ക്ഷീരരംഗത്തെ സ്വയംപര്യാപ്തത

അഡ്വ.  കെ  രാജു
സമീകൃത ആഹാരം എന്ന നിലയില്‍ പാലിന്റെയും പാലുല്‍പന്നങ്ങളുടെയും പ്രാധാന്യം ലോകജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് 2001 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 1 ക്ഷീരദിനമായി ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന ആചരിക്കുന്നത്. ഈ സന്ദേശം പോഷകാഹാരപ്രശ്‌നങ്ങള്‍ നേരിടുന്ന നമ്മുടെ രാജ്യത്തും വളരെ പ്രസക്തമാണ്. ഏകദേശം എട്ടുലക്ഷം കോടി രൂപയുടെ വാര്‍ഷിക വിപണിമൂല്യമുള്ള ഇന്ത്യന്‍ ക്ഷീരവ്യവസായമേഖല ഇപ്പോഴത്തെ  വളര്‍ച്ചാനിരക്ക് വച്ചു നോക്കുമ്പോള്‍ 2023 ആവുമ്പോഴേക്കും ഏകദേശം 18 ലക്ഷം കോടി രൂപയിലെത്തുമെന്നു കണക്കാക്കപ്പെടുന്നു. ആഗോളതലത്തില്‍ ക്ഷീരമേഖലയില്‍ 2.09% വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നമ്മുടെ രാജ്യത്ത് ഈ മേഖലയില്‍ 5.53% വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുണ്ടായി.
എന്നാല്‍, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അധിക പാല്‍ സംഭരണം വലിയ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഒരുകിലോ സ്‌കിംഡ് പാല്‍പ്പൊടിക്ക് 140 രൂപ മുതല്‍ 150 രൂപ വരെ വിപണി വിലയുള്ളപ്പോള്‍ കേരളത്തില്‍ കൊഴുപ്പേതര ഖരപദാര്‍ഥങ്ങള്‍ക്ക് 283.90 രൂപയാണു വില നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പാല്‍വില വര്‍ധനയോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പാല്‍ വില നല്‍കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണു കേരളം.  പാല്‍പ്പൊടിയിലും സംഭരണവിലയിലും കാണുന്ന വ്യത്യാസം മറ്റു സംസ്ഥാനങ്ങളിലും പ്രകടമായതിനെ തുടര്‍ന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകള്‍ പാലിന്റെ സംഭരണവില കുറയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.  തൊട്ടടുത്ത കര്‍ണാടകയില്‍ പാലിന്റെ വില ലിറ്ററിന് ഒന്നരരൂപ മുതല്‍ രണ്ടുരൂപ വരെ കുറച്ചിരിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ പാല്‍പ്പൊടിയുടെ വിലയിലുണ്ടായ ഇടിവ് മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലെ ക്ഷീരകര്‍ഷകരെ വല്ലാത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.  അവിടെ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പാലിന്റെ 30% പാല്‍പ്പൊടി നിര്‍മാണത്തിലേക്കാണു പോവുന്നത്.  ബാക്കിയുള്ള 70% മാത്രമാണ് പാലായും മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളായും ചെലവഴിക്കപ്പെടുന്നത്. പാല്‍പ്പൊടിയുടെ അന്താരാഷ്ട്ര വിപണനം കുറഞ്ഞതുമൂലം സംസ്ഥാനത്ത് അവ കെട്ടിക്കിടക്കുകയും കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടിയും വരുന്നു. അതുമൂലം പാലിന്റെ സംഭരണവില ഇടിയുകയും കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കാതെയും വരുന്നു. ലിറ്ററിന് വെറും 20-25 രൂപ മാത്രമേ അവിടെ കര്‍ഷകര്‍ക്ക് പാലിന് വിലയായി ലഭിക്കുന്നുള്ളൂ.  മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പാല്‍ വില ഇന്ന് ഉല്‍പാദകര്‍ക്കു ലഭിക്കുന്നില്ല എന്ന ദുഃഖസത്യം നമ്മുടെ മുന്നിലുണ്ട്. ചില സ്ഥലങ്ങളില്‍ വിപണിയില്‍ പാല്‍ വെറുതെ നല്‍കി കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്.
ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് നല്ല നിലവാരമുള്ള പാലുല്‍പാദിപ്പിച്ചാലും അതു വിറ്റഴിക്കേണ്ട വിപണി കണ്ടെത്തേണ്ടതും വിപണിവില നിശ്ചയിക്കേണ്ടതും വളരെ ശ്രമകരമായ ദൗത്യമാണ് എന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ പാലിന്റെ വിലയില്‍ വരുന്ന ഇടിവ് നമ്മുടെ സംസ്ഥാനത്തെ വിപണിയെ കാര്യമായി ബാധിക്കുന്നു. ഈ സവിശേഷ സാഹചര്യത്തില്‍ കേരളത്തില്‍ സ്ഥിരവിലയും സ്ഥിരവിപണിയും ഉറപ്പുവരുത്തുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരും ക്ഷീര സഹകരണപ്രസ്ഥാനങ്ങളും. ഇന്നു ക്ഷീരമേഖലയിലേക്ക് ആത്മവിശ്വാസത്തോടെയാണ് പുത്തന്‍ ആളുകള്‍ എത്തിച്ചേരുന്നത്. ഇവരുടെയും നിലവിലുള്ള ക്ഷീരകര്‍ഷകരുടെയും ആത്മവിശ്വാസം ചോരാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.
സുരക്ഷിതവും പരിശുദ്ധവുമായ പാല്‍  ആരോഗ്യത്തിനും ആദായത്തിനും എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷീരദിനത്തിലെ സര്‍ക്കാരിന്റെ സന്ദേശം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ നിരവധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാല്‍ ഉല്‍പാദനത്തില്‍ നാം സ്വയംപര്യാപ്തതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന പാല്‍ സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം പാലുല്‍പാദനത്തില്‍ നാം കൈവരിച്ച നേട്ടം നിലനിര്‍ത്തുകയും വേണം. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് ഈ വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തീറ്റപ്പുല്‍ വ്യാപനം, മികച്ച പശുക്കളെ വാര്‍ത്തെടുക്കാനുള്ള കിടാരി പാര്‍ക്ക്, ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ഉരുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, മെച്ചപ്പെട്ട മൃഗചികില്‍സാ സൗകര്യം, ക്ഷീരസംഘങ്ങളുടെ ആധുനികവല്‍ക്കരണം, പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണപരിപാടികള്‍ എന്നിവ അവയില്‍ ചിലതാണ്.
ഗുണനിലവാരമുള്ള പാലിന്, പാലുല്‍പാദനം മുതല്‍ പാലിന്റെ ഗുണനിലവാരം സംരക്ഷിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. അതിനായി പ്രാഥമിക സംഘങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബള്‍ക്ക് മില്‍ക്ക് കൂളറിലൂടെ പാലിന്റെ ഊഷ്മാവ് നാലു ഡിഗ്രിയാക്കി മാറ്റി പാല്‍ കേടാവുന്ന സ്ഥിതി ഒഴിവാക്കുന്നു. തെക്കന്‍ മേഖലകളില്‍ പല ബള്‍ക്ക് മില്‍ക്ക് കൂളറുകളും അതിന്റെ സ്ഥാപിതശേഷിക്ക് തത്തുല്യമായി പാല്‍ സംഭരിക്കുന്ന അവസ്ഥയുണ്ട്.      ി

(വനം, മൃഗസംരക്ഷണ, ക്ഷീര
വികസന മന്ത്രിയാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it