റ് (എച്ചഎസ്എസ്), മാപ്പിളപ്പാട്ട് (യുപി, എച്ച്എസ്, എച്ച്എസ്എസ്) എന്നീ കലാമല്‍സരങ്ങളാണ് നാളെ നടക്കുന്നത്.
Next Story

RELATED STORIES

Share it