Kollam Local

ക്ഷേത്രാരാധനയില്‍ വിശ്വാസമുളള എല്ലാ മതക്കാര്‍ക്കും ആരാധന നടത്താന്‍ അനുവാദം നല്‍കണം : പി രാമഭദ്രന്‍



കൊല്ലം:  ക്ഷേത്രാരാധനയില്‍ വിശ്വാസമുളള എല്ലാ ജാതി—-മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിച്ച് ആരാധന നടത്തുവാന്‍ അനുവാദം നല്‍കണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഗായകന്‍ യേശുദാസിനോളം അര്‍ഹതയുളള ഒരു ഭക്തനും ഇന്ന് ജീവിച്ചിരിപ്പില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ ഒഴുകിയെത്തുന്നതിന് കവി യൂസഫലി കേച്ചേരിയുടെ രചനയും യേശുദാസിന്റെ ഗാനങ്ങളും മഹത്തായ പങ്കാണ് വഹിച്ചിട്ടുളളത്. എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനമനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ച തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും ഗുരുവായൂര്‍ ക്ഷേത്രപ്രവേശനഉത്തരവിന്റെയും ഘട്ടത്തിലും തടസ്സവാദങ്ങളുമായി തന്ത്രി സമൂഹവും ചില യാഥാസ്ഥിതകരും മുന്നോട്ട് വന്നിരുന്നു. അന്ന് ദേവഹിതം നോക്കിയല്ല ക്ഷേത്രപ്രവേശനം അനുവദിച്ചത്.  പ്രാകൃതമായ ചിന്തകള്‍ അടിച്ചേല്‍പ്പിച്ചാല്‍ ആരും സ്വീകരിക്കാന്‍ ഉണ്ടാകില്ലെന്നു നിരവധി സമീപകാലസംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകളെ പ്രവേശിപ്പക്കുന്നതിനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കുമെതിരെ നേരിട്ടുളള ആക്രമണമാണ്. ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്പ് ജാതിയുടെ പേരില്‍ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയതുപോലെ  ലിംഗവിവേചനത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തുന്നതും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് പി. രാമഭദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it