ക്ഷീരമേഖലയിലെ പ്രത്യാശകള്‍

ക്ഷീരമേഖലയിലെ പ്രത്യാശകള്‍
X


ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയുടെ നട്ടെല്ലാണ് ക്ഷീരമേഖല. പാലുല്‍പാദനത്തില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ച ഡോ. വര്‍ഗീസ് കുര്യനെയും ക്ഷീരവ്യവസായരംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പത്മഭൂഷണ്‍ ഡി എന്‍ ഖുറോഡിയെയും ഈ അവസരത്തില്‍ നമുക്ക് അനുസ്മരിക്കാതിരിക്കാന്‍ കഴിയില്ല. ഏതൊരു ഭക്ഷ്യവസ്തുവും ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും മായം കലരാത്തതുമായിരിക്കണം എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. സമ്പൂര്‍ണ പോഷകാഹാരമെന്ന നിലയില്‍ പാലിന്റെയും പാലുല്‍പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ച് പാലിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഉപഭോഗം വര്‍ധിച്ചുവരുകയും ചെയ്യുന്നു. പാലുല്‍പാദന വര്‍ധനവിനും ഗ്രാമീണ വികസനത്തിനും കേരളം മാതൃകയാണ്. ഗ്രാമതലത്തില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും  പ്രാദേശിക വിപണനം കഴിഞ്ഞു പ്രാഥമിക സഹകരണസംഘങ്ങള്‍ വഴി സംഭരിക്കുകയും പാലിനെ തണുപ്പിച്ച്, ഗുണമേന്മയില്‍ കുറവു വരാതെ സംസ്‌കരണശാലകളില്‍ എത്തിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി വിപണിയില്‍ എത്തിക്കുകയും ചെയ്യുന്ന മികച്ച ഉല്‍പാദന സംസ്‌കരണ വിപണന ശൃംഖല ഇന്നു കേരളത്തില്‍ നിലവിലുണ്ട്.  2011ലെ കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിനു ശേഷം പാലിന്റെയും പാലുല്‍പന്നങ്ങളുടെയും പ്രാധാന്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അവയുടെ ആഭ്യന്തര ഉല്‍പാദനത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ശുദ്ധമായ പാല്‍ ഉല്‍പാദിപ്പിക്കുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളും പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളും യുവജനതയെ പോലും ബാധിച്ചുതുടങ്ങിയ സാഹചര്യത്തില്‍, രോഗപ്രതിരോധ ശേഷി കൂട്ടാനും ജനിതക പ്രശ്‌നങ്ങളെ പരിഹരിക്കാനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്ന എ-2 ഇനം മാംസ്യം അടങ്ങിയ പാലിന്റെ ഉല്‍പാദനം അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇത്തരം മാംസ്യം അടങ്ങിയ തനതു ജനുസ്സുകളുടെ വികസനവും വര്‍ഗീകരണവും ശാക്തീകരണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയില്‍ ജൈവകൃഷിരീതികള്‍ ഇന്നു സമൂഹത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതുപോലെ പാലുല്‍പാദനത്തിലും 'ജൈവരീതി' എന്ന ആശയത്തിനു സ്വീകാര്യത ഏറിവരുന്നുണ്ട്. ജൈവിക പാലുല്‍പാദനവും വിപണനവും കേരളത്തില്‍ ആരോഗ്യപൂര്‍ണമായ ജനതയെ വാര്‍ത്തെടുക്കുന്നതില്‍ പങ്കുവഹിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം പാലുല്‍പാദന രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 2016ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ച 'രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്ത ക്ഷീരകേരളം' എന്ന ആശയം ആവേശത്തോടെയാണ് ക്ഷീരകര്‍ഷകരും സഹകാരികളും അനുബന്ധ പ്രവര്‍ത്തകരും ഏറ്റെടുത്തത്. ഉല്‍പാദന വര്‍ധനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണെന്നാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടപ്പാക്കിയ പാല്‍വില  വര്‍ധനയില്‍ 83.75 ശതമാനം തുകയും ചാര്‍ട്ട് പരിഷ്‌കരണം മൂലം ഉണ്ടായ അധിക പാല്‍വില ഉള്‍പ്പെടെ, മെച്ചപ്പെട്ട പാല്‍വില ക്ഷീരകര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ സര്‍ക്കാരിനു സാധിച്ചു. പാലുല്‍പാദനത്തില്‍ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളം ഒട്ടും പിന്നിലല്ല. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ പ്രതിവര്‍ഷം 26.5 ലക്ഷം മെട്രിക് ടണ്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നു. സംസ്ഥാനത്തുടനീളം അനുഭവപ്പെട്ട കടുത്ത വരള്‍ച്ചയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേല്‍ സൂചിപ്പിച്ച പാലുല്‍പാദനം കുറയാതെ സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 5 ശതമാനവും മെയ് മാസത്തില്‍ 15 ശതമാനവും വര്‍ധന രേഖപ്പെടുത്തി മുന്നേറുന്ന പാലുല്‍പാദന വളര്‍ച്ചാനിരക്ക് ഈ തോതില്‍ തുടരുകയാണെങ്കില്‍ 2018 അവസാനത്തോടുകൂടി തന്നെ കേരളം പാലുല്‍പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. സ്ഥലപരിമിതിയും ജനസംഖ്യാ വര്‍ധനയും ഭൂപ്രകൃതിയും തുടങ്ങി പല വിധ ഘടകങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ ഒരു ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റിയിരിക്കുന്ന സാഹചര്യത്തില്‍ പാലുല്‍പാദനത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം അഭിമാനകരമാണ്. ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മില്‍മ, കേരള കന്നുകാലി വികസന ബോര്‍ഡ് എന്നിവ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും അവയുടെ ഏകോപനവും മൂലമാണ് ഈ വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ കഴിഞ്ഞത്. നാളികേരത്തിന്റെയും റബറിന്റെയും വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ പാലിന്റെയും പാലുല്‍പന്നങ്ങളുടെയും ആഭ്യന്തര വിപണി ശക്തിപ്പെടുത്തിയും വിദേശ വിപണികളിലേക്കു കടന്നുകയറിയും നമ്മുടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുകയും അതോടൊപ്പം കര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യാന്‍ ഈ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. ക്ഷീരമേഖലയില്‍ കഴിഞ്ഞ വര്‍ഷം  200 കോടിയിലധികം രൂപയാണ് വിവിധ പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ചെലവാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വേറെയും. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഈ മുതല്‍മുടക്ക് ഒരു ചെറിയ തുകയാണെങ്കില്‍ കൂടി അതു നല്‍കിയ ഉണര്‍വ് വലുതാണ്. എങ്കിലും ക്ഷീരമേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. അതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇത്തരം പ്രത്യാശാകിരണങ്ങള്‍ക്കിടയിലും അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു വലിയ വെല്ലുവിളി നമ്മുടെ ആഭ്യന്തരവിപണി, വിദേശ രാഷ്ട്രങ്ങള്‍ക്ക് യഥേഷ്ടം തുറന്നുകൊടുക്കാന്‍ ഇടനല്‍കുന്ന ഉടമ്പടിയില്‍ ഇന്ത്യയും പങ്കാളിയാകുന്നു എന്നതാണ്. ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളും അനുബന്ധ രാജ്യങ്ങളും അടങ്ങുന്ന ഈ സംഘടനയില്‍ ഇന്ത്യയോടൊപ്പം വന്‍കിട പാലുല്‍പാദക രാഷ്ട്രങ്ങളായ ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് എന്നിവയും പങ്കാളികളാണ്. ഉടമ്പടി യാഥാര്‍ഥ്യമായാല്‍ കുറഞ്ഞ വിലയില്‍ പാല്‍, പാല്‍പ്പൊടി, ബട്ടര്‍ ഓയില്‍ എന്നിവ ഇന്ത്യയിലേക്ക് എത്തുകയും ഇവ ഉപയോഗിച്ച് പുനഃസൃഷ്ടിക്കപ്പെടുന്ന പാല്‍ വിപണിയില്‍ എത്തുന്നതോടെ ആഭ്യന്തര പാല്‍വിപണി തകരുകയും സ്വദേശി ക്ഷീരകര്‍ഷകരുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യും. സ്വാഭാവിക നൈര്‍മല്യമുള്ള നമ്മുടെ പാലിന്റെ വിപണി തകരുമ്പോള്‍, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ രണ്ടായിരത്തില്‍പരം കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാവുന്നതോടൊപ്പം വിപണിയില്‍ സഹകരണ മേഖലയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. തനതു ബ്രാന്‍ഡുകള്‍ ഈ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമുക്ക് ഏല്‍ക്കുന്ന പ്രഹരം വലുതായിരിക്കും. നമ്മുടെ കര്‍ഷകര്‍ ഈ രംഗത്തുനിന്നു നിഷ്‌കാസിതരാവുന്നതോടെ മായം കലര്‍ന്ന പാലും പാലുല്‍പന്നങ്ങളും ആഗോള കുത്തകകളില്‍ നിന്നു വാങ്ങാന്‍ നാം നിര്‍ബന്ധിതരാവും. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  (വനം, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളുടെ മന്ത്രിയാണ്  ലേഖകന്‍.)
Next Story

RELATED STORIES

Share it