kozhikode local

ക്ഷയരോഗം കണ്ടുപിടിക്കാന്‍ മെഡിക്കല്‍ കോളജില്‍ അത്യാധുനിക ഉപകരണം

കോഴിക്കോട്: ക്ഷയരോഗബാധ കണ്ടുപിടിക്കുന്നതിന് മെഡിക്കല്‍ കോളജില്‍ അത്യാധുനിക യന്ത്രം എത്തി. ഡല്‍ഹിയില്‍ നിന്നാണ് ജീന്‍ എക്‌സ്‌പേര്‍ട്ട് എന്ന ഉപകരണം എത്തിയത്. റിഫാംപിസിന്‍ എന്ന മരുന്നിനോടുള്ള ക്ഷയ രോഗാണുവിന്റെ പ്രതിരോധശേഷി കണ്ടുപിടിക്കുന്നതിനുള്ള വേഗതയേറിയതും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ഇത്.
ഈ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വളരെ എളുപ്പത്തില്‍ രോഗ നിര്‍ണയം സാധ്യമാകുന്നതിനാല്‍ കൃത്യമായ ചികില്‍സ വേഗത്തില്‍ തന്നെ തുടങ്ങുവാന്‍ സാധിക്കും. മെഡിക്കല്‍ കോളജില്‍ ക്ഷയരോഗ നിര്‍ണയത്തിന് ഒരു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഐആര്‍എല്‍ ലാബില്‍ നിന്നാണ് രോഗ നിര്‍ണയം നടത്തിയിരുന്നത്. എന്നാല്‍, പുതിയ ഉപകരണമുപയോഗിച്ച് രണ്ടര മണിക്കൂര്‍ കൊണ്ട് ക്ഷയരോഗ നിര്‍ണയം നടത്താം.
മൈക്രോബയോളജി ലാബിലാണ് യന്ത്രം സ്ഥാപിച്ചത്. ഒരേ സമയം നാലുപേര്‍ക്ക് രണ്ടര മണിക്കൂര്‍ കൊണ്ട് രോഗ നിര്‍ണയം നടത്താന്‍ സാധിക്കും. ജില്ലയില്‍ ഇപ്പോള്‍ 1692 ക്ഷയരോഗികളുണ്ട്. 100 കണക്കിന് രോഗികള്‍ ഇപ്പോള്‍ പരിശോധനക്ക് എത്തുന്നുണ്ട്. മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിയിലാണ് ഇപ്പോള്‍ ടിബി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
ജില്ലാ ടിബി കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ആരോഗ്യവകുപ്പിനു കീഴിലാണ്.
എന്നാല്‍ ഇത് കോര്‍റേഷന്റെ കീഴിലാക്കണമെന്നു ആവശ്യമുയരുന്നു. ജില്ലാ ടിബി കേന്ദ്രം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വലയുകയാണ്. കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഫണ്ട് ലഭിക്കുമായിരുന്നു.
Next Story

RELATED STORIES

Share it