thiruvananthapuram local

ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍ ;മലയോര ഗ്രാമങ്ങളില്‍ കുളമ്പുരോഗം വ്യാപിക്കുന്നു

കെ മുഹമ്മദ് റാഫി
നെടുമങ്ങാട്: മലയോര ഗ്രാമങ്ങളിലെ ക്ഷീരകര്‍ഷകരെ ദുരിതത്തിലാഴ്ത്തി കുളമ്പുരോഗം പടരുന്നു. നന്ദിയോട്, പെരിങ്ങമ്മല, ആനാട്, ഉഴമലയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ചില ഗ്രാമങ്ങളിലാണ് പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നത്.
കറവയുള്ള പശുക്കള്‍ക്കും പശുക്കുട്ടികള്‍ക്കും ചിലയിടങ്ങളില്‍ രോഗം ബാധിച്ച നിലയിലാണ്. പശുവിന്റെ കാലുകളിലെ കുളമ്പുകള്‍ ഇളകി എഴുന്നേറ്റുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഈ രോഗം. വീടുകളിലെ പശുക്കള്‍ക്കൊപ്പം ഫാമുകളിലുള്ള പശുക്കള്‍ക്കും രോഗം പടരുകയാണ്.
മലയോര ഗ്രാമങ്ങളിലെ നല്ലൊരു ശതമാനം ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് പശുവളര്‍ത്തല്‍. കുളമ്പുരോഗം ബാധിച്ച് പശുക്കള്‍ അവശനിലയിലായതോടെ കിട്ടുന്ന വിലയ്ക്ക് വില്‍ക്കുകയാണ് കര്‍ഷകര്‍. പ്രമുഖ ഫാമിലെ പശുക്കളടക്കം നിരവധി പശുക്കള്‍ രോഗം ബാധിച്ച് ചത്തതായും വിവരമുണ്ട്. പ്രതിരോധ കുത്തിവയ്പിനും മറ്റുമായി നല്ല തുക ചെലവാക്കേണ്ടിവരുന്നതും കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇതില്‍ കുളമ്പുരോഗത്തിനു പ്രതിരോധ കുത്തിവയ്പിനു വിധേയമായിട്ടുള്ള പശുക്കളാണ് രോഗം ബാധിച്ചതിലേറെ എന്നതും കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമായി എത്തിച്ച വിവിധയിനത്തില്‍പ്പെട്ട കൂടുതല്‍ പാല്‍ ചുരത്തുന്നതടക്കമുള്ള വിലയേറിയ പശുക്കള്‍ക്കും രോഗം പടര്‍ന്നത് ക്ഷീരമേഖലയെ ദുരിതത്തിലാക്കിയിട്ടുണ്ട്. കുളമ്പുരോഗം നിയന്ത്രിക്കുന്നതിന് പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ ഫലവത്തായില്ലെന്നതാണ് മറ്റൊരു വസ്തുത.
Next Story

RELATED STORIES

Share it