Idukki local

ക്ഷീരവിപ്ലവം തീര്‍ത്ത് വനിതാകൂട്ടായ്മ:കുളമാവുകാര്‍ക്ക് കണികണ്ടുണരാന്‍ തനിമയുടെ നന്മ

തൊടുപുഴ: കുളമാവിലെ ക്ഷീരവിപ്ലവത്തിനു നേതൃത്വം നല്‍കുന്നത് തനിമ കുടുംബശ്രീ അംഗങ്ങള്‍. എല്ലാ ചെലവുകളും കഴിഞ്ഞ് സംഘത്തിലെ ഓരോ അംഗത്തിനും 20,000 രൂപയുടെ ലാഭമാണ് ഓരോ മാസവും ലഭിക്കുന്നത്.
11അംഗങ്ങളാണ് സംഘത്തിലുള്ളത്.ആത്മ, കുടുംബശ്രീ ജില്ലാമിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസാഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേച്ചര്‍ ഫ്രഷ് മാതൃകയില്‍ ഈ സംഘത്തിന് തുടക്കം കുറിച്ചത്. ഓരോ സംഘാംഗത്തിന്റെയും വീടുകളില്‍ നാല് പശുക്കള്‍ വീതമാണ് ഉള്ളത്.
ഇവയുടെ സംരക്ഷണവും പാല്‍ വിപണനവും സംഘത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. സംഘാഗങ്ങളുടെ വീടുകളില്‍ നിന്നും പാല്‍ ശേഖരിച്ച് ഒന്നിലധികം പശുക്കളുടെ പാല്‍ കൂട്ടിക്കലര്‍ത്താതെ കുപ്പികളില്‍ നിറച്ച് വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കും. ഇങ്ങനെ 300 കുപ്പി പാല്‍ ഒരു ദിവസം കുളമാവിലും പരിസര പ്രദേശങ്ങളിലുമായി ഇവര്‍ വിറ്റഴിക്കുന്നു.ശുദ്ധമായ പാല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. 11 അംഗങ്ങള്‍ക്കും ഓരോ ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ അംഗവും അവര്‍ക്ക് നല്‍കിയിരിക്കുന്ന നമ്പരുകള്‍ കുപ്പിയില്‍ പതിക്കുന്നു. ഇത് പാലിന്റെ ശുദ്ധിയും വിശ്വാസ്യതയും ഉറപ്പാക്കും. 650 മില്ലി ബോട്ടില്‍ 31 രൂപ നിരക്കിലും 375 മില്ലി ബോട്ടില്‍ 17 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. അധികമുള്ള പാല്‍ അറക്കുളത്തെ ക്ഷീരസംഘത്തില്‍ വിറ്റഴിക്കുന്നു.
വിപണിയില്‍ പാല്‍വില ഉയരുമ്പോഴും തനിമ പാലിന് വില ഉയര്‍ന്നിട്ടില്ല എന്നതും പ്രത്യേകതയാണ്. വേനല്‍ക്കാലത്ത് പാലുല്‍പ്പാദനം കുറയുന്നതിനാല്‍ കൂടുതല്‍ പശുക്കളെ വാങ്ങാന്‍ സംഘം പദ്ധതിയിടുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് ത്രേസ്യാമ്മ പറഞ്ഞു.
ശുദ്ധമായ പാലുല്പാദനത്തെ കുറിച്ചും ക്ഷീരമേഖലയിലെ സംരഭങ്ങളെ കുറിച്ചും മണ്ണുത്തി വെറ്റിനറി കോളജില്‍ നിന്നുള്ള വിദഗ്ധരുടെ പരിശീലനം ലഭിച്ചവരാണ് സംഘാംഗങ്ങള്‍. കൂടാതെ കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പഠനയാത്രകളിലും ഇവരുടെ സജീവപങ്കാളിത്തമുണ്ട്.
Next Story

RELATED STORIES

Share it