palakkad local

ക്ഷീരസംഘങ്ങളില്‍ കാഷ്‌ലെസ് പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നു

ആലത്തൂര്‍: നോട്ടു നിരോധനത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ വില ബാങ്ക് അക്കൗണ്ടിലൂടെ നല്‍കണമെന്ന ഉത്തരവ് ക്ഷീരവികസന വകുപ്പ് കര്‍ശനമാക്കുന്നു. സംസ്ഥാനത്തെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് രണ്ടു മാസത്തിനകം പാല്‍ വില ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നത് ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം. നോട്ടു നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടായപ്പോള്‍ ചില സംഘങ്ങള്‍ കര്‍ഷകര്‍ക്ക് പാല്‍വില ബാങ്ക് അക്കൗണ്ടിലൂടെ നല്‍കിയിരുന്നു. പിന്നീട് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ പാല്‍ വില കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കി തുടങ്ങി. അടുത്ത കാലങ്ങളില്‍ ക്ഷീരസംഘങ്ങളില്‍ ഓഡിറ്റ് വിഭാഗം ക്ഷീരകര്‍ഷകര്‍ക്ക്  പാല്‍ വില വിതരണം ചെയ്യുന്നതില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നതിനായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അക്കൗണ്ടിലൂടെ നല്‍കുന്നത് നിര്‍ബന്ധമാക്കുവാന്‍ ക്ഷീരവികസന വകുപ്പ് തീരുമാനിച്ചത്. നിലവില്‍ ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പത്ത് ദിവസത്തിലൊരിക്കല്‍ പാല്‍ വില പണമായി നല്‍കുകയാണ്.സംഘത്തില്‍ നിന്ന് പാല്‍ വില നല്‍കുമ്പോള്‍ കാലിത്തീറ്റയുടെ കടം വില്‍പ്പനയുടെയും, ഇതര സാധനങ്ങളുടെ വില്‍പ്പന വിലയും ഈടാക്കിയ ശേഷം ബാക്കി തുകയാണ് ബാങ്കിലേക്ക് നല്‍കേണ്ടത്. ഇപ്രകാരം ക്രമീകരിച്ച് പാല്‍ വില അടിയന്തിരമായി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കണമെന്നാണ് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചെറിയ തുകകള്‍ക്ക് ഇളവ് നല്‍കി സംഘത്തില്‍ നിന്ന് നേരിട്ട് പണം നല്‍കണമെന്നാണ് കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it