thrissur local

കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറു പടി നല്‍കാതെ ചെയര്‍പേഴ്‌സണ്‍ ഒളിച്ചോടുന്നെന്ന്

ഗുരുവായൂര്‍: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറപടി നല്‍കാതെ ചെയര്‍പേഴ്‌സന്‍ ഒളിച്ചോടുന്നതായി ആക്ഷേപം. ക്ലീന്‍ സ്‌കൂള്‍ ഡേ നടത്താതിരുന്നതിന് കാരണമന്വേഷിച്ച കൗണ്‍സിലര്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാകാതെ ചെയര്‍പേഴ്‌സന്‍ ഉരുണ്ടുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ചെയര്‍പേഴ്‌സന്‍ കേള്‍ക്കാത്ത മട്ടില്‍ മറ്റു വിഷയങ്ങളിലേക്ക് കടക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റ സര്‍ക്കുലര്‍ പ്രകാരം അയല്‍ നഗരസഭകളില്‍ പദ്ധതി നടപ്പാക്കിയെങ്കിലും ഗുരുവായൂരില്‍ നടപ്പിലാക്കാതിരുന്നത് വിദ്യാലയങ്ങളിലെ ശോച്യാവസ്ഥക്ക് ആക്കം കൂട്ടുമെന്നും അവര്‍ ചൂണ്ടികാട്ടി. ചോദ്യം പലതവണ ആവര്‍ത്തിച്ചതോടെ അജന്‍ഡയിലില്ലാത്ത വിഷയങ്ങള്‍ 10 ദിവസം മുമ്പ് എഴുതി തരണമെന്ന് ചെയര്‍പേഴ്‌സന്‍ മറുപടി നല്‍കി. എന്നാല്‍ അജന്‍ഡയിലില്ലാത്ത മറ്റു ചോദ്യങ്ങള്‍ക്കെല്ലാം ചെയര്‍പേഴ്‌സന്‍ വ്യകതമായ ഉത്തരം നല്‍കുകയും ചെയ്തു.
നഗരസഭയുടെ കീഴിലുള്ള ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കെണ്ടറി സ്‌കൂളില്‍ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുമ്പോഴും പുതിയതായി പണിത കെട്ടിടം തുറന്ന് കൊടുക്കാത്തത് നഗരസഭയുടെ പിടിപ്പുകേടാണെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍ ചൂണ്ടികാട്ടി. ഇലക്ട്രിക്കല്‍ ജോലികള്‍ ബാക്കിയുള്ളതിനാലാണ് കെട്ടിടം തുറന്നുകൊടുക്കാത്തതെന്നും പഴയ കെട്ടിടങ്ങളില്‍ ചോര്‍ച്ചയില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വാര്യര്‍ പറഞ്ഞു. എന്ന് തുറന്ന് കൊടുക്കാനാകും എന്ന പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് പണികള്‍ കഴിഞ്ഞാല്‍ തുറന്നുകൊടുക്കും എന്ന് ചെയര്‍പേഴ്‌സന്‍ മറുപടി നല്‍കി.
പി.എം.എ.വൈ. പദ്ധതിപ്രകാരം വീടുവെക്കുന്നതിന് സ്ഥലം വാങ്ങിയ നിരവധിപേര്‍ പ്ലോട്ട് ഡെവലപ്പ്‌മെന്റ് പെര്‍മിറ്റില്ലാത്തതിനാല്‍ വീട് പണിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് യോഗം വിലയിരുത്തി. പദ്ധതി ഗുണഭോകതാക്കളായ 694 പേരില്‍ 394 പേര്‍ക്കും ഇതേ അവസ്ഥയാണെന്നും യോഗം വിലയിരുത്തി. ഇവര്‍ക്ക് വീട് പണിയുന്നതിന് വേണ്ട സൗകര്യം ചെയ്ത് നല്‍കാനും യോഗം തീരുമാനിച്ചു. നഗരത്തിലെ മാലിന്യം വലിയ തോട് വഴി ചക്കംകണ്ടത്തേക്കൊഴുകുന്നതിനാല്‍ പരിസരവാസികള്‍ ദുരിതത്തിലാണെന്നും ഇതിന് അറുതി വരുത്തണമെന്നും വാ ര്‍ഡ് കൗണ്‍സിലര്‍ ലതപ്രേമന്‍ ആവശ്യപ്പെട്ടു.
അഴുക്ക്ചാല്‍ പദ്ധതിക്കായി സ്ഥാപിച്ച കെട്ടിടവും മെഷിനറികളും നശിച്ചതായും മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്ന ചൂല്‍പ്പുറം വാതക ശ്മശാനം ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. വാര്‍ഡ് സഭ നടത്തുന്ന ചിലവ് തുക 1000 രൂപയില്‍ 2000രൂപയാക്കി വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ പ്രഫ പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it