World

ക്ഷേത്രക്കുളം വറ്റുന്നു; സിമന്റ് കമ്പനിക്കെതിരേ പാക് സുപ്രിംകോടതി

ഇസ്്‌ലാമാബാദ്: സിമന്റ് ഫാക്ടറികളുടെ പ്രവര്‍ത്തനത്താല്‍ വറ്റിവരണ്ട ക്ഷേത്രക്കുളം ഒരാഴ്ചയ്ക്കുള്ളില്‍ നിറയ്ക്കാന്‍ സിമന്റ് ഫാക്ടറി അധികൃതരോടു പാക്് സുപ്രിംകോടതി ഉത്തരവിട്ടു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ്് മിയാന്‍ സകിബ് നിസാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ചക്വാലിലെ കതസ് രാജ് ക്ഷേത്ര—ത്തിന് അടുത്താണു  ബെസറ്റ് വേ സിമന്റ് ഫാക്ടറിയുടെ നാല് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള കുഴല്‍ക്കിണറുകള്‍ കാരണം ഭൂഗര്‍ഭ ജലം കുറഞ്ഞതാണു ക്ഷേത്രക്കുളം വറ്റാന്‍ കാരണമെന്നു കോടതി കണ്ടെത്തി. സിമന്റ് ഫാക്ടറിയുടെ പ്രവര്‍ത്തനത്തില്‍ കോടതി അതൃപ്തി അറിയിച്ചു. മലിനീകരണ പ്രശ്‌നം രൂക്ഷമായ മേഖലയില്‍ സിമന്റ് ഫാക്ടറി തുടങ്ങാന്‍ ആരാണ് അനുമതി നല്‍കിയതെന്നു വ്യക്തമാക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ, മറ്റ് രണ്ടു ക്ഷേത്രങ്ങളില്‍ നിന്നു വിഗ്രഹങ്ങള്‍ മാറ്റിയ സംഭവത്തിലും കോടതി ആശങ്ക അറിയിച്ചു. ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മദിവസം ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാവുമോ എന്ന ഭയത്താലാണു വിഗ്രഹങ്ങള്‍ മാറ്റിയതെന്ന് അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it