ക്ഷേമപെന്‍ഷന്‍ ചെക്ക് മുഖേന പദ്ധതി ആറിന് തുടങ്ങും

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ചെക്ക് മുഖേന വിതരണം ചെയ്യുന്ന സമ്പ്രദായത്തിന് ഈ മാസം 6ന് തുടക്കമാവും. 18.63 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 537.43 കോടി രൂപയുടെ ചെക്കുകള്‍ വിതരണം ചെയ്യുന്ന ജില്ലാതല പരിപാടികള്‍ അന്ന് നടക്കും. 2015 സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കുടിശ്ശികയാണ് ഈ തുക. തദ്ദേശഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിയും ചേര്‍ന്നാണ് തുക ഏറ്റുവാങ്ങുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അര്‍ഹരായവര്‍ക്ക് കേരളത്തിലെ 1043 തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ പെന്‍ഷന്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് മന്ത്രി എംകെ മുനീര്‍ അറിയിച്ചു.
ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ട് ഉണ്ടാവുമെന്ന പ്രത്യേകത കൂടി ഈ സംവിധാനത്തിനുണ്ട്. നേരത്തെ പോസ്റ്റ് ഓഫിസ് അക്കൗണ്ട് വഴി പെന്‍ഷന്‍ തിരഞ്ഞെടുത്തവരാണ് ഈ 18.63 ലക്ഷം ഗുണഭോക്താക്കള്‍.
ആവശ്യമായ ചെക്കുകള്‍ അച്ചടിച്ച് തയ്യാറാക്കിയിട്ടുണ്ട്. വാര്‍ധക്യകാല, വികലാംഗ, വിധവ, കര്‍ഷകത്തൊഴിലാളി, അമ്പത് കഴിഞ്ഞ അവിവാഹിതകള്‍ എന്നിവര്‍ക്കുള്ള പെന്‍ഷനുകളിലായി 2016 ജനുവരിയിലെ കണക്ക് പ്രകാരം ആകെ 33.48 ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ ഇപ്പോള്‍ 9.71 ലക്ഷം പേര്‍ ബാങ്ക് അക്കൗണ്ട് മുഖേനയും 5.14 പേര്‍ ഇലക്‌ട്രോണിക് മണി ഓര്‍ഡര്‍ മുഖേനയും ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരാണ്.
ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ ഓപ്റ്റ് ചെയ്തിരുന്നവര്‍ക്ക് 2015 ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പെന്‍ഷന്‍ വിതരണം കുറ്റമറ്റതാക്കുന്ന ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ സമ്പ്രദായം ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് നടപ്പാക്കുന്നത്. ബന്ധപ്പെട്ട മന്ത്രിമാര്‍ വിവിധ ജില്ലകളിലെ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it