malappuram local

ക്ഷേത്രത്തില്‍ പ്രതിക്കു നേരെ കൈയേറ്റം; പോലിസിന് പൂര്‍ണമായും തെളിവെടുക്കാനായില്ല



നിലമ്പൂര്‍: ക്ഷേത്ര അക്രമണകേസിലെ പ്രതിക്ക് നേരെ കൈയേറ്റം. പോലിസിന് പൂര്‍ണമായും തെളിവെടുക്കാനാവില്ല. ഇന്നലെ പൂക്കോട്ടുംപാടം വില്ലോത്ത് ക്ഷേത്രത്തിനകത്ത് വെച്ചാണ് പ്രതി കിളിമാനൂര്‍ വീട്ടില്‍ മോഹന്‍ കുമാറിന് മര്‍ദ്ദനമേറ്റത്.പ്രതിഷ്ഠകള്‍ നശിപ്പിച്ച കേസിലെ പ്രതിയായ ഇയാളെ ഇന്നലെ തെളിവെടുപ്പിനായാണ്  ഇവിടെ കൊണ്ട് വന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നാണ് അടിയേറ്റതെന്ന് സൂചനയുണ്ട്.  പോലിസ് സംയമനം പാലിച്ച്  പ്രതിയെയും കൊണ്ട് തിരിച്ച് പോവുകയായിരുന്നു. പ്രതി മോഹന്‍കുമാര്‍ മുമ്പും പല തവണ നിലമ്പൂര്‍ ഭാഗങ്ങളിലെ  ക്ഷേത്രങ്ങളില്‍ അക്രമണ സ്വഭാവം കാണിച്ചിരുന്നതായി സംസാരമുണ്ട്. നിലമ്പൂര്‍ പാട്ടുല്‍സവ വേളയില്‍  വേട്ടേക്കൊരു ക്ഷേത്രത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നു പിടികൂടിയ ഇയാളെ പിന്നീട്  പോലിസ് വിട്ടയക്കുകയായിരുന്നത്രെ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂര്‍ കീര്‍ത്തിപ്പടി ക്ഷേത്രത്തിന് സമീപം അര്‍ധരാത്രിയില്‍ ടൗണിലെ കച്ചവടക്കാരില്‍ ചിലര്‍ ഇയാളെ കണ്ടതായി പറയുന്നു. ക്ഷേത്രത്തിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി  പൂക്കോട്ടുംപാടത്ത്  പൊതുജനങ്ങളുടെ സ്വസ്ഥജീവിതത്തിന് തടസ്സം നേരിട്ടിരുന്നു.  സംഘ്പരിവാര്‍ സംഘടനകളുടെ  ഭീതി പരത്തിയ പ്രകടനങ്ങളും തുടര്‍ന്ന് വിവിധ ഭാഗങ്ങളിലുള്ള പോലിസ് പിക്കറ്റും മറ്റും നാട്ടുകാരില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതെ തുടര്‍ന്ന് ബിജെപി ഒഴികെയുള്ള  വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ശാന്തിയാത്രയും അതോടനുബന്ധിച്ച് പൊതുയോഗവും നടന്നു.തെളിവെടുപ്പിനിടെ പ്രതി ആദ്യം തന്റെ ബാഗ് കാണിച്ചു കൊടുത്തു.വാര്‍ക്കപ്പണിക്ക് ആവശ്യമായ ചട്ടകം,തേപ്പു പലക, ചുറ്റിക എന്നിവയാണ് ബാഗിനകത്ത് ഉണ്ടായിരുന്നത്.ആരെങ്കിലും കണ്ടാല്‍ പണിക്കു വന്നതാണെന്ന് പറയാന്‍ വേണ്ടിയാണ് പണിയാധുങ്ങള്‍ കൊണ്ടുവന്നതെന്നും, ചുറ്റിക വിഗ്രഹം തല്ലിത്തകര്‍ക്കാന്‍ ഉപയോഗിച്ചതായും പ്രതി പറഞ്ഞു. ഭഗവതി വിഗ്രഹത്തില്‍ നിന്നും കിട്ടിയ വെള്ളിയില്‍ കെട്ടിയ മാലയിലെ സ്വര്‍ണ ലോക്കറ്റ് എടുക്കുകയും മാല ചുറ്റി എറിയുകയും ചെയ്തതായി പറഞ്ഞു.പിന്നീട് ക്ഷേത്രത്തിനു പടിഞ്ഞാറേ ഭാഗത്ത് കൊണ്ടുവന്നപ്പോള്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലൂടെ രണ്ടു പേര്‍ പ്രതിയെ ആക്രമിക്കുകയും ചെയ്തതോടെയാണ് തെളിവെടുപ്പ് അവസാനിപ്പിച്ചത്. തുടര്‍ന്ന പോലിസ് പ്രതിയെ തിരിച്ചുകൊണ്ടു പോകുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍ സിഐമാരായ ദേവസ്യ, എജെ ജോണ്‍സണ്‍, സന്തോഷ്, എസ്‌ഐ മാരായ അമൃത്‌രംഗന്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ജ്യോതീന്ദ്രകുമാര്‍, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
Next Story

RELATED STORIES

Share it