wayanad local

ക്ഷേമപദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തൊഴില്‍വകുപ്പ്

കല്‍പ്പറ്റ: തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍ വകുപ്പിന്റെ ക്ഷേമപദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ജില്ലയില്‍ 390 തൊഴിലാളികള്‍ക്ക് ഇതിനകം ധനസഹായം നല്‍കി.
ഇവര്‍ക്ക് പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നു. മരംകയറ്റ തൊഴിലിനിടെയുണ്ടാവുന്ന അപകടങ്ങളില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാത്തവിധം അവശരാവുന്ന തൊഴിലാളികള്‍ക്ക് 50,000 രൂപയാണ് പദ്ധതി പ്രകാരം നല്‍കിവരുന്നത്. അപകടത്തില്‍ മരിക്കുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപയാണ് ധനസഹായം. 1,100 രൂപ വീതം 99 പേര്‍ക്ക് നിലവില്‍ പെന്‍ഷന്‍ നല്‍കിവരുന്നു. 2018 ജനുവരി മാസം വരെ ഇത്തരത്തില്‍ പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച 15,34,650 രൂപ അര്‍ഹരായവര്‍ക്കു നല്‍കി.
അസംഘടിത തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നിര്‍ധനര്‍ക്ക് ചികില്‍സാ സഹായം നല്‍കിവരുന്നു.
8,000 രൂപയാണ് ഈയിനത്തില്‍ ചെലവഴിച്ചത്. കാന്‍സര്‍, വൃക്ക, ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും പക്ഷാഘാതം സംഭവിച്ചവര്‍ക്കുമാണ് സഹായം. 2017-18 സാമ്പത്തിക വര്‍ഷം വരെ 90 തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ ധനസഹായം നല്‍കി. കേരള അസംഘടിത തൊഴിലാളി റിട്ടയേര്‍ഡ് പെന്‍ഷന്‍ സ്‌കീം പദ്ധതി പ്രകാരം 13 തൊഴിലാളികള്‍ക്ക് പ്രതിമാസം 1,100 രൂപ വീതം പെന്‍ഷന്‍ നല്‍കിവരുന്നു. 2018 മാര്‍ച്ച് വരെ പെന്‍ഷന്‍ വിതരണം ചെയ്തു. 2,36,600 രൂപയാണ് ഈയിനത്തില്‍ ചെലവഴിച്ചത്. ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 203905.
Next Story

RELATED STORIES

Share it