ക്ഷയരോഗ ചികില്‍സ ലളിതമാക്കാന്‍ നടപടി: മന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് ക്ഷയരോഗ ചികില്‍സ ലളിതമാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. പതിറ്റാണ്ടുകളായി രാജ്യത്താകമാനം നിലനിന്ന ചികില്‍സാസമ്പ്രദായത്തിനാണ് ഇതിലൂടെ മാറ്റം വരുന്നതെന്നും രോഗികളുടെ പ്രയാസങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. പുതിയ ചികില്‍സാപദ്ധതിയില്‍ പരിശീലനം നല്‍കാന്‍ കേരളത്തിലെയും ലക്ഷദ്വീപിലെയും ക്ഷയരോഗ ചികില്‍സാവിദഗ്ധരെയും ജില്ലാതല ഓഫിസര്‍മാരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച രണ്ടുദിവസത്തെ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷയരോഗനിര്‍ണയവും ചികില്‍സയും പിഎച്ച്‌സികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍വരെയുള്ള എല്ലാ ചികില്‍സാകേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി നടപ്പാക്കുന്ന ചികില്‍സാരീതിയനുസരിച്ച് ക്ഷയരോഗത്തില്‍നിന്നുള്ള മോചനത്തിന് നാലിനം മരുന്നുകള്‍ ഏഴ് ഗുളികകളായി കഴിച്ചിരുന്ന സ്ഥാനത്ത് ഓരോ ദിവസവും നിശ്ചിത ചേരുവകള്‍ ചേര്‍ത്ത ഗുളിക കഴിച്ചാല്‍ മതി. ശരീരഭാരമനുസരിച്ച് കഴിക്കേണ്ട ഗുളികകളുടെ എണ്ണത്തില്‍ ക്രമീകരണമേര്‍പ്പെടുത്താം.
കേന്ദ്ര ക്ഷയരോഗ വിഭാഗം, സംസ്ഥാന ടിബി സെല്‍, ആരോഗ്യകേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പഠനശിബിരം. മെഡിക്കല്‍ കോളജുകളിലെയും ഗവ. ആശുപത്രികളിലെയും സ്‌പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാരുള്‍പ്പെടെ 41 പേര്‍ പ്രതിനിധികളായി പങ്കെടുത്തു. ഇവര്‍ പിന്നീട് അതത് ജില്ലകളിലെ മറ്റു ഡോക്റ്റര്‍മാര്‍ക്ക് പരിശീലനം നല്‍കും.
Next Story

RELATED STORIES

Share it