wayanad local

ക്ഷീരമേഖലയില്‍ പട്ടികവര്‍ഗ പങ്കാളിത്തം; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന്

കല്‍പ്പറ്റ: പട്ടികവര്‍ഗ വികസന വകുപ്പ് മില്‍മ വഴി നടപ്പാക്കുന്ന പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം 16ന് ഉച്ചയ്ക്ക് രണ്ടിനു മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിക്കും. പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക- ഉന്നമനവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2014-15 വര്‍ഷം സുഗന്ധഗിരിയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പശുവിതരണം, കാലിത്തൊഴുത്ത് നിര്‍മാണം, സൗജന്യ കാലിത്തീറ്റ, നോട്ടക്കൂലി, പശുക്കള്‍ക്കും ഉടമസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സൗജന്യ ഇന്‍ഷുറന്‍സ്, മൃഗ ചികില്‍സാ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ 2.33 കോടി രൂപയുടെ ക്ഷീര വികസന പദ്ധതി നടപ്പാക്കി.
പദ്ധതിയില്‍ 46 കുടുംബങ്ങള്‍ ഗൂണഭോക്താക്കളായി. പ്രതിദിനം 400 ലിറ്ററിലധികം പാല്‍ ഉല്‍പാദിപ്പിക്കാനും സാധിച്ചു. ഏകദേശം 150 ലിറ്റര്‍ പാല്‍ സ്വകാര്യാവശ്യങ്ങള്‍ക്ക് മാറ്റുകയും ബാക്കി 250 ലിറ്റര്‍ പാല്‍ പൊഴുതന ക്ഷീരോല്‍പാദക സഹകരണ സംഘത്തിലൂടെ മില്‍മക്ക് നല്‍കുന്നുമുണ്ട്.
ഒരു വര്‍ഷത്തെ പാല്‍വിലയായി 28 ലക്ഷം രൂപ ഗുണഭോക്തൃ കുടുംബങ്ങളില്‍ എത്തിക്കാനും സാധിച്ചു. പദ്ധതിയിലൂടെ ലഭിച്ച പശുക്കളുടെ വില്‍പന തടയുകയും ഓരോ കുടുംബത്തിനും മൂന്നൂം നാലും പശുക്കളെ വളര്‍ത്തുന്നതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്തു. ഇവര്‍ക്കിടയില്‍ തന്നെ അഭ്യസ്തവിദ്യരായ രണ്ടു യുവാക്കളെയും അഞ്ചു യുവതികളെയും ഉള്‍പ്പെടുത്തി മില്‍മയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്. പരിശീലനം ലഭിച്ചവര്‍ സുഗന്ധഗിരി പ്രദേശത്തുള്ള ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യ ട്യൂഷനും നല്‍കുന്നുണ്ട്. ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ച സമ്പാദ്യ പദ്ധതിയില്‍ ഇപ്പോള്‍ 2.5 ലക്ഷം രൂപയോളം നിക്ഷേപമുണ്ട്.
സുഗന്ധഗിരിയില്‍ നടപ്പാക്കിയ മാതൃകാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ അടിയ- പണിയ ജനവിഭാഗങ്ങള്‍ക്കും അട്ടപ്പാടി, നിലമ്പൂര്‍ ഭാഗങ്ങളിലുള്ള മറ്റ് ആദിവാസി വിഭാഗക്കാര്‍ക്കുമായി നടപ്പാക്കുന്ന പദ്ധതിക്കായി സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് 6.4 കോടി രൂപ മില്‍മക്ക് അനുവദിച്ചിട്ടുണ്ട്. ഇതു പ്രകാരം ജില്ലയില്‍ പശുവിതരണം നടന്നുവരികയാണ്. പരിപാടിയില്‍ സുഗന്ധഗിരി ഡയറി പ്രൊജക്റ്റ് ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ വിതരണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അടിയ, പണിയ വിഭാഗങ്ങള്‍ക്കുള്ള ഡയറി പ്രൊജക്റ്റിന്റെ ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യ വിതരണോദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. സുഗന്ധഗിരി ഡയറി പ്രൊജക്റ്റിലെ മാതൃകാ കര്‍ഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയും ക്ഷീരവികസന പദ്ധതി ഗ്രാമതല പ്രവര്‍ത്തകരെ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറും പൊഴുതന ക്ഷീരസംഘം പ്രസിഡന്റിനെ സബ് കലക്ടര്‍ ശീറാം സാംബശിവ റാവുവും ആദരിക്കും.
മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് അധ്യക്ഷനാവുന്ന പരിപാടിയില്‍ എം ഐ ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തും. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it