wayanad local

ക്ഷീരസംഘങ്ങളുടെ സഹകരണത്തോടെ 'ബ്രഹ്മഗിരി വളര്‍ത്തുകൂട്ടം' പദ്ധതി



കല്‍പ്പറ്റ: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ സമഗ്ര മാംസോല്‍പാദന പദ്ധതിയായ 'ബ്രഹ്മഗിരി വളര്‍ത്തുകൂട്ടം' പദ്ധതി തുടങ്ങും. ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവിനും സംഘങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും ജൈവവളങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. വളര്‍ത്തുകൂട്ടം പദ്ധതിയുടെ ഭാഗമായി പോത്ത് വളര്‍ത്തല്‍, മൂരിക്കുട്ടന്‍മാരെ വളര്‍ത്തല്‍ എന്നിവ പ്രോല്‍സാഹിപ്പിക്കും. പോത്ത് വളര്‍ത്തല്‍ പദ്ധതിയില്‍ റിവോള്‍വിങ് ഫണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് രണ്ടു മുതല്‍ 10 വരെയും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 50 വരെയും ഉരുക്കളെ നല്‍കും. എട്ടു മുതല്‍ 12 മാസം വരെ പ്രായമുള്ളതും 10,000 രൂപ വിലയുള്ളതുമായ പോത്ത്കുട്ടികളെ ഇന്‍ഷുര്‍ ചെയ്ത് ക്ഷീരസംഘം തലത്തില്‍ ബ്രഹ്മഗിരി എത്തിച്ചു നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ 5000 രൂപ ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം. ഉരുക്കളെ ശാസ്ത്രീയമായി വളര്‍ത്തി 350 മുതല്‍ 400 കിലോ ഭാരമാവുമ്പോള്‍ ബ്രഹ്മഗിരി സംഭരിച്ച് റിവോള്‍വിങ് ഫണ്ട് കിഴിച്ചുള്ള തുക ക്ഷീരസംഘങ്ങള്‍ മുഖേന ക്ഷീരകര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ക്ഷീരകര്‍ഷകര്‍ക്ക് നിലവില്‍ വരുമാനം ലഭ്യമല്ലാത്ത വര്‍ഗഗുണമുള്ള മൂരിക്കുട്ടന്‍മാരെ വളര്‍ത്തി മേല്‍പറഞ്ഞതിന് സമാനമായി നിര്‍വഹിക്കുന്ന പദ്ധതിയും മാംസോല്‍പാദനത്തിന്റെ ഭാഗമായി ആരംഭിക്കും. പദ്ധതി നിര്‍വഹണത്തില്‍ ക്ഷീരവികസന വകുപ്പിന്റെ സഹായമുണ്ടാവും. സാങ്കേതിക കാര്യങ്ങളില്‍ പൂക്കോട് വെറ്ററിനറി കോളജ്, മൃഗസംരക്ഷണ വകുപ്പ് നേതൃത്വം നല്‍കും. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഏഴിനകം ബന്ധപ്പെട്ട ക്ഷീരസംഘങ്ങളില്‍ നിശ്ചിത ഫോറത്തില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ഉരുക്കളെ നവംബര്‍ മുതല്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it