thiruvananthapuram local

ക്ഷേത്ര തര്‍ക്കം: വെങ്ങാനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവളം: വെങ്ങാനൂര്‍ മേക്കുംകര നീലകേശി മുടിപ്പുര ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ നിലവിലുള്ള ട്രസ്റ്റിനുപുറമെ സമാന്തര ട്രസ്റ്റ് രൂപീകരിച്ചതോടെ ഇവിടെ രണ്ടു ചേരികള്‍ തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
ഏപ്രില്‍ എട്ടുമുതല്‍ 14 വരെ നടക്കാനിരിക്കുന്ന ക്ഷേത്രോല്‍സവത്തിനു മുമ്പായി ക്ഷേത്രാവകാശികള്‍ എന്നവകാശപ്പെടുന്ന സമാന്തരക്കമ്മറ്റി ഇന്ന് കാല്‍നാട്ടുകര്‍മം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇത് സംഘര്‍ഷം ഉണ്ടാക്കാന്‍ ഇടയുള്ളതിനാലാണ് പ്രത്യേക വകുപ്പ് പ്രകാരം കലക്ടര്‍ 144 പ്രഖ്യാപിക്കുകയും കാല്‍നാട്ടുകര്‍മം നടത്താന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.
പ്രദേശത്ത് ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. പുതിയ ട്രസ്റ്റ് രൂപീകരണത്തെ എതിര്‍ത്ത് ഒരു വിഭാഗം ഭക്തരും ക്ഷേത്രവരിക്കാരും രംഗത്തെത്തിയതോടെയാണ് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ബാലരാമപുരം, കരമന, വിഴിഞ്ഞം സ്റ്റേഷനുകളിലും നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയിലും തിരുവനന്തപുരം ജില്ലാ കോടതിയിലും കേസുകള്‍ നിലവിലുണ്ട്.
ട്രസ്റ്റ് ഭാരവാഹികളും സമാന്തരകമ്മറ്റിയും പ്രത്യേകം നോട്ടീസടിച്ച് പിരിവുനടത്തി ഉല്‍സവത്തിനുവേണ്ടി ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഉല്‍സവം ഏതുവിഭാഗം നടത്തുമെന്ന തര്‍ക്കം പരിഹരിക്കാന്‍ വിഴിഞ്ഞം പോലിസില്‍നിന്നും കലക്ടര്‍ ഓഫിസില്‍ നിന്നുമുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഉല്‍സവത്തിനു മുന്നോടിയായി നടക്കേണ്ട കാല്‍നാട്ടു കര്‍മം സമാന്തരകമ്മറ്റി നടത്താന്‍ തീരുമാനിച്ചതോടെയാണ് നിലവില്‍ സംഘര്‍ഷസാധ്യത ഉടലെടുത്തത്.
Next Story

RELATED STORIES

Share it