Kollam Local

കൗമാര കലാമേളയ്ക്ക് ഇന്ന് കൊടിയേറും

കൊല്ലം: നാലുനാള്‍ നീണ്ടുനില്‍ക്കുന്ന 58ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് തിരശ്ശീല ഉയരും. കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസ് ഉള്‍പ്പടെ 13 വേദികളിലായാണ് മല്‍സരം. മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ദിവസമായിരുന്ന മേള ഇത്തവണ നാലുദിവസമായി ചുരുക്കിയിട്ടുണ്ട്. ഇതുള്‍പ്പടെ ഒട്ടേറെ പരിഷ്‌കാരങ്ങളോടെയാണ് ഇക്കുറി സ്‌കൂള്‍ കലോല്‍സവം അരങ്ങേറുന്നത്.
ഇന്ന് രാവിലെ എട്ടുമുതല്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. രാവിലെ ഒമ്പതിന് കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസ്സില്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ മേള ഉദ്ഘാടനം ചെയ്യും. കലാമല്‍സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജു നിര്‍വഹിക്കും. എംപിമാരായ കെ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, എംഎല്‍എമാരായ കെ ബി ഗണേഷ്‌കുമാര്‍, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, കലക്ടര്‍ എസ് കാര്‍ത്തികേയന്‍ പങ്കെടുക്കും.
മേളയുടെ രജിസ്‌ട്രേഷന്‍ ഇന്നലെ വൈകീട്ട് മുതല്‍ ആരംഭിച്ചു.  ക്രിസ്തുരാജ് എച്ച്എസ്, വിമലഹൃദയ ജിഎച്ച്എസ്എസ്, ബാലികാമറിയം, ടികെഡിഎംഎച്ച്എസ്എസ്, കെവിഎസ്എന്‍ഡിപി സ്‌കൂള്‍, ജവഹര്‍ ബാലഭവന്‍, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ്, ആശ്രാമം ശ്രീ ബാലസുബ്രഹ്മണ്യം ഓഡിറ്റോറിയം, സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെന്റര്‍, ക്രേവണ്‍ എല്‍എംഎസ്എച്ച്എസ്, ലാല്‍ബഹദൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഉദ്ഘാടനത്തിന് ശേഷം പ്രധാനവേദിയായ ക്രിസ്തുരാജ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ യുപി വിഭാഗം ഭരതനാട്യവും കുച്ചുപ്പുടിയും അരങ്ങേറും. മറ്റ് വേദികളില്‍ വയലിന്‍, വീണ, കേരളനടനം, ക്വിസ്, പ്രസംഗം, പഞ്ചവാദ്യം, ചെണ്ട, മദ്ദളം, വൃന്ദവാദ്യം, ബാന്റ് മേളം എന്നീ മല്‍സരങ്ങളും അരങ്ങേറും. മേളയിലെ ജനപ്രിയ ഇനങ്ങളിലൊന്നായ മോണ് ആക്ട്, മിമിക്രി മല്‍സങ്ങള്‍ പത്താം വേദിയായ ജവഹര്‍ ബാലഭവനില്‍ നടക്കും.
299 മല്‍സര ഇനങ്ങളിലായി ആകെ 6500ഓളം കലാപ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കുന്നത്. ആശ്രാമം എവൈകെ ഓഡിറ്റോറിയത്തിലാണ് ഊട്ടുപുര ഒരുക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it