malappuram local

കൗമാരങ്ങളെ പുകയിപ്പിച്ച് കഞ്ചാവ് ലോബി: കണ്ടില്ലെന്നു നടിച്ച് അധികൃതര്‍

തേഞ്ഞിപ്പലം: ദേശീയപാതയോരത്തെ തേഞ്ഞിപ്പലം പണമ്പ്ര വളവിലെ അനാശ്യാസ കേന്ദ്രത്തിലെ കഞ്ചാവ്-മയക്കുമരുന്ന് വിപണനം എക്‌സൈസ് വകുപ്പ് പിടികൂടിയെങ്കിലും തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. കൗമാരക്കാരെ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന സംഘമാണ് ഇതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേര്‍ ശനിയാഴ്ച അറസ്റ്റിലായെങ്കിലും പ്രതികള്‍ ഉന്നത ബന്ധത്തില്‍ രക്ഷപ്പെടാന്‍ സാധ്യത തെളിയുന്നു. മൂന്നു വര്‍ഷത്തിലധികമായി പാണമ്പ്രയില്‍ അനാശ്യാസ,കഞ്ചാവ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം നാട്ടുകാര്‍ പലതവണ അധികൃതര്‍ക്ക് മുമ്പാകെ പരാതിപ്പെട്ടിട്ടും പോലിസ് നടപടി സ്വീകരിക്കാതിരുന്നതും കഞ്ചാവ് ലോബിക്കുള്ള ഉന്നത ബന്ധമാണ് വ്യക്തമാക്കുന്നത്. തേഞ്ഞിപ്പലത്ത് ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയ സാഹചര്യത്തില്‍ 14 ന് എക്‌സൈസ് വകുപ്പിന്റെയും ജനപ്രതിനിധികളുടെയും യോഗം യൂനിവേഴ്‌സിറ്റിയില്‍ വിളിച്ച് ചേര്‍ത്തതായി പി അബ്ദുല്‍ഹമീദ് എംഎല്‍എ അറിയിച്ചു. എന്നാല്‍ രണ്ടുപേര്‍ അറസ്റ്റിലായ ശേഷം കഴിഞ്ഞ ദിവസം പോലിസ് അനാശ്യാസ കേന്ദ്രം അടച്ചു പൂട്ടിയിട്ടുണ്ട്. ഇവിടെപ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലെന്നാണ് അധികൃതരില്‍ നിന്നും ലഭിച്ച വിവരം. ആളുകള്‍ ശ്രദ്ധിക്കപ്പെടാത്ത ദേശീയപാതയോരത്തെ കാടിനുള്ളിലായതിനാലാണ് അനാശ്യാസത്തിനും കഞ്ചാവ് വില്‍പനയ്്ക്കും സഹായകരമാവുന്നത്. കഴിഞ്ഞ ദിവസം പിടികുടിയ രണ്ടുപേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ കാംപസിനുള്ളില്‍ നിന്ന് ഒരാളെ കൂടി എക്‌സൈസ് പിടികൂടിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് സംഘം സജീവമാണെന്ന പല തെളിവുകളും കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു. ചേളാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഹിനൂര്‍ എന്‍ജിനീയറിങ് കോളജ്, യൂനിവേഴ്‌സിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,യൂനിവേഴ്‌സിറ്റി പഠന വിഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ തേഞ്ഞിപ്പലത്ത് കഞ്ചാവ് മയക്കുമരുന്ന് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് പോലിസ്, എക്‌സൈസ് വകുപ്പിന്റെ ജാഗ്രത അനിവാര്യമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. സന്ധ്യയായാല്‍ പ്രദേശത്തെ കുറ്റിക്കാടുകള്‍ കഞ്ചാവ് പുകയുന്നതു പതിവു കാഴ്ചയാണ്.ചേളാരി, കോഹിനൂര്‍, യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഇത്തരം സംഘങ്ങളുടെ പ്രത്യേക ക്യാംപ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് ജനങ്ങള്‍ നല്‍കുന്നത്. അജ്ഞാതരായ ചിലര്‍ ബൈക്കിലെത്തുന്നതും പോവുന്നതും നിത്യ കാഴ്ചയാണ്. സര്‍വകലാശാലാ കാംപസിനുള്ളിലെ കുറ്റിക്കാടുകളില്‍ നിന്ന് ഒരു മാസം മുമ്പ് കഞ്ചാവ് പൊതികള്‍ കാട് വെട്ടുന്ന തൊഴിലാളികള്‍ക്കു ലഭിച്ചിരുന്നു.വ്യക്തമായ വിവരങ്ങളുണ്ടായിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കാത്തതാണ് മയക്കുമരുന്ന് ലോബിക്ക് സഹായകമാവുന്നത്.

Next Story

RELATED STORIES

Share it