Kerala

ക്ഷേത്രങ്ങളില്‍ ഭിക്ഷാടനം ഹൈക്കോടതി നിരോധിച്ചു

കൊച്ചി: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭിക്ഷാടനവും ലോട്ടറി വില്‍പനയും നിരോധിച്ച് ഹൈക്കോടതി ഉത്തരവ്. അന്നപ്രസാദം അടക്കുമുള്ള സൗജന്യ ഭക്ഷണവിതരണം നടത്തുന്നവ ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും യാചകരെ നിരോധിക്കണമെന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണ്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകളുടെ ഇടത്താവളത്തിലടക്കം ഭിക്ഷാടനം നടത്തുന്നത് കര്‍ശനമായി തടയണം. ക്ഷേത്രങ്ങളുടെ ചുറ്റമ്പലത്തിനുള്ളില്‍ മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്ഷേത്രത്തിന്റേതായി നിജപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ വരെ യാചകരെ അനുവദിക്കരുത്.
ഭിക്ഷാടനംമൂലം ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. സംഘടിതമായ ഭിക്ഷാടനം ഭക്തരുടെ ഏകാഗ്രതയെയും ക്ഷേത്രത്തിന്റെ പവിത്രതയെയും തടസ്സപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലടക്കം നേര്‍ച്ചയുടെ ഭാഗമായി സൗജന്യ ഭക്ഷണവിതരണം നടത്തുന്ന ക്ഷേത്രങ്ങളില്‍ യാചകരെ നിരോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
എറണാകുളം ശിവക്ഷേത്രത്തില്‍ ഭിക്ഷാടനം നിരോധിച്ച് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചി സിറ്റിയിലെ പല ക്ഷേത്രങ്ങളിലും യാചകരുടെ ശല്യം വര്‍ധിക്കുന്നുണ്ട്. വലിയ ക്ഷേത്രങ്ങളില്‍ യാചകര്‍ സംഘടിതമായാണ് ഭിക്ഷാടനത്തിനെത്തുന്നത്. ക്ഷേത്രങ്ങളില്‍ വരിയായി നിന്ന് ഭക്തരില്‍ നിന്നു പണം വാങ്ങുന്ന നടപടി നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങളില്‍ ലോട്ടറി വില്‍പന വ്യാപകമാവുകയാണ്. റോഡില്‍ നിന്നും വില്‍പന ക്ഷേത്രങ്ങളിലേക്കെത്തിയിരിക്കുന്നു. വിപുലമായ പൊതുതാല്‍പര്യമുള്ള വിഷയമാണിത്.
ക്ഷേത്രത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലാണ് ലോട്ടറി വില്‍പന. ലോട്ടറി വില്‍പനയ്‌ക്കെതിരേ റവന്യൂ അധികൃതര്‍ പോലിസിനെ ഉപയോഗിച്ചു നിയമപരമായ നടപടി സ്വീകരിക്കണം. സംസ്ഥാന പോലിസ് മേധാവിയും കൊച്ചി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളും ഇതുസംബന്ധിച്ച് നോട്ടീസ് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it