wayanad local

കൗമാരകലോല്‍സവത്തിന് നാളെ തിരിതെളിയും

കല്‍പ്പറ്റ: 38ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സലവം നാളെ മുതല്‍ എട്ടുവരെ പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളിലായി 302 ഇനങ്ങളില്‍ നടക്കുന്ന മേളയ്ക്കായി പനമരം സ്‌കൂള്‍ ഒരുങ്ങിയതായി സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ടി ഉഷാകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2500ലധികം മല്‍സരാര്‍ഥികളും 120 വിധികര്‍ത്താക്കളും ആയിരത്തിലധികം അധ്യാപകരും രക്ഷിതാക്കളും സംഘാടകരുമായി പതിനായിരത്തോളം പേര്‍ ജില്ലാ കലോല്‍സവത്തിന് മിഴിവ് കൂട്ടും.
കബനി, സുഹാനി, തലക്കല്‍ ചന്തു, ഇഫോറിയ, വര്‍ദ, നന്തുണി, തരാന, കാവ്യഭാരതി എന്നീ എട്ടു വേദികളിലായാണ് അഞ്ചു ദിവസങ്ങളില്‍ മല്‍സരങ്ങള്‍ നടക്കുക. ഇവയ്‌ക്കൊപ്പം ക്ലിന്റ്, സരോവരം, ഹിലാല്‍, സിതാര്‍, വൈഖരി തുടങ്ങിയ വേദികളിലായി ചരനാ മല്‍സരങ്ങള്‍ നടക്കും. നാളെ രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
തുടര്‍ന്ന് സ്റ്റേജിതര മല്‍സരങ്ങളായ മലയാളം കഥാരചന, കവിതാ രചന തുടങ്ങിയവ നടക്കും. ആറിന് ഉച്ചയ്ക്കു ശേഷമാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗദ്ദിക കലാകാരന്‍മാര്‍ ഉള്‍പ്പെടെ അണിനിരക്കുന്ന സാംസ്‌കാരിക ദൃശ്യവിസമയം നടക്കും. മേള ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലിസ് മേധാവി ഡോ. അരുണ്‍ ആര്‍ ബി കൃഷ്ണ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേത്രി സ്റ്റെഫി സേവ്യര്‍ വിശിഷ്ടാതിഥിയാവും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് സംബന്ധിക്കും. സമാപന സമ്മേളനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സി കെ ശശീന്ദ്രന്‍ എംഎല്‍എ സമ്മാനദാനം നടത്തും. സി മമ്മൂട്ടി എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യാതിഥിയായിരിക്കും. പ്രവേശന കവാടത്തിനരികില്‍ പ്രത്യേക ഹെല്‍പ് ഡസ്‌ക് ഒരുക്കും. ഫലങ്ങള്‍, മല്‍സര സമയം, വേദികള്‍ തുടങ്ങിയവ ഇവിടെ നിന്നു ലഭിക്കും. കലോല്‍സവങ്ങള്‍ നടക്കുന്ന സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. മേളയുടെ വിജയത്തിനായി വിപുലമായ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ലോഗോ പ്രകാശനവും മീഡിയാ സെന്റര്‍ ഉദ്ഘാടനവും നടന്നു. ജില്ലയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മേള വന്‍വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് നടത്തിവരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എം ടി മാത്യു, ഹെഡ്മാസ്റ്റര്‍ ജോഷി കെ ജോസഫ്, പിടിഎ പ്രസിഡന്റ് മഞ്ചേരി കുഞ്ഞമ്മത് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it