ക്ഷേത്രക്കുളത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

പാലക്കാട്: കവളപ്പാറയില്‍ ക്ഷേത്രക്കുളത്തില്‍ വീണ് രണ്ടു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഷൊര്‍ണൂര്‍ കവളപ്പാറ പതിയത്ത് മഠത്തില്‍ ശ്രീരാമന്റെ (സുരേഷ്) മകള്‍ ദേവിക (ഏഴ്), പാപ്പുള്ളി അനില്‍കുമാറിന്റെ മകള്‍ ആര്യ(ഒമ്പത്) എന്നിവരാണു മരിച്ചത്. കവളപ്പാറ ശിവക്ഷേത്രക്കുളത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. കുട്ടികള്‍ കുളക്കടവിലിരുന്നു കളിക്കുമ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്നു കരുതുന്നു. ഷൊര്‍ണൂരില്‍ നിന്ന് അഗ്നിശമനസേനയെത്തിയാണ് കുട്ടികളെ കുളത്തില്‍ നിന്നു പുറത്തെടുത്തത്. ദേവികയുടെ പിതാവ് ശ്രീരാമന്‍ ശിവക്ഷേത്രത്തിലെ പൂജാരിയാണ്.
ശ്രീരാമനും ഭാര്യ തുളസിയും ഒരുവര്‍ഷം മുമ്പ് വിവാഹബന്ധം പിരിഞ്ഞു. മാതാവിനൊപ്പം ദേവികയും സഹോദരി അനുശ്രീയും തിരൂരിലാണു താമസം. കോടതിവിധി പ്രകാരം ഇടയ്ക്ക് കുട്ടികള്‍ പിതാവിന്റെ വീട്ടിലെത്തി താമസിക്കാറുണ്ട്. സ്‌കൂള്‍ പൂട്ടിയതോടെ നാലു ദിവസം മുമ്പാണ് ദേവികയും സഹോദരിയും കവളപ്പാറയിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മാതാവിന്റെ പക്കലേക്കു മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്. ആര്യയുടെ പിതാവ് അനില്‍കുമാര്‍ ഗള്‍ഫിലാണ്. മാതാവ്: ജയന്തി. സഹോദരി: ഐശ്വര്യ. മൃതദേഹം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. ബുധനാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Next Story

RELATED STORIES

Share it