kannur local

കൗമാരമേളയ്ക്കു നാളെ കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് നാളെ കണ്ണൂര്‍ ജിവിഎച്എസ്എസ്സില്‍ തുടക്കമാവും. ഔപചാരിക ഉദ്ഘാടനം അഞ്ചിനാണ്. 15 ഉപജില്ലകളില്‍ നിന്നായി 7423 കലാകാരന്‍മാര്‍ മേളയില്‍ പങ്കെടുക്കും.
അപ്പീല്‍വഴിയെത്തുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ മല്‍സരാര്‍ഥികളുടെ എണ്ണം കൂടും. നാലു മുതല്‍ എട്ടുവരെ നീളുന്ന കലോല്‍സവത്തില്‍ 297 ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുക. പ്രധാന വേദിക്കു പുറെമ വിവിധയിടങ്ങളിലായി 15 സ്റ്റേജുകളാണ് മേളയ്ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്.
നാലിന് രാവിലെ എട്ടിന് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. അന്നേ ദിവസം യുപി, എച്എസ്, എച്എസ്എസ് തലത്തിലെ കഥ, കവിത, ഉപന്യാസ രചന, ചിത്രരചന തുടങ്ങിയ ഇനങ്ങങ്ങളാണ് നടക്കുക. കൂടാതെ, എച്എസ്, എച്എസ്എസ് വിഭാഗത്തിലെ പൂരക്കളി, ചെണ്ടമേളം, ബാന്റ്‌മേളവും നാലിന് നടക്കും. ടൗണ്‍ സ്‌ക്വയര്‍, ടൗണ്‍ബാങ്ക് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറി ഹാള്‍, താവക്കര യുപിഎസ്, തളാപ്പ് മിക്‌സഡ് യുപിഎസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍, ടിടിഐ ഗ്രൗണ്ട്, ബിആര്‍സി ഹാള്‍, ശിക്ഷക് സദന്‍ തുടങ്ങിയവയാണ് പ്രധാന വേദികള്‍.
ഓരോ ദിവസത്തെയും മല്‍സരങ്ങള്‍ വൈകീട്ട് 7.30ന് മുമ്പായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിഡിഇ ഇ വസന്തന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേള റിപോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മീഡിയാറൂമില്‍ വൈഫൈ സംവിധാനം ഒരുക്കും. മല്‍സരാര്‍ഥികള്‍ക്കും വിവിധ ചുമതലയുള്ള അധ്യാപകര്‍ക്കും വോളന്റിയേഴ്‌സിനും അഞ്ചുദിവസവും ഭക്ഷണമേര്‍പ്പെടുത്തും.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി ഒ മോഹനന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ ടി ശശി, കണ്‍വീനര്‍ ഇ അബ്ദുസ്സലാം, പി കെ ജയറാം പങ്കെടുത്തു.
Next Story

RELATED STORIES

Share it