Flash News

ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം;ആര്‍എസ്എസ്സിനെതിരേ നിയമം നിര്‍മിക്കുമെന്ന മുഖ്യമന്തിയുടെ പ്രഖ്യാപനം പാഴായി

ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം;ആര്‍എസ്എസ്സിനെതിരേ നിയമം നിര്‍മിക്കുമെന്ന മുഖ്യമന്തിയുടെ പ്രഖ്യാപനം പാഴായി
X
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ക്ഷേത്ര മുറ്റങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനം തടയാന്‍ നിയമം നിര്‍മിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പാഴായി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് ഒന്നരവര്‍ഷമാവുമ്പോഴും നിയമം സംബന്ധിച്ച് ഒരു നടപടികളും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാന വ്യാപകമായി ആര്‍എസ്എസ് കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ 42 പ്രാഥമിക് ശിക്ഷാവര്‍ഗുകളില്‍ ആറെണ്ണം സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്‌കൂളുകളിലും ഒരെണ്ണം എന്‍ജിനീയറിങ് കോളജിലുമാണെന്ന് ബോധ്യപ്പെട്ടിട്ടും ഇടതുസര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ആര്‍എസ്എസ്സിനെതിരേ വ്യക്തമായ വിവരങ്ങള്‍ ഉള്ള സംഭവങ്ങളില്‍പ്പോലും നടപടിയെടുക്കാത്ത പിണറായി സര്‍ക്കാര്‍, പീസ് സ്‌കൂള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കെതിരേ വളരെവേഗം കടുത്ത നടപടികളുമായി രംഗത്തുവരുന്നതിനു പിന്നില്‍ ഇരട്ടത്താപ്പാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തിയാല്‍ റെഡ് വളണ്ടിയര്‍മാരെ ഉപയോഗിച്ചു തടയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്ഥാവിച്ചത് 2016 സപ്തംബറിലാണ്.



ആര്‍എസ്എസ് നേതാവ് പ്രവീണ്‍ തൊഗാഡിയ, ശശികല തുടങ്ങിയവരുടെ വര്‍ഗീയ പ്രസംഗങ്ങളില്‍ സ്വീകരിച്ച നിസ്സംഗതയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഇതിനിടെ, പ്രസംഗത്തിന്റെ പേരില്‍ മുസ്്‌ലിം പണ്ഡിതരുടെ മേല്‍ക്ക് കരിനിയമങ്ങള്‍ പ്രയോഗിച്ച് തുറങ്കിലടക്കുന്ന സാഹചര്യവുമുണ്ടായി.  ആര്‍എസ്എസ് ആയുധ പരിശീലനത്തിനെതിരേ നിയമനിര്‍മാണമെന്ന പ്രഖ്യാപനത്തിന് ഭരണതലത്തില്‍ ചിലര്‍ തുരങ്കംവച്ചിട്ടുണ്ടെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ ഷാനവാസ് കരുമാലൂര്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍ അരാധനാലയങ്ങളിലെ ആയുധ പരിശീലനം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണം നടന്നിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മറുപടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നടന്ന നിയമാസഭാ സമ്മേളനത്തിലാണ് ആര്‍എസ്എസ്സിന് കനത്ത താക്കീതാകുന്ന തീരുമാനം മുഖ്യമന്ത്രി നിയമ സഭയില്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അയ്യായിരത്തോളം ആര്‍എസ്എസ് ശാഖകളില്‍ ബഹു ഭൂരിപക്ഷവും ദേവസ്വം അമ്പലങ്ങള്‍ കേന്ദ്രീകരിച്ചാണുള്ളത്. നിയമം നിലവില്‍ വരുന്നത് സംഘപരിവാര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നു തിരിച്ചറിഞ്ഞ ആര്‍എസ്എസ് സര്‍ക്കാരിനെതിരേ തുറന്ന യുദ്ധവും പ്രഖ്യാപിച്ചിരുന്നു. അമ്പലങ്ങളിലെ ശാഖകള്‍ക്കെതിരായ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മുന്നറിയിപ്പ്. നിയമ നിര്‍മാണത്തിന് മറ്റു പാര്‍ട്ടികളില്‍ നിന്ന് പിന്തുണയും ലഭിച്ചിരുന്നു. ഇതിനിടെ, നിയമത്തിന്റെ കരട് രൂപം ദേവസ്വം വകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിയുടെ പരിഗണനക്ക് നല്‍കിയിട്ടുണ്ടെന്നും അന്തിമ രൂപം ഉടന്‍ തയ്യാറാവുമെന്നും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം എന്താണ് നിയമം നിര്‍മിക്കുന്നതിലുണ്ടായ തടസ്സമെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് ദുരൂഹതയുളവാക്കുന്നത്. മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍പ്പോലും അട്ടിമറിക്കുംവിധം ആഭ്യന്തരവകുപ്പിലും സര്‍ക്കാരിലും സംഘപരിവാരം പിടിമുറുക്കിയിട്ടുണ്ടെന്നും ആര്‍എസ്എസ്സിനെതിരായ നിയമനിര്‍മാണം അട്ടിമറിക്കപ്പെട്ടത് ഇതാണ് വ്യക്തമാക്കുന്നതെന്നുമാണ് സൂചനകള്‍.
Next Story

RELATED STORIES

Share it