Idukki local

ക്ഷീരകര്‍ഷകര്‍ക്ക് വേനല്‍ക്കാല ഇന്‍സെന്റീവ് നല്‍കിയില്ല

ഇടുക്കി: കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ നട്ടംതിരിയുന്ന ജില്ലയിലെ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് മില്‍മയും ക്ഷീരവികസന വകുപ്പും. ക്ഷീരകര്‍ഷകര്‍ക്കു വര്‍ഷങ്ങളായി നല്‍കിവരുന്ന വനല്‍ക്കാല ഇന്‍സെന്റീവ് നല്‍കാന്‍ ഇതുവരെ അധികൃതര്‍ കാര്യമായ നടപടികള്‍ ഒന്നും ആരംഭിച്ചിട്ടില്ല. കാര്‍ഷികരംഗത്തു വിലയും വിളവും കുറഞ്ഞപ്പോഴെല്ലാം കര്‍ഷകര്‍ക്കു കൈത്താങ്ങായ ക്ഷീരമേഖല തളര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ടും, അധികൃതരുടെ അവഗണന തുടരുകയാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ പകുതി മുതലാണ് വേനല്‍ക്കാല ഇന്‍സെന്റീവ് കര്‍ഷകര്‍ക്കു നല്‍കിയിരുന്നത്. ലിറ്ററിന് ഒരു രൂപ നിരക്കിലാണ് ആദ്യം ഇന്‍സെന്റീവ് നല്‍കുന്നത്. ഫെബ്രുവരി മാസത്തോടെ ഇതു രണ്ടു രൂപയായി ഉയര്‍ത്താറുണ്ട്. വേനല്‍ അവസാനിക്കുന്ന മേയ് മാസം വരെ ഇന്‍സെന്റീവ് വിതരണം തുടരുകയാണു പതിവ്. എന്നാല്‍, ഇത്തവണ ഇന്‍സെന്റീവ് വിതരണം സംബന്ധിച്ച് യ്ാതൊരു തീരുമാനവുമുണ്ടായിട്ടില്ല. ഈ വര്‍ഷം വേനലിലും പാലുല്‍പാദനത്തില്‍ കുറവില്ലെന്നാണ് ഇന്‍സെന്റീവ് വൈകാന്‍ കാരണമായി മില്‍മ അധികൃതര്‍ പറയുന്നത്. ഏപ്രില്‍ മാസം മുതല്‍ ക്ഷീരസംഘങ്ങളില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്കു നിശ്ചിത തുക ഇന്‍സെന്റീവ് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു ഫണ്ട് അനുവദിച്ചിട്ടുണ്ട്. മൂന്നുകോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി നീക്കിവച്ചത്. തകര്‍ച്ചയുടെ ഘട്ടത്തില്‍ ക്ഷീരമേഖലയ്ക്കു ലഭിച്ച ഏക ആശ്വാസമാണ് ഈ ഇന്‍സെന്റീവ്. പക്ഷേ, പല തദ്ദേശഭരണ സ്ഥാപനങ്ങളും ഇതു സംബന്ധിച്ച് പ്രോജക്ട് സമര്‍പ്പിച്ചിട്ടില്ല. ഇത് ക്ഷീരകര്‍ഷകര്‍ക്കു തിരിച്ചടിയാവും. സംസ്ഥാനത്തെ ക്ഷീരകര്‍ഷകരില്‍നിന്നു പാല്‍ ശേഖരിക്കുന്നതിനൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ പാല്‍ വാങ്ങി കവര്‍ പാലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും നിര്‍മിക്കുകയാണു സ്വകാര്യ കമ്പനികള്‍ ചെയ്യുന്നത്. ഇതു കേരളത്തിലെ ക്ഷീരമേഖലയ്ക്കു തിരിച്ചടിയാവുന്നു. കേരളത്തില്‍ കര്‍ഷകരില്‍നിന്നു ശേഖരിക്കുന്ന പാലിനു ശരാശരി 32 രൂപ വരെ നല്‍കേണ്ടിവരുമ്പോള്‍ ടാങ്കറുകളില്‍ തമിഴ്‌നാട്ടില്‍നിന്ന് ഇവിടെയെത്തിച്ചു നല്‍കുന്ന പാലിന് 26 രൂപ വരെ വില നല്‍കിയാല്‍ മതി. ഗുണനിലവാരവും വിലയും കുറഞ്ഞ ഈ പാല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനാല്‍ ആരും തിരിച്ചറിയുന്നില്ല. ഈ സാമ്പത്തികവര്‍ഷം മുതല്‍ തമിഴ്‌നാട്ടില്‍നിന്നു പാല്‍ വാങ്ങുന്നത് മില്‍മ നിര്‍ത്തിയെങ്കിലും സ്വകാര്യ കമ്പനികള്‍ ഇപ്പോഴും ആശ്രയിക്കുന്നത് അതിര്‍ത്തി കടന്നെത്തുന്ന പാല്‍ തന്നെയാണ്. വേനല്‍ കടുത്തതോടെ പുല്ലിനും ക്ഷാമം നേരിട്ടുതുടങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് അടക്കം വരുന്ന വൈക്കോലിന് തീവിലയാണ് ഈടാക്കുന്നത്. ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍നിന്നു പിന്‍മാറാന്‍ നിര്‍ബന്ധിതരാക്കുന്ന പ്രധാന കാരണങ്ങളാണ് തീറ്റപ്പുല്‍ ക്ഷാമവും വൈക്കോലിന്റെ വിലവര്‍ധനയും. ചെറിയ കെട്ട് വൈക്കോലിനു 30 മുതല്‍ 60 രൂപ വരെയാണു വില. ഒരു ചോളത്തണ്ടിന് ഏഴുരൂപയാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വില. അമിത രാസകീടനാശിനി പ്രയോഗംമൂലം തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവരുന്ന ചോളത്തണ്ടുകള്‍ വാങ്ങി കന്നുകാലികള്‍ക്കു നല്‍കാന്‍ കര്‍ഷകര്‍ മടിക്കുന്നു. കേരള ഫീഡ്‌സും മില്‍മയുമാണ് കാലിത്തീറ്റ നിര്‍മിച്ചു വിതരണം ചെയ്യുന്ന പ്രധാന സ്ഥാപനങ്ങള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാലിത്തീറ്റ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും ക്ഷീരമേഖലയിലെ പ്രതിസന്ധി കണക്കിലെടുത്തു വില ഇനിയും കുറയ്ക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. കാല്‍സ്യം ചേര്‍ന്ന കാലിത്തീറ്റയ്ക്ക് 1105 രൂപയും അല്ലാത്തവയ്ക്ക് 950 രൂപയുമാണ്. ക്ഷീരമേഖലയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കേണ്ടതിനു പകരം ഇന്‍സെന്റീവ് പോലും തടഞ്ഞുവയ്ക്കുന്ന അധികാരികളുടെ നിലപാടില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.
Next Story

RELATED STORIES

Share it