ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സാമുദായിക ധ്രുവീകരണത്തിന് ആര്‍എസ്എസ് ശ്രമം: കോടിയേരി

കോഴിക്കോട്: കേരളത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുവരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ അടുത്തിടെ ആര്‍എസ്എസ് പ്രമുഖ് മോഹന്‍ ഭാഗവത് പങ്കെടുത്ത ബൈഠക്കിലാണ് മതേതരത്വത്തെ തകര്‍ക്കുന്ന ഈ തീരുമാനം കൈക്കൊണ്ടതെന്നും കോടിയേരി പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മതരാഷ്ട്രവാദം ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളും ഇന്ത്യന്‍ ഭരണഘടനയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര പരിസരത്തു ജീവിക്കുന്ന ഇതരമത വിഭാഗക്കാരെ അവിടെ നിന്നു പതുക്കെ മാറ്റാനും കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാനുമാണ് ബൈഠക്കില്‍ തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്ര ജീവനക്കാരെ ആര്‍എസ്എസ്‌വല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കുക എന്ന അജണ്ടയുടെ ഭാഗമായാണ് സംഘപരിവാരം കേരളത്തിലും ഇത്തരത്തിലുള്ള ധ്രുവീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. ഗോഹത്യയുടെ പേരില്‍ നരഹത്യ നടത്തുന്ന രാജ്യം ഇന്ത്യയല്ലാതെ വേറെയില്ലെന്നും കോടിയേരി പറഞ്ഞു.   50 വര്‍ഷം പൂര്‍ത്തിയാക്കിയ അഭിഭാഷകരെയും അഭിഭാഷക ക്ലാര്‍ക്കുമാരെയും ആദരിക്കല്‍ ചടങ്ങ് മേയര്‍ വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷനായിരുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര്‍പ്രസാദ്, കെ ടി കുഞ്ഞിക്കണ്ണന്‍, അഡ്വ. കെ എസ് രാജഗോപാല്‍  അഡ്വ. ഇ വി വിശ്വംഭരന്‍, അഡ്വ. കെ എന്‍ ജയകുമാര്‍, അഡ്വ. എം കെ ദിനേശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it