palakkad local

ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ്



പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചത് വിവിധ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി. 2016 ഓഗസ്റ്റ് മുതല്‍ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1000 രൂപയാക്കി വര്‍ധിപ്പിച്ചു. മെമ്പര്‍ പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, ഭിന്നശേഷിയുള്ളവരുടെ പെന്‍ഷന്‍, സാന്ത്വനം പെന്‍ഷന്‍, വിവാഹം-ചികിത്സ-അപകട ധനസഹായം, സ്‌കോളര്‍ഷിപ്പ്, മരണാനന്തര ധനസഹായം, വി ആര്‍ എസ്, മരണാനന്തര ചെലവ്, പ്രസവം, മാരകരോഗ ചികില്‍സ തുടങ്ങിയവയ്ക്കായി അംഗങ്ങള്‍ക്ക് 34.44 കോടി വിതരണം ചെയ്തു. കള്ള് വ്യവസായ തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ ധനസഹായം, വായ്പ ഇനങ്ങളിലായി 5.26 കോടി നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പാലക്കാട് ഡിവിഷനു കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളകുടിശ്ശിക നല്‍കുന്നതിനായി 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ 25 വരെ 3.04 കോടിയും ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ക്ക് ധനസഹായമായി 26.37 ലക്ഷവും ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കുളം, കാവ്, ആല്‍ത്തറ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 2.92 ലക്ഷവും അനുവദിച്ചു.    മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭക്തജനങ്ങള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും കൂടുതല്‍ പ്രയോജനപ്രദമാക്കുന്നതിനും ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ കമ്മിറ്റി സിറ്റിങ് നടത്തി അഭിപ്രായങ്ങള്‍ ശേഖരിച്ചു. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് പാലക്കാട് ഡിവിഷന്‍ ഹാെലെറ്റ് ഡെവലപ്‌മെന്റ് പദ്ധതി—പ്രകാരം മലമ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ അടപ്പ് പട്ടികജാതി കോളനിയില്‍ ഒന്‍പത് വീടുകളുടെ അറ്റകുറ്റ പണികളും 13 വീടുകള്‍ക്ക് കക്കൂസ് ലീച്ച്പ്പിറ്റുകളും  കോളനിപ്രദേശത്ത് കോണ്‍ക്രീറ്റ് റോഡ് നിര്‍മാണവും നടത്തി. കൂടാതെ രണ്ട് ലക്ഷം സബ്‌സിഡി നല്‍കുന്നതും നാല് ലക്ഷം രൂപയില്‍ കുറയാത്ത നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതുമായ ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം  2016-17ല്‍ 171 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ജില്ലാ ലേബര്‍ ഓഫീസ് മുഖേനെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം-പെന്‍ഷന്‍ ഇനത്തിലും മരംകയറ്റ തൊഴിലാളികള്‍ക്ക് അവശതാപെന്‍ഷന്‍ ,അപകടം - മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടും ധനസഹായം നല്‍കി.
Next Story

RELATED STORIES

Share it