Middlepiece

ക്ഷമയുടെയും സഹനത്തിന്റെയും ഈ നാളുകള്‍

ക്ഷമയുടെയും സഹനത്തിന്റെയും ഈ നാളുകള്‍
X


ഒരു റമദാന്‍ കൂടി. പലതിലും നിയന്ത്രണമേര്‍പ്പെടുത്തപ്പെട്ട മാസം. ചീത്തവിചാരങ്ങള്‍ പോലും ഉണ്ടാവരുതെന്നാണ്. നോമ്പ് ഒന്നിന് വായനയും നവീന വിചാരങ്ങളുമുള്ള ഒരു എഴുത്തുകാരനുമായി വഴിവിട്ടു സംസാരിച്ച അനുഭവമുണ്ടായി. ഇതെഴുതുമ്പോഴും എന്റെ പിശക്, എന്റെ തീര്‍ത്താലും തീരാത്ത പിശക് എന്നതില്‍ മനക്ലേശം അനുഭവിക്കുന്നു. പെട്ടെന്ന് ഒരു സിംഗപ്പൂര്‍ നോമ്പനുഭവം കേട്ടറിഞ്ഞതും സ്മൃതികളില്‍ ഓടിയെത്തി. കാലം: 1980-81. സ്ഥലം: കോട്ടയം ജില്ലയിലെ ഒളശ്ശ ഗ്രാമം. നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ഡയണീഷ്യ എന്ന ഭവനം. ചാരുകസേരയില്‍ കിടക്കുന്ന എന്‍ എന്‍ പിള്ളയ്ക്കു മുമ്പില്‍ ഞാന്‍. അതൊരു നോമ്പുകാലമാണ്. ഞാന്‍ നോമ്പുനോറ്റിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍, 'ആങ്്ഹാ' എന്ന് ചിരിയോടെ എന്റെ മുതുകില്‍ തട്ടി അദ്ദേഹം അകത്തെ മുറികളിലൊന്നിലേക്കു നടന്നു. കുറച്ചു സമയം കഴിഞ്ഞ് വിലകൂടിയ സുഗന്ധദ്രവ്യവുമായി വന്ന് എന്റെ കുപ്പായത്തില്‍ അതു തേച്ചു. എന്തോ ചിന്തിച്ച് കുറച്ചു നേരം എന്‍ എന്‍ പിള്ള നിശ്ശബ്ദനായി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞത്: തൊഴില്‍തേടി സിംഗപ്പൂരില്‍ അലയുന്നകാലത്ത് മലപ്പുറം ജില്ലയിലെ കോഡൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ അബ്്ദുല്ല, അഹ്മദ് എന്നിവര്‍ നടത്തുന്ന സായാഹ്ന പത്രത്തില്‍ ചെറിയൊരു ജോലി കിട്ടി. വലിയ വരുമാനമൊന്നും ഇല്ല. ശമ്പളവും മറ്റും ഭാഗ്യക്കുറി അടിച്ചതുപോലെയാണ്. കിട്ടിയാല്‍ കിട്ടി. അര്‍ധപട്ടിണിയുടെ നാളുകള്‍. അങ്ങനെയിരിക്കെ റമദാന്‍ മാസം വന്നു. മുസ്‌ലിം സുഹൃത്തുക്കള്‍ക്കൊപ്പം എന്‍ എന്‍ പിള്ളയും ചില ദിവസങ്ങളില്‍ നോമ്പെടുത്തു. അനുഷ്ഠാനം എന്ന നിലയ്ക്കല്ല. പോക്കറ്റില്‍ കാശില്ലാത്ത അവസ്ഥയില്‍ കരുംപട്ടിണി. ഒരുദിവസം രാവിലെ അബ്ദുല്ല പറഞ്ഞു, ഇന്ന് ഒരു നോമ്പുതുറയ്ക്ക് സാധ്യതയുണ്ട്.മൂവര്‍ക്കും ആശ്വാസമായി. പത്രത്തിന്റെ ഓഫിസും പ്രസ്സും സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ നജീബ് മാലിക് എന്ന മുസ്‌ലിം ഗൃഹനാഥന്‍ 11 മണിയോടെ പത്രം ഓഫിസിലെത്തി. ആദ്യം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ചെറിയ അത്തര്‍കുപ്പി തുറന്ന് എന്‍ എന്‍ പിള്ളയെ അരികില്‍ വിളിച്ച് സുഗന്ധംപൂശി. ആ സ്‌നേഹവും അദ്ദേഹത്തിന്റെ അന്നേരത്തെ ഭാവവും വിവരിക്കാന്‍ തന്നെ വാക്കുകളില്ല. മഗ്‌രിബ് ബാങ്ക് വിളിച്ചുടന്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ഞങ്ങള്‍ മൂവരും എത്താനും നിര്‍ദേശിച്ചു. അബ്ദുല്ലയും അഹ്മദും നോമ്പുതുറയുടെ വിശാലമായ അന്തരീക്ഷത്തെക്കുറിച്ച് എന്‍ എന്‍ പിള്ളയ്ക്ക് വിശദീകരിച്ചു. മഗ്‌രിബ് ബാങ്കിനായി കാത്തു. വൈകുന്നേരത്തെ നമസ്‌കാരം കഴിഞ്ഞയുടന്‍ അഹ്്മദ് പിള്ളയെ ഓര്‍മിപ്പിച്ചു: കുളിച്ച്, നല്ല ഡ്രസ്സൊക്കെ അണിഞ്ഞോളൂ.മഗ്‌രിബ് ബാങ്കിന് സമയമായി. നജീബ് സാഹിബിന്റെ മകന്‍ തിളങ്ങുന്ന കുപ്പായമിട്ട് പത്രം ഓഫിസില്‍ വന്നു. മൂവരും ആ 14കാരന്റെ ഒപ്പം നടന്നു. അതിഥികളെ വരവേല്‍ക്കാന്‍ നജീബ് സാഹിബും കുടുംബവും തയ്യാറായിരുന്നു. വിസിറ്റേഴ്‌സ് റൂമില്‍ അതിഥികള്‍ ഇരുന്നു. ആ ചുവരില്‍ ഖദര്‍വസ്ത്രമണിഞ്ഞ എ കെ ഗോപാലന്റെ നജീബിനൊപ്പമുള്ള ചിത്രം കണ്ട് എന്‍ എന്‍ പിള്ള ചോദിച്ചു: എകെജിയുമായി എങ്ങനെ പരിചയം? കോഫി ഹൗസ് ജീവനക്കാര്‍ക്ക് യൂനിയന്‍ എന്ന ആശയവും ഇന്ത്യന്‍ കോഫിഹൗസ് എന്ന പദ്ധതിയും നജീബുമായി ആലോചിച്ചാണ് എകെജി പ്രാവര്‍ത്തികമാക്കിയത്. ദേശാഭിമാനി പത്രത്തിന്റെ പ്രചാരണത്തിനും പിരിവു സംഘടിപ്പിക്കാനും എകെജി വന്ന കാലം മുതല്‍ക്കുള്ള പരിചയമാണെന്നും ഓര്‍ത്തെടുത്തു. നോമ്പുതുറ ആരംഭിച്ചു. കേരളത്തില്‍ ബാല്യത്തില്‍ കേട്ട ബാങ്കുവിളിയില്‍ നിന്ന് എത്രയോ സംഗീതാത്മകമായ ബാങ്കുവിളിയെന്ന് എന്‍ എന്‍ പിള്ള കൗതുകപൂര്‍വം നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ നോമ്പുതുറ വിവരണത്തില്‍ എന്നെ ആകര്‍ഷിച്ചത് ആ സല്‍ക്കാരസമയം മുഴുവന്‍ നജീബും കുടുംബവും പുലര്‍ത്തിയ ക്ഷമയും സഹനവും സംബന്ധിച്ച വിവരണമായിരുന്നു. നജീബും മക്കളും ഭക്ഷണവിഭവങ്ങള്‍ വിളമ്പി. വിവിധതരം പാനീയങ്ങള്‍, ചുട്ടതും പൊരിച്ചതുമായ വിഭവങ്ങള്‍. ആ നോമ്പുതുറയിലാണ് ഒരു കോഴി പൂര്‍ണമായി മസാലയില്‍ കുളിച്ച് കറുവപ്പട്ട സുഗന്ധമുതിര്‍ത്തു നില്‍ക്കുന്നതു കണ്ടതെന്ന് നാടകാചാര്യന്‍. കട്‌ലറ്റ് എന്ന ഇറച്ചിവിഭവം താന്‍ ആദ്യമായി രുചിച്ചതും ആ മലയന്‍ നോമ്പുതുറക്കാലത്താണെന്ന് എന്‍ എന്‍ പിള്ള പറഞ്ഞു. പക്ഷേ, എന്നെ ഇന്നും അദ്ഭുതപ്പെടുത്തുന്നത് സ്വന്തം ആത്മകഥയില്‍ മലബാര്‍ കാക്കമാരെ കുറിച്ചുള്ള എന്‍ എന്‍ പിള്ളയുടെ പ്രസ്താവമാണ്. നാടുവിട്ട് തികച്ചും അരക്ഷിതനായി കഴിയുന്ന കാലത്ത് ഭക്ഷണവും താമസവും പോക്കറ്റ് മണിയും ഒക്കെ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്‍കിയ മലബാര്‍ കാക്കമാര്‍ ഔദാര്യത്തിന്റെയും മഹാമനസ്‌കതയുടെയും മഹോന്നത മാതൃകകളാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആ പഴയ സിംഗപ്പൂര്‍ നോമ്പുതുറ അദ്ദേഹം ഓര്‍മകളില്‍ നിന്ന് തികട്ടി ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു: ''നോമ്പുകാലത്ത് ഇത്രയും ക്ഷമയും സഹനവും പുലര്‍ത്തുന്ന ഒരു സമുദായത്തെ വേറൊരിടത്തും എനിക്ക് ഓര്‍മിക്കാനായില്ല. ഐഎന്‍എ ജീവിതകാലത്ത് പട്ടാള കാന്റീനിലെ നോമ്പുതുറകളും എന്റെ ഓര്‍മയിലുണ്ട്. മുസ്‌ലിം ഭടന്മാരുടെ സേവനമനോഭാവം ഉദാത്തം, ഉല്‍കൃഷ്ടം!''
Next Story

RELATED STORIES

Share it